ഞാന്‍ അരികുപൊട്ടിയ കല്‍ഭരണി ആയിരുന്നു…

0
1054

പരിശുദ്ധ അമ്മയെകുറിച്ച് എഴുതാന്‍ തുടങ്ങിയാല്‍ എങ്ങും എത്തി ല്ല. എങ്കിലും ഹൃദയം കൊണ്ട് എന്തെങ്കിലും കുറിക്കട്ടെ. ഞാന്‍ വളരെ വ്യക്തിപരമായി ഓര്‍ക്കുന്ന ഒരുകാര്യം ഉണ്ട്. പരിശുദ്ധ അമ്മക്കെന്നെ സ്വയം സമര്‍പ്പിച്ച നാളുകളില്‍ പെറ്റമ്മ ആഹാരംവെച്ചു വിളമ്പിത്തരുന്നതുപോലെ അമ്മ മറിയം വചനം പെറുക്കിയും തിരഞ്ഞെടുത്തും എനിക്കുതരുന്നത് ഞാന്‍ വ്യക്തിപരമായി അനുഭവിച്ചിട്ടുണ്ട്. അങ്ങനെ ലഭിച്ച വചനങ്ങളില്‍ ഒന്നാണ്, ജെറമിയ13:23.
‘പുള്ളിപ്പുലിയുടെ പുള്ളിയും എത്യോപ്യാക്കാരന്റെ തൊലിയുടെ നിറവും മാറുകയുമില്ല എന്നാല്‍ തിന്മചെയ്തു ശീലിച്ച നിനക്ക് നന്മചെയ്യാനാകുമെന്ന’ വചനം അമ്മ മറിയം എന്റെയുള്ളില്‍ നേരിട്ട് എഴുതിയതാണ്. വളരെ ആകുലപ്പെട്ടിരിക്കുന്ന ഒരുവേളയില്‍ ആത്മാവില്‍ പരിശുദ്ധ അമ്മയോട് സംസാരിക്കാന്‍ ആഗ്രഹിച്ചു. ”അമ്മ മാതാവേ, പെറ്റമ്മ എനിക്ക് അറ്റം മൊരിഞ്ഞ പാലപ്പം ചുട്ടുതരുന്നതുപോലെ എന്റെ ആത്മാവിന് ഇണങ്ങിയ ഒരു വചനത്തിന്റെ അപ്പം അമ്മ ചുട്ടുതരണമേ.” ഇങ്ങനെ ഞാന്‍ ദൈവസന്നിധിയിലിരുന്ന് മറിയം വഴി പ്രാര്‍ത്ഥിച്ചു. കണ്ണീരോടെ ഒരു വചനം അന്വേഷിച്ചപ്പോള്‍ കിട്ടിയ വചനമാണ് ഇന്ന് വചനപ്രഘോഷണവേളകളില്‍ മുഴങ്ങികേള്‍ക്കുന്ന കൃപയുടെ മഹാവചനം. ഹബകുക്ക് 1:5 ആയിരുന്നു അത്. ‘ജനതയുടെ ഇടയിലേക്ക് നോക്കി വിസ്മയഭരിതരാകുവിന്‍. പറഞ്ഞാല്‍ വിശ്വസിക്കാനാവാത്ത ഒരു പ്രവൃത്തി നിങ്ങളുടെ നാളുകളില്‍ ഞാന്‍ ചെയ്യാന്‍ പോകുന്നു.’ ഈ വചനം എവിടെ ആരെടുത്തുപയോഗിച്ചാലും എന്റെ ഉള്ളില്‍ പരിശുദ്ധ അമ്മ തന്നതാണന്നുള്ള ബോധ്യവും അനുഭവവും വല്ലാതെ സ്വാധീനിക്കാറുണ്ട്.
വേദഗ്രന്ഥത്തിലെ മറിയത്തെ കണ്ടെത്തുവാനാണ്ഞാന്‍ ഏറ്റവും ആഗ്രഹിച്ചിട്ടുള്ളത്. മറിയംവഴി ദൈവത്തിന് സമര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ എന്റെ ‘ഇമ്മാനുവേല്‍ കര്‍ത്താവിനോടു’ കൂടുതലടുക്കുവാനും ഹൃദയം തുറന്നു പങ്കുവെക്കുവാനും കുറെയേറെ എനിക്കും കഴിഞ്ഞിട്ടുണ്ട്.’ എന്റെഹൃദയം നീറുമ്പോള്‍ എന്റെ സങ്കടങ്ങളും പീഡകളും ഞാന്‍ അവിടുത്തെ അറിയിക്കും.’ എന്ന സങ്കീര്‍ത്തനം 141 എനിക്കിന്ന് കൂടുതല്‍ മനസിലാക്കാന്‍ ഇടയാവുന്നത് മറിയത്തിന്റെ ഹൃദയ തുറവിയില്‍ നിന്നാണ്.
