ജോൺസ്റ്റി അച്ചൻ രജതജൂബിലിയിലേക്ക്; ആശംസകളുമായി കൊപ്പേൽ ഇടവകജനം

0
1623

ടെക്‌സസ്: പൗരോഹിത്യത്തിന്റെ രജത ജൂബിലിയിലേക്ക് പ്രവേശിച്ച ഫാ. ജോസ്റ്റി തച്ചാറക്ക് ഇടവകയുടെയും സിസിഡി മതാധ്യാപകരുടെയും അനുമോദനം. ഡിസംബർ 29ന് പൗരോഹിത്യ സേവന പാതയിൽ ഇരുപത്തിയഞ്ചാം വർഷത്തിലേക്കു കടന്ന ഫാ. ജോസ്റ്റി തച്ചാറയെ സെന്റ് അൽഫോൻസാ ദേവാലയത്തിലെ മതാധ്യാപകരുടെ കൂട്ടായ്മയാണ് അനുമോദന സമ്മേളനം ഒരുക്കിയത്. ക്രിസ്മസ് തലേന്ന് നടന്ന ഫാമിലിഡേ ആഘോഷത്തിൽ ട്രസ്ടി ഫ്രാങ്കോ ഡേവിസ്, ഇടവകയുടെ പ്രത്യേക അനുമോദനവും നൽകി.

ചേർത്തല പട്ടണക്കാട് കാവിൽ ഇടവകയിൽ തച്ചാറ കുടുംബത്തിൽ തോമസ്, ത്രേസിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. കോട്ടയം വടവാതൂർ സെമിനാരിയിൽ നിന്ന് വൈദിക പഠനം പൂർത്തിയാക്കിയ അദ്ദേഹം 1994 ഡിസംബർ 29ന് ബിഷപ്പ് മാർ. ജേക്കബ് മനത്തോടത്ത് പിതാവിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.

തുടർന്ന് മുരിങ്ങൂർ സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ അസിസ്റ്റന്റ് വികാരിയായി ശുശ്രൂഷ ആരംഭിച്ചു. പിന്നീട് 2009വരെ കേരളത്തിലെ വിവധ ദൈവലായങ്ങളിൽ സേവനമനുഷ്ടിച്ചു. മാസ് മീഡിയയിൽ ബിരുദമുള്ള ഫാ. തച്ചാറ ഏഴ് വർഷത്തോളം എറണാകുളം-അങ്കമാലി രൂപതയുടെ ‘പിൽഗ്രിംസ്’ കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്റായും സേവനം ചെയ്തു. ഈ കാലയളവിൽ രൂപതക്കുവേണ്ടി രചനയും, സംഗീതവും, സംവിധാനവും നൽകി ഒരുക്കിയ യേശുവിന്റെ കുരിശിന്റെ വഴിയുടെ ആവിഷ്‌കാരമായ ‘കാൽവരിയാഗം’ ഏറെ പ്രസിദ്ധമാണ്. കൂടാതെ നിരവധി കലാസൃഷ്‌കൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ചിട്ടുണ്ട്.

2009ൽ മീഡിയ ആന്റ് മാസ്സ് കമ്മ്യൂണിക്കേഷൻ ഉപരിപഠനത്തിനായി ഫാ. ജോസ്റ്റി തച്ചാറ അമേരിക്കയിലെത്തി. രൂപതാ കേന്ദ്രത്തിലെ ഏഴ് മാസത്തെ സേവനത്തിനുശേഷം 2009മുതൽ 2012വരെ ഒഹായോ, കൊളംബസ് സെന്റ് മേരീസ് സീറോ മലബാർ മിഷനിലും, ക്ളീവ്ലാൻഡ് സേക്രട്ട് ഹാർട്ട് മിഷനിലും ഡയറക്ടറായി ചുമതല വഹിച്ചു. 2012 മുതൽ ടെക്‌സസിലെ കൊപ്പേൽ സെന്റ് അൽഫോൻസ ഇടവകയിൽ വികാരിയായി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം.

ഫാ. തച്ചാറയുടെ മാസ് മീഡിയാ വൈദഗ്ധ്യം ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെയുള്ള സുവിശേഷവൽക്കരണത്തിനു പുതിയ മാനം നൽകി. ഇടവകയിലെ കലാപ്രതിഭകളെ ഉപയോഗിച്ചു നിരവധി സ്റ്റേജ് പ്രോഗ്രാമുകൾ ആത്മീയ നവീകരണത്തിനായി ഒരുക്കി. മാഗ്നിഫിക്കാത്ത് (കന്യാമറിയസ്‌തോത്രം), ആഞ്ഞൂസ് ദേയ് (ദൈവത്തിനെ കുഞ്ഞാട്), ചങ്ങലകളിൽ നിന്നു ചിറകകുകളിലേക്ക് തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രസിദ്ധമായ ചില സൃഷ്ടികളാണ്.

പൗരോഹിത്യം ദൈവവിളിയാണ്. ദിവ്യബലിയിൽ പങ്കാളികയാകുന്നതിനൊപ്പം ബലി സ്വജീവിതത്തിലും ഏറ്റെടുക്കണം. പൗരോഹിത്യം ഒരു നേട്ടമല്ല മറിച്ചു ദൈവത്തിന്റെ കാരുണ്യമാണെന്നും ദൈവജനത്തെ വിശുദ്ധിയിലേക്ക് അടുപ്പിക്കുന്ന സേവനമാണെന്നും ഫാ. ജോസ്റ്റി നന്ദി പ്രസംഗത്തിൽ പറഞ്ഞു.