തടവുകാരെ തേടിയെത്തിയെ മാലാഖ

500

അലോച്വാസിദിയ: പപ്പുവ ന്യൂ ഗനിയയിലെ അലോച്വ, ഗിൽഗിലി, ബൊമന തുടങ്ങിയ പ്രദേശങ്ങളിലുള്ള ജയിലുകളിലെ നിത്യ സന്ദർശകയാണ് സിസ്റ്റർ മാ തെരേസ ട്രിൻഹ് വു ഫുയോംഗ്. ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ മക്കൾ എന്ന വിയറ്റ്‌നാമീസ് സലേഷ്യൻ സമൂഹത്തിലെ അംഗമാണ് സിസ്റ്റർ. ഇപ്പോൾ പപ്പുവ ന്യൂ ഗനിയയിലുള്ള പെൺകുട്ടികൾക്കായുള്ള സ്‌കൂളിലെ അധ്യാപികയാണ്.
പപ്പുവാ ന്യു ഗനിയയിലെ മിഷൻ പ്രവർത്തനവുമായി കഴിയുന്ന സമയത്താണ് തന്റെ രാജ്യത്ത് നിന്നുള്ള പാവപ്പെട്ടവരായ നിരവധി മുക്കുവർ അവിടുത്തെ ജയിലുകളിൽ കഴിയുന്നതായി സിസ്റ്റർ മാ തെരേസ മനസിലാക്കിയത്. അനധികൃത മത്സ്യബന്ധനം നടത്തുന്നവരുടെ കീഴിൽ ജോലി ചെയ്യുന്ന സമയത്ത് പോലീസ് പിടിയിലാകുന്ന ഇവർക്ക് വേണ്ടി ആരും വാദിക്കാനില്ലെന്ന് സിസ്റ്റർ മനസിലാക്കി. ദാരിദ്യം കൊണ്ട് വലഞ്ഞ അവസരത്തിലാണ് ഇവരിലേറെപ്പേരും ഇതിന് ഇറങ്ങി പുറപ്പെട്ടത്.

അന്യരാജ്യത്ത് ഭാഷപോലും അറിയാതെ ജയിലിൽ അനിശ്ചിതകാലം കഴിച്ചുകൂട്ടേണ്ടിവരുമായിരുന്ന ഇവരുടെ പക്കലേക്ക് ദൈവം അയച്ച മാലാഖയായി സിസ്റ്റർ മാ തേരേസ മാറി. അവർക്ക് വേണ്ട നിയമോപദേശം നൽകി. കോടതി നടപടികളിൽ അവരുടെ വിവർത്തകയായി. കുടുംബാംഗങ്ങളെക്കുറിച്ച് ഒരു വിവരവുമില്ലാതെ വേദനിച്ചിരിക്കുന്ന നാട്ടിലുള്ള ഇവരുടെ കുടുംബാംഗങ്ങളുമായി സിസ്റ്റർ ബന്ധപ്പെട്ടു. ഇവരുടെ ഫൈനുകളടയ്ക്കാനും തിരികെ നാട്ടിലേക്കുള്ള വിമാന ടിക്കെറ്റെടുക്കാനും സഹായിച്ചത് സിസ്റ്റർ തെരേസയായിരുന്നു. ഇതുവരെ 87 തൊഴിലാളികളാണ് സിസ്റ്റർ മാ തെരേസിന്റെ പ്രവർത്തനഫലമായി തങ്ങളുടെ നാടിന്റെ സുരക്ഷിതത്വത്തിലേക്ക് മടങ്ങിയത്.

സാധാരണഗതിയിൽ ഇത്തരത്തിൽ പിടികൂടുന്ന മുക്കുവരുടെ കാര്യം അധികൃതർ മറുന്നുപോവുകയാണ് പതിവെന്ന് അലോച്വ-സിദിയ ബിഷപ് റൊളണ്ടോ സാന്തോസ് പറഞ്ഞു. വിയറ്റ്‌നാമീസ് മത്സ്യതൊഴിലാളികൾ മനുഷ്യക്കടത്തിന് ഇരകളാകുന്ന സാഹചര്യമാണുള്ളത്. ഗൗരവമായ മനുഷ്യാവകാശലംഘനമാണ് ഇവിടെ നടക്കുന്നത്. ഇത് അടിയന്തിരമായ അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ബിഷപ് ആവശ്യപ്പെട്ടു.

മിലൈൻ രൂപതയുടെ ഗവർണർ തന്നെ സിസ്റ്ററിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കേട്ടറിഞ്ഞ് സിസ്റ്റർ മാ തെരേസിനെ അഭിനന്ദിച്ചിരുന്നു. സന്യാസസഭയുടെയും രൂപതയുടെയും പിന്തുണയോടെ ഈ നല്ല സമറായ പ്രവർത്തനങ്ങൾ തുടരുകയാണ്. 18 തടവുകാരുടെ മോചനം കൂടി ഉടൻ സാധ്യമാകുമെന്ന് സിസ്റ്റർ പങ്കുവച്ചു.