ഞായറാഴ്ചയാചരണം നിത്യജീവനിലേക്ക് അടുപ്പിക്കും: മാർ ജോസഫ് സ്രാമ്പിക്കൽ

0
1249

ചെൽട്ടൻഹാം: ഓരോ ഞായറാഴ്ച ആചാരണവും നമ്മെ നിത്യജീവനിലേക്കു അടുപ്പിക്കുന്നുവെന്ന് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ. ബ്രിസ്റ്റോൾകാർഡിഫ് റീജ്യണിലെ അഭിഷേകാഗ്‌നി കൺവെൻഷനിൽ അർപ്പിച്ച ദിവ്യബലിയിൽ സന്ദേശം പങ്കുവെക്കുകയായിരുന്നു അദ്ദേഹം.

ഓരോ വിശുദ്ധ കുർബാനയിലും വിശുദ്ധ ഗ്രന്ഥം ഗ്രഹിക്കാൻ തക്കവണ്ണം കർത്താവ് മനസ്സ് തുറക്കുവാൻ ഓരോരുത്തരും പ്രാർത്ഥിക്കണം. ഈശോയുടെ സ്വരം കേൾക്കുകയും അതിനനുസരിച്ചു ജീവിക്കുകയും ചെയ്യുന്നവർക്കാണ് നിത്യജീവൻ ലഭിക്കുന്നത്. പരിശുദ്ധ അമ്മയെപ്പോലെ ‘ഇതാ കർത്താവിന്റെ ദാസി’ എന്ന് പറയുന്നവരാണ് സ്വർഗീയ ജറുസലേമിൽ പ്രവേശിക്കുന്നതെന്നും മാർ സ്രാമ്പിക്കൽ കൂട്ടിച്ചേർത്തു.

തന്നെ ഭയപ്പെടുകയും തന്റെ കാരുണ്യത്തിൽ പ്രത്യാശ വയ്ക്കുകയും ചെയ്യുന്നവരെയാണ് കാർത്താവ് കടാക്ഷിക്കുന്നതെന്ന് കൺവെൻഷൻ നയിച്ച ഫാ. സേവ്യർ ഖാൻ വട്ടായിൽ പറഞ്ഞു. കുടുംബം വളരെയേറെ ബന്ധങ്ങളുടെ സ്ഥലമാണ്. ആ ബന്ധങ്ങളെ സ്‌നേഹത്തിലൂടെയും പ്രാർത്ഥനയിലൂടെയും പരിപോഷിപ്പിക്കണമെന്നും ഫാ. വട്ടായിൽ ഓർമിപ്പിച്ചു.

മാർ ജോസഫ് സ്രാമ്പിക്കലും ഫാ. സേവ്യർ ഖാൻ വട്ടായിലും നേതൃത്വം നൽകിയ കൺവെൻഷൻ ആയിരങ്ങൾക്ക് ആത്മീയ ഉണർവ് സമ്മാനിച്ചു. റീജിയണൽ കോർഡിനേറ്റർ ഫാ. പോൾ വെട്ടിക്കാട്ടിന്റെ നേതൃത്വത്തിലായിരുന്നു കൺവെൻഷന്റെ ഒരുക്കങ്ങൾ.