ജനുവരി പതിനാലിന് ആഗോളകുടിയേറ്റ ദിനം

0
159

വത്തിക്കാൻ സിറ്റി: ജനുവരി 14 ന് തിരുസഭ ആഗോളകുടിയേറ്റ ദിനമായി ആചരിക്കും. ”കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും സ്വീകരിക്കാം, സംരക്ഷിക്കാം, സഹായിക്കാം, പുനരധിവസിപ്പിക്കാം” എന്ന ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനത്തെ ആസ്പദമാക്കിയാണ് 104ാമത് ആഗോളകുടിയേറ്റ ദിനം സംഘടിപ്പിച്ചിരിക്കുന്നത്. ഫ്രാൻസിസ് പാപ്പ അധ്യക്ഷനായ കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും കാര്യാലയമാണ് ആഗോള കുടിയേറ്റ ദിനം പ്രഖ്യാപിച്ചത്.

“പരദേശികളെ സ്വദേശികളെപ്പോലെ നിങ്ങളുടെ നാട്ടിൽ സ്വീകരിക്കുകയും നിങ്ങളെപ്പോലെ അവരെ സ്‌നേഹിക്കുകയും ചെയ്യണം. കാരണം നിങ്ങളും പരദേശികളായിരിക്കുകയും അലഞ്ഞുതിരിയുകയും ചെയ്തിട്ടുണ്ട്”. പാപ്പ കുടിയേറ്റ സന്ദേശത്തിൽ പറയുന്നു. ദാരിദ്ര്യം, ആഭ്യന്തരകലാപം, പ്രകൃതിക്ഷോഭം, പീഡനങ്ങൾ, യുദ്ധം എന്നിവ മൂലം നാടും വീടും വിട്ട് പലായനം ചെയ്യേണ്ടിവരുന്ന കുടിയേറ്റക്കാരടേയും അഭയാർത്ഥികളുടേയും ശോചനീയാവസ്ഥ തന്നെ ആശങ്കപ്പെടുത്തുന്നതായും പാപ്പ സന്ദേശത്തിൽ വ്യക്തമാക്കി.

സഭാശുശ്രൂഷയുടെ തുടക്കം മുതൽ അവരെപ്പറ്റി താൻ പറഞ്ഞിട്ടുണ്ട്. അഭയം തേടുന്നവർ നമ്മുടെ വാതിലിൽ മുട്ടുമ്പോൾ യേശുവുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള അവസരമായി അതിനെ നാം കാണണം. അങ്ങനെ കുടിയേറ്റത്തിന്റെയും അഭയാർത്ഥി നീക്കങ്ങളുടെയും ക്ലേശകരമായ സന്ദർഭങ്ങളിൽ അവരെ സ്വീകരിക്കുകയും, സംരക്ഷിക്കുകയും, സഹായിക്കുകയും, പുനരധിവസിപ്പിക്കുകയും വേണം. പാപ്പ വ്യക്തമാക്കി.