ജർമ്മനിയിലെ മദർ തെരേസാ

രണ്ടാം മദർ തെരേസ എന്നാണ് പല അന്തർദ്ദേശീയ മാധ്യമങ്ങളും സിസ്റ്റർ എത്തൂനെ ദോഗാനെ വിശേഷിപ്പിക്കുന്നത്. രണ്ടു പേരുടെയും പ്രവർത്തനങ്ങൾ തമ്മിലുള്ള സാമ്യമായിരിക്കാം അത്തരമൊരു വിശേഷണത്തിലേക്ക് മാധ്യമങ്ങളെ എത്തിച്ചത്. അതെ, ഒരു വിശുദ്ധയ്ക്കുമാത്രം ചെയ്യാൻ കഴിയുന്ന പ്രവൃത്തികളാണ് സിസ്റ്റർ ദോഗാൻ നിർവഹിക്കുന്നതെന്ന് ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു. വിശ്വാസത്തിന്റെ പേരിൽ അഭയാർത്ഥികളാക്കപ്പെട്ടവരോടൊപ്പമാണ് സിസ്റ്റർ ദോഗാൻ. പ്രത്യേകിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പിടിമുറുക്കിയിരിക്കുന്ന മധ്യപൂർവേഷ്യൻ രാജ്യങ്ങളിലെ നിസഹായരോടൊപ്പം.

1153

ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്) കണ്ണിലെ കരടാണ് സിസ്റ്റർ എത്തൂനെ ദോഗാൻ. അവരുടെ ഭീകരതയുടെ മുഖമാണ് സിസ്റ്റർ ദോഗാൻ ലോകത്തിന് മുമ്പിൽ വരച്ചുകാണിക്കുന്നത്. അതുകൊണ്ടുതന്നെ ധാരാളം ഭീഷണികളും സിസ്റ്ററിന് ലഭിച്ചുകഴിഞ്ഞു. ഏതാണ്ട് എട്ടു ഭാഷകളിൽ തനിക്കു ഭീഷണി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പറയുമ്പോഴും ഐഎസിന്റെ ചരിത്രം നന്നായി അറിയാവുന്ന ആ മുഖത്ത് ഭയമില്ല. അതിനൊന്നും സിസ്റ്ററിന്റെ പ്രവർത്തനങ്ങളെ അല്പംപോലും സ്വാധീനിക്കാനായിട്ടില്ല. ലോകം ആദരവോടെ കാണുന്ന സന്നദ്ധസംഘടനയാണ് ഹാറ്റിയൂൺ ഫൗണ്ടേഷൻ. അതിന്റെ സ്ഥാപകയാണ് സിസ്റ്റർ എത്തൂനെ ദോഗാൻ.

