തിരുക്കല്ലറയിലേക്ക് ത്രീഡി തീർത്ഥയാത്ര; പ്രദർശനം നവംബർ 15 മുതൽ

0
299

വാഷിങ്ടൺ ഡിസി: സാമ്പത്തിക ബുദ്ധിമുട്ടുമൂലമോ അനാരോഗ്യം മൂലമോ ജറുസലേമിലെ യേശുവിന്റെ തിരുക്കല്ലറയിലെത്തി പ്രാർത്ഥിക്കാനാകാത്തവർ നിരാശരാകേണ്ട. അടുത്തയാഴ്ച വാഷിംഗ്ടണിലെ നാഷണൽ ജിയോഗ്രഫിക് മ്യൂസിയത്തിൽ യേശുവിന്റെ തിരുക്കല്ലറയിലേയ്ക്കുള്ള ത്രിമാന (ത്രീഡി) സാങ്കൽപ്പിക തീർത്ഥയാത്ര തുടങ്ങും. നവംബർ 15 മുതൽ 2018 ഓഗസ്റ്റ് 15 വരെയാണ് ത്രിമാന സാങ്കൽപ്പിക തീർത്ഥയാത്ര നടക്കുക. ക്രൈസ്തവ ചരിത്രത്തിലെ ഏറ്റവും ആരാധ്യമായ യേശുവിന്റെ തിരുക്കല്ലറയിലെ കാഴ്ചകളാണ് ജിയോഗ്രഫിക് മ്യൂസിയത്തിലൊരുക്കുന്നത്.

തീർത്ഥാടനയാത്രയുടെ അനുഭവമുണ്ടാക്കുക എന്നതാണ് ഈ പ്രദർശനത്തിന്റെ ലക്ഷ്യം. ‘ജിഞ്ജാസയുള്ളതിനാലാണ് ആളുകൾ വിനോദസഞ്ചാരത്തിന് പോകുന്നത്. എന്നാൽ തീർത്ഥാടകൾ പവിത്രമായ ഒരു നിയോഗത്തിനായാണ് തീർത്ഥാടന സ്ഥലങ്ങളിലെത്തുന്നത്. കാമരില്ലോ സെന്റ് ജോൺസ് സെമിനാരിയിലെ അക്കാമിക് ഡീനും ദൈവശാസ്ത്ര പ്രൊഫസറുമായ ആന്റണി ലില്ലെസ് പറഞ്ഞു. ചരിത്രപരമായ അറിവുകൾ നേടുന്നതിനുമപ്പുറം ക്രിസ്തുവുമായി കൂടുതൽ ഐക്യപ്പെടാനും ഈ സാങ്കൽപ്പിക തീർത്ഥാടനം സഹായിക്കുമെന്നും’. അദ്ദേഹം വ്യക്തമാക്കി.

തീർത്ഥാടനത്തിനെത്തുന്നവർ എത്തുന്നവർ നന്നായി പ്രാർത്ഥിച്ച് ഒരുങ്ങി എത്തണമെന്നും സന്ദർശനത്തിന് മുൻപ് ആളുകൾ യേശുവിന്റെ പീഢാനുഭവങ്ങളും ഉയിർപ്പുമടങ്ങിയ സുവിശേഷം വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘ത്രിമാന തീർത്ഥയാത്രയിൽ ഒരുസ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകുമ്പോൾ ധ്യാനിക്കാൻ തീർത്ഥാടകൻ ഒരു പ്രാർത്ഥനയോ തിരുവചനമോ തെരഞ്ഞെടുക്കണം. ഇതെല്ലാം പാലിച്ചാൽ യഥാർത്ഥ തീർത്ഥാടനത്തിന്റെ ഫലങ്ങൾ ഇവിടെനിന്നും ലഭിക്കും’. അദ്ദേഹം വ്യക്തമാക്കി.

കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മയായ വിശുദ്ധ ഹെലേനയാണ് നാലാം നൂറ്റാണ്ടിൽ യേശുവിന്റെ തിരുക്കല്ലറ കണ്ടെത്തിയത്. എഡി 326 ൽ കോൺസ്റ്റന്റൈൻ ചക്രവർത്തി തിരുക്കല്ലറയുടെ ദൈവാലയം പണിയുകയും ചെയ്തു. യേശുവിന്റെ ശരീരം വെച്ചിരുന്ന പാറയാണ് തിരുക്കല്ലറയുടെ കേന്ദ്രഭാഗം.

ഈയിടെയാണ് ഒരുവർഷം നീണ്ട തിരുക്കല്ലറയുടെ പുനരുദ്ധാരണ പണികൾ പൂർത്തിയായത്. സാങ്കൽപ്പിക പ്രദർശനം സന്ദർശകരെ വിശുദ്ധ സ്ഥലത്തിന്റെ ചരിത്രത്തിലേക്ക് കൊണ്ടുപോകുന്നതിനൊപ്പം പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരിക്കുന്ന നവീന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുകയും ചെയ്യും.