തുർക്കി പ്രസിഡൻറ് ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി

99

വത്തിക്കാൻ സിറ്റി: തുർക്കി പ്രസിഡന്റ് റസിപ് ഏർദോഗൻ ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. അൻപത്തിയൊൻപത് വർഷങ്ങൾക്കു ശേഷമാണ് ഒരു തുർക്കി പ്രസിഡന്റ് ഫ്രാൻസിസ് പാപ്പയെ കാണാൻ വത്തിക്കാനിലെത്തുന്നത്. ഭാര്യയും മകളും അഞ്ചു മന്ത്രിമാരും ഏർദോഗനൊപ്പമുണ്ടായിരുന്നു.

വത്തിക്കാനും തുർക്കിയുമായുള്ള ബന്ധവും നിലവിൽ തുർക്കി നേരിടുന്ന പ്രത്യേകസാഹചര്യങ്ങളും എർദോഗൻ ഫ്രാൻസിസ് പാപ്പയുമായി ചർച്ച ചെയ്തു. തുർക്കിയിയിലെ കത്തോലിക്കാ വിശ്വാസിസമൂഹം, അഭയാർഥികളുടെ സ്വീകരണവും- പ്രശ്‌നങ്ങളും എന്നിവയും കൂടിക്കാഴ്ചയിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു. ജറുസലേമിലെയും പശ്ചിമേഷ്യയിലെയും പ്രശ്‌നങ്ങൾ പരിഹരിച്ച് മേഖലയിൽ സമാധാനം സ്ഥാപിക്കണമെന്നും മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര നിയമങ്ങളും പാലിക്കപ്പെടണമെന്നും ഇരുവരും ചൂണ്ടിക്കാട്ടി.

ഒരു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ച്ചയ്‌ക്കൊടുവിൽ ഇരുവരും സമ്മാനങ്ങൾ കൈമാറി. യുദ്ധപ്പിശാചിനെ വധിക്കുന്ന സമാധാനത്തിന്റെ മാലാഖയുടെ രൂപത്തിലുള്ള ലോക്കറ്റ് പാപ്പ എർദോഗന് സമ്മാനിച്ചപ്പോൾ മൗലാന റൂമിയുടെ പുസ്തകങ്ങളടക്കമുള്ള സമ്മാനങ്ങളാണ് എർദോഗൻ പാപ്പയ്ക്ക് നല്കിയത്. പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ, വത്തിക്കാൻറെ വിദേശകാര്യാലയ മേധാവി ആർച്ച് ബിഷപ്പ് പോൾ ഗാല്ലഗെർ എന്നിവരുമായും എർദോഗൻ കൂടിക്കാഴ്ച നടത്തി.