ദരിദ്രർ ക്രിസ്തുവിന്റെ മുഖങ്ങൾ: ഫ്രാൻസിസ് പാപ്പ

0
405

വത്തിക്കാൻ: ദരിദ്രർക്ക് നമ്മെ രക്ഷിക്കാനുള്ള ശക്തിയുണ്ടെന്നും കാരണം നാമവരിൽ ക്രിസ്തുവിന്റെ മുഖമാണ് കാണുന്നതെന്നും ഫ്രാൻസിസ് പാപ്പ. ദരിദ്രർക്കായി പ്രഖ്യാപിച്ച ആദ്യ ലോക ദിനത്തിൽ വത്തിക്കാനിൽ ദിവ്യബലിയർപ്പിക്കുകയായിരുന്നു അദ്ദേഹം. ‘പാവങ്ങളിൽ നമ്മൾ യേശുവിന്റെ സാന്നിദ്ധ്യം അറിയുന്നു. സമ്പന്നനായിരുന്നിട്ടും അവൻ ദരിദ്രനായി. പറുദീസയിലേക്കുള്ള നമ്മുടെ പാസ്‌പോർട്ടാണ് ദരിദ്രർ. നമ്മുടെ യഥാർത്ഥ ധനം എന്ന നിലയിൽ പാവങ്ങളെ കരുതേണ്ടത് നമ്മുടെ സുവിശേഷപരമായ കടമയാണ്’. അദ്ദേഹം പറഞ്ഞു. സ്‌നേഹം വാക്കിലല്ല പ്രവർത്തിയിലാണ് എന്നതാണ് ദരിദ്രർക്കായുള്ള ആഗോള ദിനത്തിന്റെ ഈ വർഷത്തെ പ്രമേയം.

‘ദരിദ്രരോട് കാണിക്കുന്ന അലംