ജ്ഞാനസ്‌നാന ദിനത്തിന്റെ ഓർമ്മയാചരിക്കണം: ഫ്രാൻസിസ് പാപ്പ

0
255

വത്തിക്കാൻ സിറ്റി: എല്ലാവരും സ്വന്തം ജ്ഞാനസ്‌നാന ദിനത്തിന്റെ ഓർമ്മയാചരിക്കണമെന്ന് ഫ്രാൻസിസ് പാപ്പ. വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിൽ ദിവ്യബലിമദ്ധ്യേ കുഞ്ഞുങ്ങൾക്ക് ജ്ഞാനസ്‌നാനം നൽകുകയായിരുന്നു അദ്ദേഹം. 18 പെൺകുഞ്ഞുങ്ങളും 16 ആൺകുഞ്ഞുങ്ങളുമുൾപ്പടെ മുപ്പത്തിനാല് കുഞ്ഞുങ്ങൾക്കാണ് പാപ്പ ജ്ഞാനസ്‌നാനം നൽകിയത്. വത്തിക്കാനിലെ ജോലിക്കാരുടെ മക്കളായിരുന്നു ജ്ഞാനസ്‌നാനാർത്ഥികളിൽ കൂടുതൽ.

“ഈശോയുടെ ജ്ഞാനസ്‌നാനത്തിന്റെ ഓർമ്മയാചരണത്തോടുകൂടി ക്രിസ്മസ് കാലം അവസാനിക്കുകയാണ്. ഇനിമുതൽ നമ്മുടെ ഓരോരുത്തരുടെയും ജ്ഞാനസ്‌നാന ദിനത്തെക്കുറിച്ച് നാം ചിന്തിക്കണം. സത്യത്തിലേയ്ക്ക് തന്റെ മക്കളുടെ ഹൃദയങ്ങളെ ദൈവം തുറന്ന ആ നല്ല ദിനം കണ്ടെത്തുകയും ഹൃദയത്തിൽ സൂക്ഷിക്കുകയും ഓരോ വർഷവും ആചരിക്കുകയും ചെയ്യണം”. പാപ്പ പറഞ്ഞു.

“വിനയത്തിന്റെയും മനുഷ്യപ്രകൃതിയുടെയും ആവിഷ്‌കാരമായിരുന്നു യേശുവിന്റെ ജോർദ്ദാനിലെ ജ്ഞാനസ്‌നാനം. പരിശുദ്ധാത്മാവിന്റെ ശക്തി മൂലമാണ് യേശുവിന് അതിന് കഴിഞ്ഞത്. ആ പരിശുദ്ധാത്മാവിനെയാണ് നമുക്കും ജ്ഞാനസ്‌നാന വേളയിൽ ദൈവം തരുന്നത്. ദൈവകരുണ വെളിപ്പെടുത്തി തരുന്നതും ദൈവസ്വരം നമ്മിലെത്തിക്കുന്നതും ഇതേ പരിശുദ്ധാത്മാവാണ്. അതിനാൽ തന്നെ യേശുവിന്റെ ജ്ഞാനസ്‌നാന അനുസ്മരണ ദിനം ഓരോ ക്രൈസ്തവനോടും സ്വന്തം മാമ്മോദീസാ ദിനം കണ്ടെത്തി ആചരിക്കാൻ ആവശ്യപ്പെടുന്നു. കാരണം ആ ദിനം മറക്കുക എന്നാൽ ദൈവം നമുക്ക് ചെയ്ത അനുഗ്രഹങ്ങളെ മുഴുവൻ അവഗണിക്കുക എന്നാണ്”. പാപ്പ പറഞ്ഞു

“വിശ്വാസം പകരേണ്ടത് സ്‌നേഹത്തിന്റെ ഭാഷയിലാണ്. മാതാപിതാക്കൾ സ്നേഹത്തിന്റെ ഭാഷ സംസാരിച്ചില്ലെങ്കിൽ വിശ്വാസം കർന്നുനൽകപ്പെടില്ല. ജ്ഞാനസ്‌നാന കർമ്മത്തിനിടെ കുഞ്ഞുങ്ങൾ കരയുന്നുന്നത് അവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടിട്ടാകാം, അല്ലെങ്കിൽ ചൂടുളളതുകൊണ്ടാകാം. അല്ലെങ്കിൽ വിശന്നിട്ടാകാം. കുഞ്ഞിനു വിശക്കുന്നെങ്കിൽ മുലപ്പാൽ നൽകണം. അതും സ്നേഹത്തിന്റെ ഭാഷയാണ്. പാപ്പ പറഞ്ഞു”.

തന്റെ ജ്ഞാനസ്‌നാനത്തെ കുറിച്ചുള്ള ചിന്ത അദ്ദേഹം ട്വീറ്റിലും പങ്കുവെച്ചു. ജ്ഞാനസ്‌നാനത്തെ ‘ജ്ഞാനോദയമെന്ന് വിളിക്കാനാകും. വിശ്വാസം നമ്മുടെ ഹൃദയങ്ങളെ പ്രകാശിപ്പിക്കുകയും യാഥാർത്ഥ്യങ്ങളെ വ്യത്യസ്തമായി കാണാനുള്ള വെളിച്ചം നൽകുകയും ചെയ്യുന്നു. പാപ്പ തന്റെ ട്വീറ്റിൽ വ്യക്തമാക്കി. ഇറ്റാലിയൻ, ഇംഗ്ലീഷ്, ലാറ്റിൻ, അറബി ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പയുടെ ഈ സന്ദേശം പങ്കുവെക്കപ്പെട്ടു.