ജീവിതസാക്ഷ്യത്തിലൂടെയും കൂട്ടായ പ്രവർത്തനത്തിലൂടെയും സുസ്ഥിര വികസനം സാധ്യമാക്കണം

0
291

കോട്ടയം: ജീവിതസാക്ഷ്യത്തിലൂടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയും സുസ്ഥിര വികസനം സാധ്യമാക്കാൻ സാമൂഹ്യ ശുശ്രൂഷകർ മുൻഗണന നൽകണമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി സെക്രട്ടറി ജനറലും കോട്ടയം അതിരൂപതാധ്യക്ഷനുമായ ആർച്ചുബിഷപ് മാർ മാത്യു മൂലക്കാട്ട്.
കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെസിബിസി ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്‌മെന്റ് കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള കേരള സോഷ്യൽ സർവീസ് ഫോറം അടിച്ചിറ ആമോസ് സെന്ററിൽ സംഘടിപ്പിച്ച കേരളത്തിലെ 32 രൂപതകളിലെ സാമൂഹ്യ ശുശ്രൂഷകരുടെ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാർ മൂലക്കാട്ട്.
സ്‌നേഹവും സാഹോദര്യവും പുലരുന്ന സമൂഹം വളർത്തിയെടുക്കാൻ സദാ പരിശ്രമിക്കുക എന്നതായിരിക്കണം സാമൂഹ്യശുശ്രൂഷകരുടെ വികസനദർശനമെന്ന് മാർ മൂലക്കാട്ട് ഓർമിപ്പിച്ചു.
ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്‌മെന്റ് കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ് തോമസ് മാർ കൂറിലോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സുതാര്യവും പങ്കാളിത്താധിഷ്ഠിതവുമായ സമീപനത്തിലൂടെ സുവിശേഷത്തിന് സാക്ഷ്യം വഹിക്കാനും സമൂഹത്തിൽ കാലഘട്ടം ആവശ്യപ്പെടുന്ന വികസന സ്വപ്‌നങ്ങൾക്ക് നേതൃത്വം വഹിക്കാനും സാമൂഹ്യ ശുശ്രൂഷകർക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. കേരള സോഷ്യൽ സർവീസ് ഫോറം പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിന്റെ പ്രകാശന കർമം സീറോ മലബാർ സോഷ്യൽ അപ്പസ്‌തോലേറ്റ് നാഷണൽ കോ-ഓർഡിനേറ്റർ മോൺ. മൈക്കിൾ വെട്ടിക്കാട്ട് നിർവഹിച്ചു. കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലി മുഖ്യപ്രഭാഷണം നടത്തി.
സാമൂഹ്യപ്രവർത്തനങ്ങളിലെ മികവിന് കേരള സോഷ്യൽ സർവീസ് ഫോറം ഏർപ്പെടുത്തിയിട്ടുള്ള ബനഡിക്ട് മാർ ഗ്രിഗോറിയോസ് അവാർഡ് എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയ്ക്കു സമ്മാനിച്ചു. ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസിൽനിന്ന് സഹൃദയ ഡയറക്ടർ ഫാ.പോൾ ചെറുപിള്ളിയും ടീം അംഗങ്ങളും അവാർഡ് ഏറ്റുവാങ്ങി. ധാരിൻ 2018 ന്റെ പ്രകാശനം ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷൻ ജോയിന്റ് സെക്രട്ടറി ഫാ. തോമസ് തറയിൽ നിർവഹിച്ചു.
മൈനോരിറ്റി കോർപ്പറേഷൻ ഡയറക്ടർ പ്രഫ. മോനമ്മ കൊക്കാട്, പരിസ്ഥിതി വിദഗ്ധൻ വി.ആർ. ഹരിദാസ് എന്നിവർ ക്ലാസുകൾ നയിച്ചു. സോഷ്യൽ സർവീസ് ഫോറം മുൻ ഡയറക്ടർ ഫാ. റൊമാൻസ് ആന്റണി പ്രസംഗിച്ചു. വിവിധ സോഷ്യൽ സർവീസ് സൊസൈറ്റികൾ പുറത്തിറക്കിയ വാർഷിക റിപ്പോർട്ടുകളിൽ മികച്ച റിപ്പോർട്ടിനുള്ള പുരസ്‌കാരം വിതരണം ചെയ്തു. കേരള സോഷ്യൽ സർവീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോർജ് വെട്ടിക്കാട്ടിൽ, സിസ്റ്റർ ജെസ്സീന എസ്.ആർ.എ, കെ.എസ്.എസ്.എഫ് ടീം ലീഡർ ജോബി മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.