ടൊറന്റോ സെന്റ് മേരീസ് മിഷൻ ഇനി ‘പ്രഥമ’ ക്‌നാനായ ഇടവക

0
316

 

ടൊറന്റോ: കാനഡയിലെ ടൊറന്റോ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷൻ ഇനി കാനഡയിലെ പ്രഥമ ക്‌നാനായ ഇടവക. ഒരു ജനതയുടെ പ്രാർത്ഥനാ നിർഭരമായ കാത്തിരുപ്പുകൾക്ക് വിരാമംകുറിച്ച് മിസിസാഗാ സീറോ മലബാർ എക്‌സാർക്കേറ്റ് അധ്യക്ഷൻ ബിഷപ്പ് മാർ ജോസ് കല്ലുവേലിലാണ് ഈ സന്തോഷവാർത്ത പ്രഖ്യാപിച്ചത്.

ഇടവകാംഗങ്ങൾ ഒന്നടങ്കം പങ്കുകൊണ്ട ദിവ്യബലി അർപ്പണമധ്യേയായിരുന്നു പ്രഖ്യാപനം. കാനഡയിലെ ക്‌നാനായ സമുദായത്തിന്റെ അജപാലനപരവും സഭാപരവുമായ ഉന്നതിക്കുമായി ഫാ. പത്രോസ് ചെമ്പക്കരയെ ക്‌നാനായ വിശ്വാസികളുടെ ഡയറക്ടറായി നിയമിക്കുകയും ചെയ്തു.

ദീർഘനാളായ കാത്തിരിപ്പിന്റെ ഫലമായി ലഭിച്ച ഈ നിയമനത്തെ ക്‌നാനായ ജനം കരഘോഷത്തോടെയും നടവിളികളുടേയും സ്വീകരിച്ചത് വെറിട്ട അനുഭവമായി. കാനഡയിലെ ക്‌നാനായ സമുദായം സീറോ മലബാർ എക്‌സാർക്കേറ്റിന്റെ അവിഭാജ്യഘടകമാണെന്നും അവരുടെ തനിമയും ഒരുമയും പൈതൃകവും സംരക്ഷിക്കപ്പെടേണ്ടതാണന്നുമുള്ള മാർ കല്ലുവേലിലിന്റെ വാക്കുകളെ കരഘോഷത്തോടെയാണ് ജനം സ്വീകരിച്ചത്.

വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ അരീക്കാട്ട് ആശംസയർപ്പിച്ചു. സെന്റ് മേരീസ് ക്‌നാനായ മിഷന്റെ പ്രഥമ ഡയറക്ടർ ഫാ. ജോർജ് പാറയിൽ തിരുക്കർമങ്ങളിൽ സഹകാർമികനായിരുന്നു. സെന്റ് മേരീസ ക്‌നാനായ മിഷൻ ഇടവകയായി ഉയർത്തപ്പെട്ടതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. കൈക്കാരന്മാരായ സന്തോഷ് മേക്കര, ലിൻസ് മരങ്ങാട്ടിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒരുക്കങ്ങൾ.