ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് പത്മഭൂഷൺ

0
300

ന്യൂഡൽഹി: മാർത്തോമ സഭയുടെ വലിയ മെത്രാപ്പോലീത്തയായ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് പത്മഭൂഷൺ പുരസ്‌കാരം. 69-ാം റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപിച്ച പത്മ പുരസ്‌കാര പട്ടികയിലാണ് കേരള ക്രൈസ്തവസഭയിലെ വലിയ ഇടയന്റെ പേരുള്ളത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മേൽപ്പട്ട സ്ഥാനം വഹിച്ച ആളാണ് മാർ ക്രിസോസ്റ്റം.

വികാരി ജനറാൾ വട്ടക്കോട്ടാൽ അടങ്ങപ്പുറത്ത് കലമണ്ണിൽ കെ.ഇ. ഉമ്മൻ കശീശയുടെയും കാർത്തികപ്പള്ളി കളയ്ക്കാട്ട് നടുക്കേവീട്ടിൽ ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27നാണ് മാർ ക്രിസോസ്റ്റം ജനിച്ചത്. കോഴഞ്ചേരി ഹൈസ്‌ക്കൂൾ, ഇരവിപേരൂർ സെന്റ് ജോൺസ് ഹൈസ്‌ക്കൂൾ, ആലുവ യുസി കോളജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടിയ അദ്ദേഹം 1940 ലാണ് അങ്കോല ആശ്രമത്തിലെ അംഗമാകുന്നത്.

ബെംഗളൂരു യുണൈറ്റഡ് തിയോളജിക്കൽ കോളജിൽ വൈദിക പഠനം നടത്തിയ അദ്ദേഹം 1944 ജനുവരി ഒന്നിന് ശെമ്മാശനും അതേ വർഷം ജൂൺ മൂന്നിന് തിരുപ്പട്ടവും സ്വീകരിച്ചു. 1944ൽ ബെംഗളൂരു ഇടവക വികാരിയായി നിയമിതനായ അദ്ദേഹം 1978 ൽ സഫ്രഗൻ മെത്രാപ്പൊലീത്ത ആയും 1980ൽ തിരുവനന്തപുരം-കൊല്ലം ഭദ്രാസനാധാക്ഷ്യനായും ഉയർത്തപ്പെട്ടു. 1997 ൽ ചെങ്ങന്നൂർ- തുമ്പമൺ ഭദ്രാസനാധ്യക്ഷനായും 1999 മാർച്ച് 15 ന് ഒഫിഷിയേറ്റിങ് മെത്രാപ്പോലീത്തയായും അദ്ദേഹം നിയമിതനായി. 1999 ഒക്ടോബർ 23 നാണ് ഇരുപതാം മാർത്തോമ്മാ മെത്രാപ്പോലീത്തയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 2007 ഒക്ടോബർ ഒന്നിന് ഔദ്യോഗിക സ്ഥാനത്തുനിന്ന് വിരമിച്ച അദ്ദേഹം ഇപ്പോൾ മാരാമൺ അരമനയിൽ വിശ്രമജീവിതം നയിക്കുകയാണ്.