ജപമാലയുടെ അനുഭവം

0
1173

ജപമാല എന്തെന്നും അതും കൃത്യമായി ദിവസവും ചൊല്ലേണ്ട പ്രാധാന്യം എന്തെന്നും എന്നെ പഠിപ്പിച്ചത് അമ്മയാണ്. കുഞ്ഞുന്നാൾ മുതൽ സന്ധ്യയായാൽ അമ്മ ജപമാല ചൊല്ലുവാനാണ് എല്ലാവരെയും വിളിക്കുന്നത്. ഞങ്ങൾ അഞ്ചുമക്കളും അമ്മയോടൊപ്പം മുട്ടുകുത്തിയാണ് ജപമാല ചൊല്ലുന്നത്. അപ്പനുമാത്രം ഇരിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്. ആരെങ്കിലും വേണ്ടത്ര ഗൗരവത്തോടെ ചൊല്ലാതെ കുസൃതിത്തരം കാണിച്ചാൽ അപ്പൻ താക്കീതു നൽകും. പ്രാർത്ഥനയ്ക്കുശേഷം എല്ലാ മക്കളും അപ്പനും അമ്മയ്ക്കും സ്തുതി കൊടുത്തിട്ടാണ് പിരിയുന്നത്.

വളർന്നു വലുതായി ഡോക്ടറായി എറണാകുളത്ത് താമസമായതിനുശേഷവും എന്റെ ബാല്യകാലത്തെ പതിവ് ഞാൻ തുടരുന്നു. ഭാര്യ ഡോ. ശുഭയാണ് ജപമാലയ്ക്ക് നേതൃത്വം നൽകുന്നത്. മക്കളും ഞാനും അനുസരണയോടെ അതേറ്റുചൊല്ലിക്കൊണ്ടിരിക്കും. ഇപ്പോൾ മക്കളുടെ രണ്ടുപേരുടെയും വിവാഹം കഴിഞ്ഞു. മൂത്തമകൾ ആൻമേരി അമേരിക്കയിലാണ്. അവളും കുടുംബവും കൃത്യമായി ജപമാലയും സന്ധ്യാപ്രാർത്ഥനകളും ചൊല്ലുന്നു. ഇളയമകൾ എലിസ്‌മേരി ഭർത്താവിനോടൊപ്പം ബംഗളൂരുവിലാണ്. അവളും കുടുംബവും ജപമാല പാളിച്ചകൂടാതെ മുന്നോട്ടു കൊണ്ടുപോകുന്നു. ഇപ്പോൾ ഞാനും ഭാര്യയും പാലാരിവട്ടത്ത് താമസിക്കുന്നു. ആശുപത്രിയിലെ ഭാരിച്ച ജോലിക്കുശേഷം വീട്ടിൽവന്ന് അല്പമെന്തെങ്കിലും കഴിച്ചശേഷം പ്രാർത്ഥന ആരംഭിക്കും. ജപമാല കുടുംബത്തിന്റെ നട്ടെല്ലാണ്. കുടുംബാംഗങ്ങളെ ഒന്നിച്ചുനിർത്തുന്നതും കൂട്ടായ്മയോടെ ചൊല്ലേണ്ടതുമാണ് ജപമാല. എന്റെ ജീവിതത്തിലെ ശക്തമായ ആശ്രയം ജപമാലയാണ്. ഞാൻ കഴുത്തിൽ എപ്പോഴും ധരിച്ചുകൊണ്ടു നടക്കുന്നതും കൊന്തയാണ്. ജപമണികളെ തുടർച്ചയായി ധ്യാനക്കുന്നവരുടെ ജീവിതം അത്ഭുതകരമായി മാതാവ് പരിപാലിക്കുമെന്ന് തീർച്ച.

ഡോ. ജോർജ് തയ്യിൽ