ചൈനീസ് സഭ: വത്തിക്കാനും ഫ്രാൻസിസ് പാപ്പയ്ക്കും ഒരേ നിലപാടെന്ന് ഗ്രേഗ് ബെർക്ക്

0
222

വത്തിക്കാൻ: ചൈനയിലെ സഭയുടെ കാര്യത്തിൽ വത്തിക്കാനും ഫ്രാൻസിസ് പാപ്പയ്ക്കും ഒരേ നിലപാടാണെന്ന് വത്തിക്കാൻ മാധ്യമ കാര്യാലയ മേധാവി ഗ്രേഗ് ബെർക്ക്. ചൈനീസ് സഭയുമായി ബന്ധപ്പെട്ട വിഷയത്തിൽ വത്തിക്കാൻ ഉദ്യോഗസ്ഥരും ഫ്രാൻസിസ് പാപ്പയും വിഘടിച്ചു നില്ക്കുകയാണെന്ന വാർത്ത പ്രചരിച്ചതിനെ തുടർന്നാണ് ഗ്രെഗ് ബേർക്ക് അവയെ നിഷേധിച്ചുകൊണ്ട പ്രസ്താവന പുറത്തിറക്കിയത്.

വത്തിക്കാനും ചൈന റിപ്പബ്ലിക്കുമായുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഫ്രാൻസിസ് പാപ്പയും അദ്ദേഹത്തിൻറെ സഹപ്രവർത്തകരും കൈകോർത്താണ് പ്രവർത്തിക്കുന്നതെന്നും അതിനു വിരുദ്ധമായ വാർത്തകൾ വ്യാജവും കെട്ടിച്ചമയ്ക്കപ്പെട്ടതുമാണെന്ന് പ്രസ്താവനയിൽ ഗ്രേഗ് ബേർക്ക് വ്യക്തമാക്കി.ചൈനയിലെ ഹോങ് കോംങ് അതിരൂപതാദ്ധ്യക്ഷനായിരുന്ന കർദ്ദിനാൾ ജോസഫ് സെൻ മാധ്യമസുഹൃത്തുക്കൾക്ക് വ്യക്തിപരമായി എഴുതിയ കുറിപ്പാണ് ചൈനീസ് സഭാ വിഷയത്തിൽ പാപ്പയും വത്തിക്കാനിലെ ഉദ്യോഗസ്ഥരും ഭിന്നതയുണ്ടെന്ന തെറ്റിദ്ധാരണ പരത്തിയത്.

ഫ്രാൻസിസ് പാപ്പയെ കമ്യൂണിസ്റ്റ് അനുഭവിയായി ചിത്രീകരിച്ചാണ് കർദിനാൾ സെൻ മാധ്യമ പ്രവർത്തകർക്ക് കത്തെഴുതിയത്. എൺപത്തിയാറുകാരനായ കർദ്ദിനാൾ ജോസഫ് സെൻ സലീഷ്യൻ സഭാംഗമാണ്. ചൈനയിൽ വിശ്രമജീവിതം നയിക്കവെയാണ് അദ്ദേഹം ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വാർത്ത പ്രചരിപ്പിച്ചത്. കുറച്ചുമാസങ്ങൾക്കു മുൻപ് കർദ്ദിനാൾ സെൻ വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പയെ കണ്ടിരുന്നു.