‘ട്രോകെയർ’: യുദ്ധത്തിന്റെ ഇരകൾക്ക് സഹായഹസ്തവുമായി അയർലണ്ട്

0
1272

അയർലണ്ട്: സംഘർഷ ഭൂമികളിൽ ദുരിതമനുഭവിക്കുന്നവർക്ക് ട്രോകെയർ’ വഴി സഹായം വാഗ്ദാനം ചെയ്ത് അയർലണ്ട്. യുദ്ധവും കാലപങ്ങളും ഇടമുറിയാത്ത സൗത്ത് സുഡാൻ, ഇറാഖ്, യെമൻ എന്നിവിടങ്ങളിലെ ആളുകൾക്ക് സഹായവാഗ്ദാനം നല്കി ഐറിഷ് ബിഷപ്പുമാരാണ് രംഗത്തെത്തിയിരിക്കുന്നത്.

അയർലണ്ടിലെ കത്തോലിക്കാ സഭയുടെ ചാരിറ്റി സംഘടനയായ ‘ട്രോകെയർ’, ഡിസംബർ ആദ്യവാരം സംഘടിപ്പിച്ച ക്രിസ്മസ് അപ്പീൽ 2018 എന്ന യോഗത്തിലാണ് ബിഷപ്പുമാർ പ്രസ്താവന നടത്തിയത്. യുദ്ധത്തിന്റെ ഇരകൾളുടെ അതിജീവനത്തിനായി സംഭാവന ചെയ്യണമെന്ന് അയർലണ്ടിലെ ജനങ്ങളോട് ബിഷപ്പുമാർ ആവശ്യപ്പെടുകയും ചെയ്തു.

അർമാഖ് അതിരൂപതാ ബിഷപ്പ് എമൻ മാർട്ടിൻ അടക്കമുള്ള ബിഷപ്പുമാർ ദുരിതമനുഭവിക്കുന്ന രാജ്യങ്ങളിലെ കുടുംബങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. നേരിട്ട് സന്ദർശനം നടത്തി അവരോടൊപ്പം സമയം ചെലവഴിച്ചതിൽ സന്തോഷമുണ്ട്. ഇവരുടെ അതിജീവനത്തിനായി അയർലണ്ടിലെ ജനങ്ങൾ കാണിക്കുന്ന ഉദാരമനസ്‌കത ഹൃദയംഗമമാണ്. ഐറിഷുകാരുടെ ഹൃദയവിശാലത യുദ്ധവും സംഘർഷങ്ങളും തുടർക്കഥകളായ ഈ രാജ്യങ്ങളിൽ ഉള്ളവർക്ക് ജീവിതത്തിന് പ്രത്യാശ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ലോകമാധ്യമങ്ങളുടെ ശ്രദ്ധ അധികം ലഭിക്കാത്ത ഒരു യുദ്ധഭൂമി എന്ന നിലയ്ക്കാണ് ‘ട്രോകെയർ’ സൗത്ത് സുഡാനെ തെരഞ്ഞെടുത്തത്. സ്ത്രീകളും കുട്ടികളുമാണ് ഇവിടെ കൂടുതൽ ദുരിതമനുഭവിക്കുന്നതും. യെമനിൽ ഏകദേശം എട്ട് മില്യൺ ആളുകൾ പട്ടിണി അനുഭവിക്കുന്നുമുണ്ട്.

ഭക്ഷണവും വെള്ളവും മറ്റ് അവശ്യസാധനങ്ങളും ഈ സ്ഥലങ്ങളിലൊക്കെ ‘ട്രോകെയർ’ വഴി വിതരണം ചെയ്യുന്നുണ്ട്. കലാപങ്ങളാൽ ചിതറിക്കപ്പെട്ട ജീവിതങ്ങൾക്ക് ഐറിഷ് ജനങ്ങളുടെ ചെറിയ സഹായങ്ങൾപോലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.