ജനസംഖ്യ കുറയ്ക്കുന്നത് ദാരിദ്ര്യത്തിനുള്ള പരിഹാരമല്ല

0
659

ദാരിദ്ര്യം അകറ്റുന്നതിനായി ഭക്ഷണം കഴിക്കാനുള്ള വായ്കളുടെ എണ്ണം കുറയ്ക്കുക എന്നുള്ളത് ശരിയായ പരിഹാരമാർഗമല്ലെന്ന് ഫ്രാൻസിസ് മാർപാപ്പ. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ഉപഭോഗസംസ്‌കാരത്തിന്റെയും ധൂർത്തിന്റെയും പശ്ചാത്തലത്തിലാണ് ഇത് തെറ്റായ മാർഗമാണെന്ന് വ്യക്തമാകുന്നതെന്നും ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ സംഘടനയുടെ വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പാപ്പ വ്യക്തമാക്കി. ഈ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ മൂന്നിലൊന്ന് – ഏകദേശം 130 കോടി ടൺ – പാഴാക്കി കളയുകയാണ് ചെയ്യുന്നത്.

ജനസംഖ്യ കുറയ്ക്കുന്നതിലുപരിയായി പങ്കുവയ്ക്കലിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്നതിലൂടെ ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള പട്ടിണിക്ക് പരിഹാരം കണ്ടെത്താനാകുമെന്ന് പാപ്പ പറഞ്ഞു. അത്തരത്തിലുള്ള ശൈലി രൂപപ്പെടുത്തുക എന്നത് ഒരു വെല്ലുവിളിയാണ്.

പട്ടിണിമൂലവും യുദ്ധം മൂലവുമുള്ള മരണങ്ങൾ ഒരോ ദിവസവും വാർത്തയാകുമ്പോഴും ലോകം പുലർത്തുന്ന നിസംഗത അപകടരമായ സാഹചര്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ഒരോ മനുഷ്യവ്യക്തിക്കും ആത്മവിശ്വാസത്തോടെ ജീവിക്കാൻ അവസരമൊരുക്കുന്ന ഭാവികാലം യാഥാർത്ഥ്യമാക്കുന്നതിനായി ഇന്നുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തണം. ലോകജനതയുടെ വലിയൊരുഭാഗം പോഷകാഹാരക്കുറവിനും നിർബന്ധിത കുടിയിറക്കത്തിനും വിവിധ തരത്തിലുള്ള ചൂഷണത്തിനും ഇരയാകുന്ന സാഹചര്യത്തിന് മാറ്റമുണ്ടാക്കാൻ സാധിക്കുമെന്നും അത് എത്രയും പെെട്ടന്ന് സാധ്യമാക്കണമെന്നും പാപ്പ പറഞ്ഞു.

പലായനത്തിന് മനുഷ്യരെ നിർബന്ധിതരാക്കുന്ന പട്ടിണിയുടെ അടിസ്ഥാന കാരണങ്ങൾ സംഘർഷങ്ങളും കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണെന്ന് പല പഠനങ്ങളും ഉദ്ധരിച്ചുകൊണ്ട് പാപ്പ വ്യക്തമാക്കി. ഉപരിപ്ലവമായ പരിഹാരങ്ങൾ തേടാതെ അടിസ്ഥാന കാരണങ്ങൾക്ക് പരിഹാരം കണ്ടെത്തണം. ശാസ്ത്രത്തിന്റെ സഹായത്തോടെ ഈ പ്രശ്‌നത്തെ അന്താരാഷ്ട്ര സമൂഹം കൈകാര്യം ചെയ്യണമെന്നും പാപ്പ പറഞ്ഞു.

പട്ടിണിയിൽനിന്നും സംഘർഷത്തിൽ നിന്നും രക്ഷപെടാൻ എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യുന്നവരെ സാമ്പത്തികമോ ഭൗതികമോ നിയമപരമോ ആശയപരമോ ആയ മതിലുകൾ കൊണ്ട് തടഞ്ഞുനിർത്താനാവില്ല. സ്‌നേഹവും വിവേകവും ഉൾച്ചേർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് വിധേയമായി അഭയാർത്ഥികളുടെ യാത്രകൾ ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യാൻ സാധിക്കുമെന്നും അങ്ങനെ ചെയ്യണമെന്നും പാപ്പ പറഞ്ഞു.

പട്ടിണിക്കും സംഘർഷത്തിനും എതിരായുള്ള ഇന്നത്തെ പദ്ധതികൾ അഭിനന്ദനാർഹമാണെങ്കിലും അവ ദാരിദ്ര്യം നിർമാർജ്ജനം ചെയ്യുവാൻ പര്യാപ്തമല്ല. ദാരിദ്ര്യത്തിന്റെ ഫലമായി സമൂഹങ്ങൾ അനുഭവിക്കുന്ന വേദനകൾക്കെതിരെ പടപൊരുതാൻ പുതിയ സാമ്പത്തിക പദ്ധതികൾക്ക് രൂപം നൽകണമെന്നും പാപ്പ ആഹ്വാനം ചെയ്തു.