ജോൺപോൾ ഒന്നാമൻ പാപ്പ ധന്യനാകും

0
529

വത്തിക്കാൻ: പുഞ്ചിരിക്കുന്ന പാപ്പ എന്നറിയപ്പെടുന്ന ജോൺ പോൾ ഒന്നാമൻ ധന്യപദവിയിലേക്ക്. നാമകരണ തിരുസംഘം അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതിനെ തുടർന്ന് ഫ്രാൻസിസ് പാപ്പ ജോൺ പോൾ ഒന്നാമൻ പാപ്പയെ ധന്യനാക്കി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവിൽ ഉടൻ ഒപ്പുവെയ്ക്കും. പോൾ ആറാമൻ പാപ്പയുടെ മരണശേഷം 1978 ലാണ് കർദിനാളായ ആൽബിനോ ലുച്ചിയാനി ജോൺ പോൾ ഒന്നാമൻ എന്ന പേര് സ്വീകരിച്ച് കത്തോലിക്ക സഭയുടെ തലവനായി തെരഞ്ഞെടുക്കപ്പെടുന്നത്.

1912 ഒക്ടോബർ 17നു ഇറ്റലിയിലെ ഫൊർണോ ഡി കനാലെയിലാണ് ആൽബിനോ ലൂച്ചിയാനി ജനിച്ചത്. കടുത്ത ദാരിദ്യത്തിൽ ജീവിച്ച അദ്ദേഹം തന്റെ പതിനൊന്നാം വയസിൽ 1923 ൽ ഫെൽട്രിയിലെ മൈനർ സെമിനാരിയിൽ ചേർന്നു. അഞ്ചുവർഷത്തെ മൈനർ സെമിനാരിയിലെ പരിശീലനത്തിന് ശേഷം 1928 ൽ ബെല്ലുനോയിലെ ഗ്രിഗോറിയൻ സെമിനാരിയിലായിരുന്നു അദ്ദേഹത്തിന്റെ വൈദിക പരിശീലനം.

1935 ജൂലൈ ഏഴിന് വൈദികനായി അഭിഷിക്തനായ അദ്ദേഹം കുറച്ച് നാളത്തെ ഇടവകാസേവനത്തിന് ശേഷം അഗോർഡോയിലെ ഒരു സാങ്കേതികവിദ്യാഭ്യാസസ്ഥാപനത്തിന്റെ റിലിജിയൺ ഇൻസ്ട്രക്ടറായി നിയമിതനായി. 1937 ൽ ബെല്ലുനോ സെമിനാരിയിൽ വൈസ്‌റെക്ടറായി നിയമിതനായ അദ്ദേഹം പത്ത് വർഷം ആ സെമിനാരിയിൽ പരിശീലകനായി സേവനമനുഷ്ഠിക്കുകയും ദൈവശാസ്ത്രത്തിലുള്ള തന്റെ പഠനം തുടരുകയും ചെയ്തു. തുടർന്ന് 1947 ൽ അദ്ദേഹം റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് ഡിഗ്രി നേടി.

ആ വർഷം തന്നെ തന്റെ 36ാം വയസിൽ ബെല്ലുനോ രൂപതയിലെ ചാൻസലറായി നിയമിതനായ അദ്ദേഹത്തിന് മോൺസഞ്ഞ്യോർ പദവി നൽകപ്പെട്ടു. തുടർന്ന് രൂപതയിലെ ബിഷപ്പുമാരുടെ സിനഡിന്റെ സെക്രട്ടറിയായി അദ്ദേഹം സേവനം ചെയ്തു. 1948 ൽ ബെല്ലുനോ രൂപതയിലെ പ്രോ വികാരി ജനറലായും മതബോധനകാര്യാലയത്തിന്റെ ഡയറക്ടറായും അദ്ദേഹം നിയമിതനായി. 1954 ൽ ബെല്ലുനോ വികാരി ജനറലായി നിയമിതനായ അദ്ദേഹത്തെ 1958 ൽ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ വിട്ടോറിയോ വെനറ്റോ രൂപതയുടെ ബിഷപ്പായി നിയമിച്ചു. ജോൺ 23 മൻ പാപ്പ തന്നെയാണ് സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ അദ്ദേഹത്തിന്റെ മെത്രാഭിഷേകം നിർവ്വഹിച്ചതും.

1969 ൽ പോൾ ആറാമൻ പാപ്പ വെനീസിലെ പാത്രിയാർക്കീസായി അദ്ദേഹത്തെ നിയമിച്ചു. തുടർന്ന് 1973 ൽ പോൾ ആറാമൻ ആൽബിനോ ലുച്ചിയാനിയെ കർദിനാളായി അഭിഷേകം ചെയ്തു. പോൾ ആറാമന്റെ മരണശേഷം 1978 ൽ സമ്മേളിച്ച കോൺക്ലേവാണ് ആൽബിനോ ലുച്ചിയെ പത്രോസിന്റെ പിൻഗാമിയായി തെരഞ്ഞെടുത്തത്. തന്റെ മുൻഗാമികളായ ജോൺ ഇരുപത്തിമൂന്നാമനോടും പോൾ ആറാമനോടുമുള്ള ബഹുമാന സൂചകമായാണ് ആൽബിനോ ലൂച്ചിയാനി, ജോൺപോൾ ഒന്നാമൻ എന്ന പേര് സ്വീകരിച്ചത്. തുടർന്ന് 33 ദിവസങ്ങൾക്കു ശേഷം 1978 സെപ്റ്റംബർ 28-ന് ഹൃദയസ്തംഭനത്തെ തുടർന്ന് അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെടുകയായിരുന്നു.