ഞായറാഴ്ച അവധി എല്ലാവർക്കും പ്രയോജനകരം: ആർച്ച് ബിഷപ്പ് സ്റ്റാനിസ്ലോ ഗാഡെക്കി

0
332

വാർസോ: ഞായറാഴ്ച ജോലിക്ക് അവധി നൽകുന്നത് കത്തോലിക്കർക്കും, അകത്തോലിക്കർക്കും, അവിശ്വാസികൾക്കും ഒരുപോലെ പ്രയോജനകരമാകുമെന്ന് പോസ്‌നാൻ ആർച്ച് ബിഷപ്പ് സ്റ്റാനിസ്ലോ ഗാഡെക്കി. ഞായറാഴ്ച ജോലിക്കും വ്യാപാരത്തിനും അവധി നൽകണമെന്ന സോളിഡാരിറ്റി ട്രേഡ് യൂണിയൻറെ ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് പോളണ്ടിലെ കത്തോലിക്ക ബിഷപ്പുമാർ കഴിഞ്ഞ ദിവസം പ്രസ്താവന പുറത്തിറക്കിയിരുന്നു.

സമൂഹ നിർമ്മിതിയിൽ എല്ലാവരെയും ഭാഗമാക്കണമെന്ന അടിസ്ഥാന സത്യവുമായി ബന്ധപ്പെട്ടതാണ് ഈ ആവശ്യം. കുടുംബങ്ങൾക്ക് സാമ്പത്തിക സഹായമല്ല വേണ്ടതെന്നും അവർക്ക് തങ്ങളുടെ സമയം ലഭ്യമാക്കണമെന്നും കാറ്റോവിസിലെ മെത്രാപ്പോലീത്തയായ വിക്ടർ സ്വോർക്ക് പറഞ്ഞു.

2016 ലാണ് സോളിഡാരിറ്റി ട്രേഡ് യൂണിയൻ ഞായറാഴ്ച തൊഴിൽ രഹിതമാക്കണമെന്ന് ആവശ്യപ്പെട്ടത്. ഇപ്പോഴും നിയമസഭയിൽ ഇതിനെപ്പറ്റിയുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. അതേസമയം, ഞായറാഴ്ച തൊഴിൽ രഹിതമാക്കണമെന്ന ആവശ്യവുമായി 5,00,000 പേർ ഒപ്പിട്ട കത്ത് അധികാരികൾക്ക് കൈമാറിയിരുന്നു.

ഗുരുതരമായ രോഗാവസ്ഥയിലും, വികലമായ ഭ്രൂണ രൂപീകരണത്തിലുമൊഴികെ ഗർഭഛിദ്രം തടയുന്നതിനെപ്പറ്റിയും പോളണ്ടിലെ നിയമസഭയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. മൂന്ന് ലക്ഷം പൗരന്മാർക്കും കത്തോലിക്കസഭയ്ക്കുമൊപ്പം പോളണ്ട് പ്രസിഡന്റ് ആൻഡ്രസേജ് ഡൂഡയും പ്രധാനമന്ത്രി ബീറ്റാ സിഡ്‌ലോയും ഗർഭഛിദ്രം തടയണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ജോൺപോൾ രണ്ടാമൻ പാപ്പയുടെ ലോകത്തെ ഏറ്റവും വലിയ രൂപം പോളണ്ടിൽ സ്ഥാപിക്കപ്പെടുകയും ചെയ്തു.