ജർമ്മനിയിലെ അഭയാർത്ഥി
അഭയാർത്ഥികളുടെ പുനരധിവാസവും പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണവുമാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. അതോടൊപ്പം ലോകത്തിലെ ഏറ്റവും വലിയ പട്ടിണി രാജ്യമെന്ന് വിശേഷിപ്പിക്കാവുന്ന ഏത്യോപ്യപോലുള്ള ദരിദ്ര രാജ്യങ്ങളുടെ പട്ടിണിയകറ്റാനും പ്രകൃതി ദുരന്തങ്ങൾ തകർക്കുന്ന രാജ്യങ്ങളുടെ കണ്ണീരൊപ്പാനും സിസ്റ്റർ മുമ്പിലുണ്ട്. അഭയാർത്ഥികളുടെയും പീഡനത്തിന് ഇരകളാക്കപ്പെടുന്നവരുടെ വേദനയും മാനസികാവസ്ഥയും അതേല്പ്പിക്കുന്ന ആഘാതവും ആരും പറയാതെ സിസ്റ്റർ ദോഗാന് എളുപ്പത്തിൽ മനസിലാകും. 14 വയസിനുള്ളിൽ നാല് തവണയാണ് സിസ്റ്റർ ദോഗാൻ പീഡനശ്രമത്തിൽനിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. മതതീവ്രവാദികളെ പേടിച്ച് ജനിച്ച മണ്ണിൽനിന്നും അഭയാർത്ഥിയായി ഓടിപ്പോകേണ്ടിവന്ന ഭൂതകാലവും സിസ്റ്ററിനുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിടിയിലമർന്നിരിക്കുന്ന ഇറാക്കും ആഭ്യന്തര സംഘർഷം രൂക്ഷമായ സിറിയയുമടക്കം 37 രാജ്യങ്ങളിൽ ഡോഗൺ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ ഇപ്പോൾ സജീവമാണ്. ഇന്ത്യവരെ എത്തിനില്ക്കുന്നു ദോഗാൻ ഫൗണ്ടേഷന്റെ നെറ്റുവർക്ക്. 5,000 സന്നദ്ധപ്രവർത്തകർ ഡോഗൺ ഫൗണ്ടേഷനുണ്ട്.
2003-ലാണ് ഫൗണ്ടേഷന്റെ തുടക്കം. രണ്ട് വർഷംകൊണ്ട് ലോക ശ്രദ്ധ ആകർഷിക്കാൻ ഈ സന്നദ്ധസംഘടനക്കായി. 2011-ലാണ് ജർമ്മൻ ഗവൺമെന്റ് ഔദ്യോഗികമായി ഈ ഫൗണ്ടേഷനെ അംഗീകരിച്ചതെങ്കിലും അതിന് ഒരു വർഷംമുമ്പ് ആ രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ‘ബുണ്ടസ് വേർഡിയൻസേകസ്’ നൽകി സിസ്റ്ററിന് ആദരിച്ചിരുന്നു. ചുരുങ്ങിയ കാലംകൊണ്ട് ജീവകാരുണ്യ മേഖലകളിൽ കയ്യൊപ്പു പതിപ്പിക്കാൻ സിസ്റ്റർ ദോഗാന് കഴിഞ്ഞിരിക്കുന്നു. ഇതൊന്നും തന്റെ കഴിവായിട്ട് സിസ്റ്റർ കരുതുന്നില്ല. ദൈവം കൈവെള്ളയിൽ താങ്ങുന്നതിനാലാണ് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുന്നതെന്ന് 47-കാരിയായ സിസ്റ്റർ പറയുന്നു.

സൗത്ത് ടർക്കിയിൽ 1970 ഏപ്രിൽ നാലിനാണ് സിസ്റ്റർ ദോഗാന്റെ ജനനം. 10 മക്കളുള്ള കുടുംബത്തിലെ നാലാമത്തെ അംഗമായി. തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ പിടിയിലായിരുന്നു ആ പ്രദേശങ്ങൾ.

ക്രിസ്ത്യാനികളായതുകൊണ്ടുതന്നെ അവർക്കു മേലുള്ള ഭീഷണികളും കൂടിക്കൂടിവന്നു. ഓമനത്തം നിറഞ്ഞ ദോഗാന്റെ മുഖത്തുനോക്കി, നീ ഒരു ക്രിസ്ത്യാനിയായി ജനിച്ചല്ലോ എന്ന് അവരുടെ സ്ത്രീകൾ പരിദേവനപ്പെടുന്നത് ചെറുപ്പത്തിൽ പല പ്രാവശ്യം അവളും കേട്ടിരുന്നു. ആ വാക്കുകളുടെ അർത്ഥം അന്നു മനസിലാകുമായിരുന്നില്ലെങ്കിലും പിന്നീട് ബോധ്യപ്പെടുന്ന പല ദുരന്തങ്ങൾക്കും അവളും ഇരയായി. തീവ്രവർഗീയത പ്രചരിപ്പിക്കുന്ന പലരുടെയും കണ്ണുകൾ ക്രിസ്ത്യൻ പെൺകുട്ടികളുടെ മേലായിരുന്നു. അവരെ പിച്ചിചീന്തുന്നത് അവർക്ക് ഹരമായിരുന്നു. 14 വയസിനുള്ളിൽ നാല് തവണയാണ് അവൾ അത്തരക്കാരുടെ കൈകളിൽനിന്നും രക്ഷപെട്ടത്. എന്നാൽ, അവളുടെ പിതാവിനെ കൊല്ലുമെന്ന ഘട്ടം വന്നപ്പോൾ ഗ്രാമത്തിൽനിന്നും ഓടിപ്പോകുകയല്ലാതെ അവരുടെ മുമ്പിൽ മറ്റു മാർഗങ്ങൾ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ആ കുടുംബം ജർമ്മനിയിലേക്ക് കുടിയേറിയത്. അവിടെ എത്തി രണ്ടു വർഷം കഴിഞ്ഞപ്പോൾ സിറിയൻ-ഓർത്തോഡോക്‌സ് സഭയിലെ വിശുദ്ധ ജാക്വസ് സാറാങിന്റെ നാമധേയത്തിലുള്ള ആശ്രമത്തിൽ ചേർന്നു. രണ്ട് വർഷത്തിനുശേഷം സിസ്റ്റർ ദോഗാൻ ഉന്നതവിദ്യാഭ്യാസത്തിന് അയക്കപ്പെട്ടു. തിയോളജിയും സൈക്കോളജിയും പഠിച്ചു. നഴ്‌സിംഗ് പൂർത്തിയാക്കിയായി സിസ്റ്റർ ദോഗാൻ സ്‌കൂൾ അധ്യാപികയായിട്ടായിരുന്നു തുടക്കം.