കാനായിലെ കല്യാണവീട്ടില്‍ വീഞ്ഞ് തീര്‍ന്നപ്പോള്‍ദുഃഖിച്ചുനില്‍ക്കുന്ന മറിയം ആണ് എന്റെ വ്യക്തിപരാമായ ജീവിതത്തില്‍ ഏറ്റവും ജ്വലിച്ചു നില്‍ക്കുന്ന മരിയന്‍ രൂപം. കരയുന്ന ആ ഭവനത്തിനുവേണ്ടി മറിയമെടുത്ത നിലപാടില്‍ അമ്മ ഉറച്ചുനിന്നത് കണ്ട്ഞാന്‍ അത്ഭുതപ്പെട്ടു. എനിക്കും നിനക്കും എന്ത് എന്ന ചോദ്യത്തിന്റെ മുമ്പില്‍ പോലും പതറാതെ എന്റെ മകന്റെ കൈകളില്‍ നിന്റെ ജീവിതത്തിന് ഉത്തരംഉണ്ടന്ന് മറിയം ഉറപ്പിച്ചു പറഞ്ഞല്ലോ. അമ്മയുടെ ആആശ്രയം എന്റെ ആത്മാവില്‍ തീജ്വാലയാണ് പക്ഷേ കാനായിലെ ഈ കാര്യങ്ങള്‍ ഒന്നുമല്ല എന്റെ മനസിനെ തൊട്ടിട്ടുള്ളത്. അമ്മ പറഞ്ഞപ്പോള്‍ ഈശോ ഭൃത്യന്‍മാരോട് ഒരു കാര്യം പറഞ്ഞു. പടിക്കലിരിക്കുന്ന കല്‍ഭരണികള്‍ എടുത്തുകൊണ്ടു വരിക. അവ ചുടു വെയിലിലാണിരിക്കുന്നത്. അതിനെ ആരും ഗൗനിക്കാറില്ല. മഞ്ഞുകാലത്തു ആരും അതിനെ പുതപ്പിക്കാറില്ല. അതിന്റെ വക്ക് പൊട്ടിയിട്ടുണ്ട്. നന്നായി  വക്ക് പൊട്ടിയിട്ടുണ്ട്. വക്ക് പൊട്ടിയ ആ കല്‍ഭരണിയോട് ആരും കനിവോ അലിവോ കാണിച്ചിട്ടില്ല. അകത്തു ക്ലാവു പിടിച്ചിട്ടുണ്ട്. പായലും പിടിച്ചിട്ടുണ്ട്. പക്ഷേ കാലു കഴുകാന്‍ ഉള്ള വെള്ളം നിറഞ്ഞ ആ കല്‍ഭരണികളെ ആരുമേ ഗൗനിച്ചിട്ടില്ല. വര്‍ഷങ്ങള്‍ പടിക്കലിരുന്ന കല്‍ഭരണികളെ കര്‍ത്താവ് വീഞ്ഞ് കുടങ്ങളാക്കി മാറ്റുകയാണ്. അമ്മയുടെ സാന്നിധ്യത്തില്‍ കല്‍ഭരണി വീഞ്ഞുകുടം ആകുമ്പോള്‍ ഞാന്‍ അമ്മയുടെ മുഖത്തു നോക്കി പറഞ്ഞു. ‘അമ്മേ …. വക്കുപൊട്ടിയ, ക്ലാവുപിടിച്ച, പടിക്കലിരുന്ന എന്നെ അമ്മ പറഞ്ഞാല്‍ വീഞ്ഞ് ഭരണിയാക്കില്ലേ ഈശോ’.
ഇന്നും എന്റെ സ്വപ്‌നവും പ്രതീക്ഷയും വിശ്വസവും, വക്കുപൊട്ടിയ എന്നെ കര്‍ത്താവിന്റെ ശക്തിയാല്‍ അമ്മ വീഞ്ഞുകുടം ആക്കും എന്നതാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ ജീവിതാനുഭവങ്ങളിലൂടെ എനിക്കൊരു കാര്യം ഉറപ്പാണ് പൊട്ടിയവയെങ്കില്‍ അമ്മയുടെ കൈവച്ചിട്ടുണ്ട്. നമുക്കിതില്‍ കൂടുതല്‍ എന്തുവേണം. എന്റെ ആനന്ദം അതാണ്.
ഫാ. ഷാജി തുമ്പേച്ചിറയില്‍