ദയാവധത്തിന് അനുവാദം: സുപ്രീംകോടതി വിധി വേദനാജനകമെന്ന് ഡോ. സൂസപാക്യം

0
282

തിരുവനന്തപുരം: അന്തസോടെയുള്ള മരണം പൗരന്റെ ഭരണഘടനാവകാശമെന്ന് പരാമർശിച്ചുകൊണ്ട് ഉപാധികളോടെ ദയാവധം അനുവദിച്ച സുപ്രീംകോടതി വിധി വേദനാജനകമാണെന്നു കെ.സി.ബി.സി പ്രസിഡന്റ് ആർച്ച്ബിഷപ്പ് ഡോ. സൂസപാക്യം. ദയാവധം, അത് ഏതുവിധേയനയാണെങ്കിലും അനുവദിക്കുന്നതു ഖേദകരവും പ്രതിഷേധാർഹവുമാണെന്നും അദ്ദേഹം പറഞ്ഞു.

ജീവന്റെ അവകാശം ദൈവത്തിനാണ്. രോഗവും പ്രായാധിക്യവുംമൂലം ബുദ്ധിമുട്ടുന്ന ഒരാളെ ദയയുടെയോ സഹതാപത്തിന്റെയോ പേരിൽ വധിക്കുന്നതു മനുഷ്യസ്‌നേഹികൾക്ക് അംഗീകരിക്കാനാവില്ല. പ്രായാധിക്യവും രോഗവുംമൂലം വേദന അനുഭവിക്കുന്നവരെ മനുഷ്യസാധ്യമായ സംവിധാനങ്ങളോടെ ആശ്വസിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്തു സ്വസ്ഥമായ ഒരു മരണം അനുവദിക്കുന്നതാണ് കരണീയം.

ഉപാധികളോടെ ദയാവധമാകാമെന്ന കോടതിവിധി ദൂരവ്യാപകമായ വിപത്തുകൾക്ക് ഇടവരുത്തും. ഒരു വ്യക്തിയുടെ മരണതാൽപ്പര്യം അനുസരിച്ച് ആ വ്യക്തിക്ക് ഉപാധികളോടെ മരണം ആകാമെന്നു പറയുന്ന കോടതി, മരണപത്രമില്ലെങ്കിൽ ബന്ധുക്കൾക്കു കോടതിയെ സമീപിക്കാമെന്നു മുന്നോട്ടുവച്ചിട്ടുള്ള നിർദേശം ദുരുപയോഗം ചെയ്യപ്പെടാൻ ഇടയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.