ജീവിതം ശാശ്വതമോ നശ്വരമോ അല്ല: ഫ്രാൻസിസ് പാപ്പ

0
195

വത്തിക്കാൻ: ശാശ്വതമോ നശ്വരമോ അല്ല മനുഷ്യരുടെ ജീവിതമെന്നും മറിച്ച് ആരംഭത്തിനും അവസാനത്തിനുമിടയിലുള്ള ഏതാനും നാളുകളിലെ യാത്രയാണതെന്നും ഫ്രാൻസിസ് പാപ്പ. വ്യാഴാഴ്ച വിശുദ്ധ കുർബാന മധ്യേ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. “മരണം പിന്തുടർച്ചയുള്ള യാഥാർത്ഥ്യമാണ്. അത് ഓർമ്മയുമാണ്.
ജീവിതകാലം നാമെവിടെയും തളച്ചിടപ്പെടരുത്” ;പാപ്പ പറഞ്ഞു.

“നാം സമയത്തിന്റെ അധികാരിയല്ലെന്ന ബോധ്യം എപ്പോഴും ഉണ്ടാകണം. കാരണം എപ്പോഴും മാറുന്നതാണ് സമയം. സമയത്തെക്കുറിച്ച് പൂർണ്ണമായ ബോധ്യം ലഭിക്കുന്നതിനായി സദാ പ്രാർത്ഥിക്കണം. അപ്പോൾ ഒന്നിലും മനസ് കുടുങ്ങി കിടക്കില്ല. എന്റേതൊരു യാത്രയാണെന്ന് ചിന്തിച്ചുകൊണ്ട് യാത്രയുടെ ലക്ഷ്യം കേന്ദ്രീകരിച്ച് വേണം നീങ്ങാൻ. കാരണം മരണം ഒരു പൈതൃകമാണ്. അതിനാൽ എല്ലാവരും ഈ നിമിഷം ദൈവം വിളിച്ചാൽ എന്താണ് ഞാനീ ഭൂമിയിൽ അവശേഷിപ്പിക്കുകയെന്നും എന്താണ് എനിക്ക് ഈ ലോകത്തിനായി നൽകാനുള്ളതെന്നും സ്വയം ചോദിക്കണം. അങ്ങനെ നമുക്ക് സ്വയം ഒരുങ്ങാനും സാധിക്കും”;പാപ്പ പറഞ്ഞു.

“മരണം എല്ലാവർക്കുമുള്ളതാണ്. ചിലരുടെ ജീവിതത്തിൽ അത് നേരത്തെയും ചിലരുടെ ജീവിതത്തിൽ അത് വൈകിയും സംഭവിക്കുമെന്ന് മാത്രം. ഒരു പ്രത്യേക ദിവസം അവസാനിപ്പിക്കേണ്ട യാത്രയിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന ചിന്ത അപരനായും ജീവിതത്തിലെ വിലയേറിയ സമയം ചെലവഴിക്കാൻ നമ്മെ പ്രേരിപ്പിക്കും. മരണത്തെ മുന്നിൽ കണ്ടുകൊണ്ടെടുക്കുന്ന തീരുമാനങ്ങൾക്കും ജീവിതത്തിൽ വലിയ വിലയുണ്ടാകും”; പാപ്പ പറഞ്ഞു.