തുടക്കം ഇന്ത്യയിൽനിന്ന്
വിശുദ്ധ മദർ തെരേസ ഇന്ത്യയുടെ മണ്ണിലാണ് ജീവകാരുണ്യപ്രവർത്തനങ്ങളുടെ ആരംഭം കുറിച്ചതെങ്കിൽ അതുപോലൊരു സാമ്യം സിസ്റ്റർ ദോഗാനുമുണ്ട്. വടക്കേ ഇന്ത്യയിൽ നടന്ന സമ്മേളനത്തിൽ പ്രസംഗിക്കുന്നതിനുവേണ്ടി സിസ്റ്റർ ക്ഷണിക്കപ്പെട്ടു. പിന്നാക്ക ജാതിയിൽപ്പെട്ട ആളുകൾ തിങ്ങിക്കൂടിയ സമ്മേളനത്തിൽവച്ചാണ് അവരുടെ ദുരിതങ്ങളുടെ ആഴം അറിഞ്ഞത്. തിരികെ ജർമനിയിൽ എത്തിയ സിസ്റ്റർ അവിടെയൊരു ഫണ്ട് സമാഹരണ കാമ്പയിൻ നടത്തി. അതിൽനിന്നും ലഭിച്ച പണം ഉപയോഗിച്ച് ഒരു അനാഥലയവും കന്യാസ്ത്രീകൾക്കായുള്ള ഭവനവും ഉയർന്നു. ഇന്ന് ആഫ്രിക്ക മുതൽ ഇറാക്കുവരെ വ്യാപിച്ചുകിടക്കുന്ന വിശാലമായ തന്റെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ തുടക്കം അതായിരുന്നു. ഇതിനുള്ള പണം എവിടെനിന്ന് എന്ന് ചോദിച്ചാൽ, തന്റെ കൈവശം ഉണ്ടായിരുന്ന അഞ്ച് അപ്പവും രണ്ടു മീനും കർത്താവിന്റെ കൈകളിലേക്ക് കൊടുത്ത ബാലന്റെ കാര്യമാണ് സിസ്റ്റർ പറയുന്നത്. 12 കുട്ടനിറയെ അപ്പം മിച്ചം വന്ന അത്ഭുതത്തിലേക്ക് വിരൽ ചൂണ്ടിയിട്ട് സിസ്റ്റർ ദോഗാൻ പറയും, അതുതന്നെയാണ് ഇവിടെയും സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നെ പൂർണമായും ക്രിസ്തുവിന്റെ കരങ്ങളിലേക്ക് നൽകിയപ്പോൾ അവൻ അനേകരിലൂടെ സാമ്പത്തികാവശ്യങ്ങളും മറ്റ് സാഹചര്യങ്ങളും ക്രമീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ‘അപ്പം’ മിച്ചംവരുന്നില്ലെങ്കിലും കുറവുവരാതെ അവിടുന്നു നോക്കുന്നുണ്ട്; സിസ്റ്റർ ദോഗാൻ കൂട്ടിച്ചേർക്കുന്നു.

