തിരുസഭയിൽ സഭാമാതാവിന്റെ തിരുനാളാഘോഷിക്കും

0
299

വത്തിക്കാൻ : പരിശുദ്ധ കന്യകാമാതാവിനോടുള്ള ഭക്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തിരുസഭയിൽ സഭാമാതാവിന്റെ തിരുനാളാഘോഷിക്കും. ദൈവാരാധന, കൂദാശകളുടെ ശിക്ഷണം എന്നിവയ്ക്കായുള്ള സംഘമാണ് ശനിയാഴ്ച സഭയുടെ മാതാവ് എന്ന ശീർഷകത്തിലുള്ള തിരുനാൾ പ്രഖ്യാപിച്ചത്.

എല്ലാവർഷവും പന്തക്കുസ്താ കഴിഞ്ഞുവരുന്ന തിങ്കളാഴ്ച സഭാജനനിയായ പരിശുദ്ധ കന്യകാമറിയത്തിൻറെ തിരുനാൾ ആഘോഷിക്കണമെന്ന് ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ചിരുന്നു. ആരാധനാക്രമം സംബന്ധിച്ച പഞ്ചാംഗങ്ങളിലും തിരുക്കർമ്മ ഗ്രന്ഥങ്ങളിലും യാമപ്രാർത്ഥനകളിലും ഈ ഓർമ്മയാചരണം ഉൾപ്പെടുത്തണമെന്നും പാപ്പാ നിഷ്‌ക്കർഷിച്ചിട്ടുണ്ട്.

വൈദികരിലും സമർപ്പിതരിലും അല്മായവിശ്വസികളിലും സഭയുടെ മാതൃത്വാവബോധവും പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തിയും വളർത്താൻ സഭാമാതാവിനോടുള്ള വണക്കം പരിപോഷിപ്പിക്കുന്നതിലൂടെ സാധിക്കും. ഈ ബോധ്യത്തിലാണ് ഫ്രാൻസീസ് പാപ്പാ സഭാമാതാവിന്റെ തിരുനാൾ ഏർപ്പെടുത്തിയത്. ദൈവികാരാധന, കൂദാശകളുടെ ശിക്ഷണം എന്നിവയ്ക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ റോബെർട്ട് സാറയും ആർച്ച്ബിഷപ്പ് ആർതർ റോഷും ഒപ്പുവച്ചിരിക്കുന്ന പ്രഖ്യാപനത്തിൽ പറയുന്നു.

ആരാധനവത്സര കലണ്ടറിൽ ഈ ദിനം ചേർക്കണമെന്ന് നിർദേശിച്ചത് ആ ദിവസം പ്രത്യേകമായി അനുസ്മരിക്കേണ്ടതിനും തിരുനാളിന്റെ ചൈതന്യത്തിനുതകുന്ന വായനകളും മറ്റും വിശുദ്ധ കുർബാനയിൽ ഉൾപ്പെടുത്തേണ്ടതിനും വേണ്ടിയാണെന്നും വത്തിക്കാൻ അറിയിച്ചു.