ജീവന്റെ രക്ഷയ്ക്ക്  ’40 ദിനങ്ങൾ’

449
സ്‌കോട്ട്‌ലൻഡ്: എന്തും ചെയ്യാൻ മടിയില്ലാത്ത ഗർഭച്ഛിദ്ര ലോബിയുടെ സർവവിധ പിന്തുണയുള്ള ഗർഭച്ഛിദ്ര ക്ലിനിക്കുകളെ നേരിടാൻ പ്രോ ലൈഫ് സന്ദേശങ്ങൾ രേഖപ്പെടുത്തിയ പ്ലക്കാർഡും ജപമാലയും പിടിച്ച ഒരു ചെറുകൂട്ടം. പലരും കൗതുകക്കാഴ്ചയായി മാത്രം കാണുന്ന വ്യത്യസ്ഥമായ ഈ സമര രീതിയുടെ ഗുണഫലങ്ങൾ അനുഭവിച്ച് തുടങ്ങിയതിന്റെ ആവേശത്തിലാണ് യു.കെയിലെ പ്രോ ലൈഫ് പ്രവർത്തകർ.
വലിയനോമ്പിനോട് അനുബന്ധിച്ച് അന്താരാഷ്ട്ര പ്രോ ലൈഫ് സംഘടനയായ ’40 ഡേയ്‌സ് ഫോർലൈഫിന്റെ’ ആഭിമുഖ്യത്തിൽ ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്കു മുന്നിൽ ആരംഭിച്ച വിജിൽ സ്‌കോട്ട്‌ലൻഡിൽ വലിയ ഫലങ്ങൾ സമ്മാനിക്കുന്നുവെന്ന് റിപ്പോർട്ട്.ഇതുവരെ
265 ജീവൻ രക്ഷിക്കാൻ സാധിച്ചു എന്നാണ് കണക്കുകൾ.
വിഭൂതി ബുധനിൽ തുടങ്ങി ഓശാന ഞായറിൽ സമാപിക്കുംവിധത്തിൽ 40 ദിനം നീളുന്ന ഈ പ്രോ ലൈഫ് വിജിൽ ദിവസവും രാവിലെ 8.00മുതൽ രാത്രി 8.00വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് ലോകത്തിലെ 25ൽപ്പരം രാജ്യങ്ങളിൽ സജീവമായ ’40 ഡേയ്‌സ് ഓഫ് ലൈഫ്’ എന്ന അന്താരാഷ്ട്ര ജീവസംരക്ഷണ സംഘടനയുടെ നേതൃത്വത്തിലാണ് വ്യത്യസ്ഥമായ ഈ ‘പ്രാർത്ഥനാസമരം’. ഈ വലിയ നോമ്പിൽ 25 രാജ്യങ്ങളിലെ 340 കേന്ദ്രങ്ങളിൽ 40 ദിനം നീളുന്ന ഈ സമരം നടക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് സ്‌കോട്ട് ലൻഡിലെ വിജിൽ.
യു.കെയിൽ പ്രോ ലൈഫ് വിജിൽ നടക്കുന്ന നാലുകേന്ദ്രങ്ങളിലും ലഭിച്ചുകൊണ്ടിരിക്കുന്ന ജനപിന്തുണ സംഘാടകർക്ക് കൂടുതൽ ആവേശവും പ്രതീക്ഷയും പകരുന്നതാണ്. എഡിൻബർഗ് റോയൽ ഇൻഫോർമറിക്കു മുമ്പിൽ ആരംഭിച്ച വിജിലിൽ എഡിൻബർഗ് സെന്റ് ആൻഡ്രൂസ് രൂപതാ ആർച്ച്ബിഷപ്പ് ലിയോ കുഷ്‌ലി നടത്തിയ സന്ദർശനവും പ്രാർത്ഥനയും വലിയ ഉണർവാണ് സംഘാടകരിൽ സൃഷ്ടിച്ചത്.
ഈ സന്ദർശനം ഒട്ടേറെ പൊതുജനശ്രദ്ധ പിടിച്ചുപറ്റി. ഗർഭച്ഛിദ്രത്തിന് എതിരെയുള്ള സന്ദേശം പൊതുസമൂഹത്തിൽ എത്തിക്കാൻ ഇത് സഹായിക്കുമെന്ന് എഡിൻബർഗ് പ്രോ ലൈഫ് വിജിൽ കോർഡിനേറ്റർ പാട്രിയാ പറഞ്ഞു. എഡിൻബർഗിലെ സീറോ മലബാർ സമൂഹം ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പിള്ളിയുടെ നേതൃത്വത്തിൽ നടത്തിയ സന്ദർശനവും ശ്രദ്ധേയമായി.
‘എഡിൻബർഗിൽ ഒരു അന്താരാഷ്ട്ര പ്രാതിനിധ്യമുള്ള വിജിലാണ് നടക്കുന്നത്. സ്‌കോട്‌ലൻഡ്, ഇംഗ്ലണ്ട്, പോളണ്ട്, ഇറ്റലി, ഫ്രാൻസ്, അമേരിക്ക, ഹംഗറി, അർജന്റീന, നൈജീരിയ, ഇന്ത്യ, ശ്രീലങ്ക എന്നിവ ഉൾപ്പെടെ 11 രാജ്യങ്ങളുടെ പ്രാതിനിധ്യം ഇവിടെയുണ്ട്,’ സംഘാടകൻ പോൾ ആട്കിൻ വ്യക്തമാക്കി.
ഗർഭച്ഛിദ്രത്തിന് യു.കെയിൽ നിയമസാധുത നൽകിയതിന്റെ 50-ാം വർഷത്തിലേക്ക് കടക്കുമ്പോൾ ഇതുവരെ നടന്ന ഗർഭച്ഛിദ്രത്തിന്റെ കണക്കുകൾ ആരെയും ഞെട്ടിക്കുന്നതാണ്. എട്ട് മില്യൺ ഗർഭസ്ഥ ശിശുക്കളെയാണ് നാളിതുവരെ കൊന്നൊടുക്കിയത് ഓരോ ദിവസവും 552 ഗർഭസ്ഥ ശിശുക്കൾ! ചുരുക്കിപ്പറഞ്ഞാൽ, ശരാശരി കണക്കിൽ ബ്രിട്ടനിലെ രണ്ടു പ്രൈമറി സ്‌കൂളുകളിലെ കുരുന്നുകളെ തുടച്ചുമാറ്റുന്ന അവസ്ഥ. ഗർഭച്ഛിദ്ര നിയമങ്ങളിലെ നിബന്ധനകൾക്ക് കൂടുതൽ ഇളവുകൾ ലഭ്യമാക്കാൻ അവതരിപ്പിച്ച ബിൽ ഞെട്ടലോടെയാണ് ജീവനെ ആദരിക്കുന്ന സമൂഹങ്ങൾ ഉറ്റുനോക്കുന്നത്.
ബിജു നീണ്ടൂർ