മാധ്യമങ്ങളുടെ നിശബ്ദത
ഇറാക്കിയിലെ ക്രൈസ്തവരും യസീദികളും നേരിടുന്ന ഭീകരതയുടെ പുറത്തറിയാത്ത കരളലിയികുന്ന അനുഭവങ്ങൾ സിസ്റ്റർ അതിന്റെ ഇരകളിൽനിന്നും അനേകം തവണ കേട്ടിരിക്കുന്നു. അഭയാർത്ഥിക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് കൗൺസലിംഗ് നൽകുന്നത് സിസ്റ്ററിന്റെ പ്രവർത്തനങ്ങളിലൊന്നാണ്. അത്തരം സാഹചര്യങ്ങളിൽ ജീവിക്കുന്ന കുട്ടികളുടെ മനസിന് ഏറ്റ മുറിവുകൾ ഉണക്കേണ്ടത് ഏറ്റവും അത്യാവശ്യമാണെന്ന് സൈക്യാട്രിസ്റ്റുകൂടിയായ സിസ്റ്റർ പറയുന്നു. ഇറാക്കിലെ കാദിയ അഭയാർത്ഥ ക്യാമ്പിൽ കൗൺസലിങ് നൽകുന്നതിനിടയാണ് 16 വയസുമാത്രമുള്ള സുന്ദരിയായ യസീദി പെൺകുട്ടിയെ കണ്ടുമുട്ടിയത്. മുഖംപൊത്തി കരഞ്ഞുകൊണ്ടാണ് അവൾ നേരിടേണ്ടിവന്ന കൊടുംപീഡനങ്ങൾ പങ്കുവച്ചത്. 18 മാസം ഇസ്ലാമിക സ്റ്റേറ്റ് ഭീകരരുടെ തടവിലായിരുന്നു അവൾ. കാണാൻ അതിസുന്ദരിയായതിനാൽ ഐഎസ് കമാന്ററുടെ കൈകളിലാണ് എത്തപ്പെട്ടത്. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത അയാൾ അവളോട് പ്രവർത്തിച്ച ക്രൂരതകൾക്ക് കണക്കില്ല. എല്ലാ ദിവസവും മയക്കുമരുന്നുകൾ നൽകിയശേഷം മണിക്കൂറുകൾ അവളെ ഉപദ്രവിക്കുന്നതായിരുന്നു അയാളുടെ രീതി. കുറച്ചുമാസങ്ങൾക്കുശേഷം തൊട്ടുതാഴെയുള്ള മറ്റൊരാൾക്ക് അയാൾ അവളെ കൈമാറി. പുതിയ ഉടമസ്ഥൻ ഒരു സാഡിസ്റ്റകൂടിയായിരുന്നു. കഠാരകൊണ്ട് ആ പെൺകുട്ടിയുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും വരഞ്ഞ് തന്റെ പേര് എഴുതിവച്ചു എന്നു പറയുമ്പോൾ അവൾ അനുഭവിക്കേണ്ടിവന്ന വേദനയുടെ അളവ് ഊഹിക്കാനാകും. മോചനദ്രവ്യം നൽകിയാണ് അവളുടെ മാതാപിതാക്കൾ ആ പെൺകുട്ടിയെ വീണ്ടെടുത്തത്.
ഇറാക്കിലെ അഭയാർത്ഥി ക്യാമ്പിൽ കഴിയുന്ന ചെറുപ്പക്കാരന് വിശ്വാസത്തിൽ ഉറച്ചുനിന്നതിനാൽ മുത്തച്ഛന്റെ ഘാതകനാകേണ്ടിവന്നു. കൗമാരത്തിൽനിന്നും യൗവനത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന മറ്റ് 18 പേരോടൊപ്പമാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ അവനെ തട്ടിയെടുത്തത്. കൂടെ അവന്റെ മുത്തച്ഛനെയും അവർ പിടികൂടിയിരുന്നു. കൂടെ ഉള്ളവരെ മറ്റൊരു ക്യാമ്പിലേക്ക് കൊണ്ടുപോയി. വിശ്വാസം ഉപേക്ഷിക്കുവാൻ ആവശ്യപ്പെട്ടു. അവൻ അതിന് തയാറായില്ല. അവന്റെ കഴുത്തിൽ തോക്ക് അമർത്തിയിട്ട് കത്തുന്ന ചൂളയിലേക്ക് മുത്തച്ഛനെ തള്ളിയിടാനായിരുന്നു അടുത്ത ആവശ്യം. അവരുടെ വാക്കുകൾ തള്ളിക്കളഞ്ഞാൽ തന്റെ കൊച്ചുമകന്റെ ജീവൻ നഷ്ടപ്പെടാൻ സാധ്യത ഉള്ളതിനാൽ തന്നെ ചൂളയിലേക്ക് തള്ളിയിടാനായിരുന്നു മുത്തച്ഛൻ ആവശ്യപ്പെട്ടത്. ഭീകരരുടെ വാക്കുകൾ അനുസരിക്കുകയല്ലാതെ തന്റെ മുമ്പിൽ മറ്റുവഴികൾ ഉണ്ടായിരുന്നില്ലെന്ന് പറയുമ്പോൾ ആ ചെറുപ്പക്കാരൻ മുഖംപൊത്തി കരയുന്നുണ്ടായിരുന്നു; ആ രണ്ടു പേരുടെയും കരച്ചിൽ തനിക്കൊരിക്കലും മറക്കാൻ സാധിക്കില്ലെന്ന് സിസ്റ്റർ ദോഗാൻ പറയുന്നു.

ഐഎസിന്റെ ഇത്തരം ഭീകരമുഖങ്ങൾ ലോകത്തിൽ എത്തിക്കാൻ മാധ്യമങ്ങൾ വിമുഖരാകുന്നതിന്റെ കാരണം തനിക്കു മനസിലാകുന്നില്ലെന്ന് സിസ്റ്റർ പറയുന്നു. നിരന്തരമായ യാത്രകളിലാണ് സിസ്റ്റർ ദോഗാൻ. എന്തിനാണ് ഇത്രയും വേഗത എന്ന ചോദ്യം പലയിടത്തുനിന്നും ഉയരാറുണ്ട്. ഞാനൊരു ടൂറിസ്റ്റല്ല; ശബ്ദമില്ലാത്തവരുടെ ശബ്ദം ലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുവാനും അവർക്കായി വാദിക്കാനും അവരെ സഹായിക്കാനുമാണ് ഞാൻ വരുന്നതെന്നാണ് അവർക്കുള്ള മറുപടി.
ദാരിദ്ര്യത്തിൽ കഴിയുന്ന വൈദികർ ആഹാരം, പാർപ്പിടം, ശുദ്ധജലം, ആരോഗ്യസംവിധാനങ്ങൾ എത്തിക്കുക എന്നിങ്ങനെ നാല് അടിസ്ഥാന മേഖലകളിൽ ഊന്നിയാണ് ഹാറ്റിയൂൺ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ. ഒരേ സമയം ഐഎസിന് എതിരെ ശക്തമായി നിലപാട് എടുക്കുമ്പോൾത്തന്നെ ആഫ്രിക്കൻ രാജ്യങ്ങളുടെ പട്ടിണിയകറ്റുന്നതിനും വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥ പരിഹരിക്കാനുമുള്ള പ്രവർത്തനങ്ങളിൽ സജീവമാണ് സിസ്റ്റർ ദോഗാൻ. വേദനിക്കുന്ന മനുഷ്യർക്ക് സാന്ത്വനം പകരുകയാണ് തന്റെ പ്രവർത്തനങ്ങളുടെ രത്‌നച്ചുരുക്കമെന്ന് സിസ്റ്റർ പറയുന്നു.

ഒരു വലിയ പെട്ടിയും ചെറിയ ബാഗും എപ്പോഴും സിസ്റ്ററിന്റെ കൈവശമുണ്ടാകും. ചെറിയ ബാഗിൽ കൊള്ളുന്നതാണ് സിസ്റ്ററിന്റെ സാധനങ്ങൾ. വലിയ പെട്ടിയിലുള്ളത് അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്കുള്ള സമ്മാനങ്ങളും വസ്ത്രങ്ങളുമായിരിക്കും. ഇക്കഴിഞ്ഞ ക്രിസ്മസിന് എത്യോപ്യയിലായിരുന്നു. ലോകത്തിലെ ഏറ്റവും പാവപ്പെട്ടവരോടൊപ്പം ക്രിസ്മസ് ആഘോഷിക്കുന്നതിനായിരുന്നു ആ യാത്ര. ആരും സമ്മാനങ്ങൾ നൽകാൻ സാധ്യതയില്ലാത്ത അവർക്ക് ക്രിസ്മസ് സമ്മാനങ്ങളും കരുതിയിരുന്നു. നിങ്ങൾക്ക് നൽകാൻ ക്രിസ്തു എന്നെ ഏല്പിച്ചതാണെന്നു പറഞ്ഞായിരുന്നു അവ കൈമാറിയത്. ജീവിതത്തിൽ ആദ്യമായിട്ടായിരിക്കാം അവരിൽ മിക്കവർക്കും ക്രിസ്മസ് സമ്മാനങ്ങൾ ലഭിക്കുന്നതെന്ന് ആ മുഖഭാവങ്ങൾ വിളിച്ചുപറയുന്നുണ്ടായിരുന്നു. ക്രിസ്തുവിന് ഇഷ്ടപ്പെട്ട എന്റെ ക്രിസ്മസ് ആഘോഷവും അതായിരിക്കുമെന്ന് ഈ വലിയ മിഷനറി പറയുമ്പോൾ അതു ഹൃദയത്തിന്റെ നിറവിൽനിന്നാണെന്നതിന് സംശയമില്ല.

ലോകത്തിൽ ഏറ്റവും ദാരിദ്ര്യത്തിൽ കഴിയുന്ന വൈദികരെയും സെമിനാരിക്കാരെയും കണ്ടുമുട്ടിയതും അവിടെ വച്ചായിരുന്നു. അവർ താമസിക്കുന്ന സ്ഥലങ്ങളിലും വൈദ്യുതിയോ വെള്ളമോ ഉണ്ടായിരുന്നില്ല. തറയിൽ വെറും പ്ലാസ്റ്റിക് ഷീറ്റു വിരിച്ച് അതിന് മുകളിലായിരുന്നു ഉറക്കം. ഒരു കുടുസു മുറിയിൽ അഞ്ചു പേരാണ് ഉറങ്ങുന്നത്. അവർക്ക് കിടക്കകൾ വാങ്ങി നൽകിയിട്ടാണ് മടങ്ങിയത്. അവരുടെ ത്യാഗങ്ങളൊന്നും വെറുതെ ആകുന്നില്ലെന്നതിന്റെ തെളിവുകളാണ് ആഫ്രിക്കയിലെ വിശ്വാസ വളർച്ചയെന്ന് സിസ്റ്റർ പറയുന്നു. എത്യോപ്യയുടെ ദാരിദ്ര്യം അകറ്റാനും സ്വയം തൊഴിൽ കണ്ടെത്താനും പരിശീലിപ്പിക്കുന്ന വിധത്തിലുള്ള പദ്ധതികൾക്ക് ദോഗാൻ ഫൗണ്ടേഷൻ തുടക്കംകുറിച്ചുകഴിഞ്ഞു. സിംബാവയിലും എത്തൂനെ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ സജീവമാണ്. എയ്ഡ്‌സ് ബാധിച്ചു മരിച്ചവരുടെ മക്കളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പിലാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.

തന്റെ കുടുംബത്തിന് നേരിടേണ്ടിവന്ന ദുരിതങ്ങളുടെയും വേദനകളെയും ദൈവത്തിന്റെ വലിയ പദ്ധതിയുടെ ഭാഗമായിട്ടാണ് സിസ്റ്റർ വിലയിരുത്തുന്നത്. ഒരുപക്ഷേ അത്തരമൊരു സാഹചര്യം അഭിമുഖീകരിക്കേണ്ടി വന്നില്ലായിരുന്നെങ്കിൽ ഇത്രയും ആത്മാർത്ഥതയോടെ അഭയാർത്ഥി പ്രശ്‌നങ്ങളിലും മതതീവ്രവാദികളുടെ പിടിയിലകപ്പെടുന്ന സ്ത്രീകൾക്കായും പ്രവർത്തിക്കുവാൻ കഴിയുമായിരുന്നില്ലെന്നാണ് സിസ്റ്ററിന്റെ വിലയിരുത്തൽ. വലിയ ജനവിഭാഗത്തിന്റെ വീണ്ടെടുപ്പിനായി നൽകിയ പരിശീലനങ്ങളെപ്രതി ദൈവത്തിന
നന്ദി പറയുകയാണ് സിസ്റ്റർ ദോഗാൻ.

ജോസഫ് മൈക്കിൾ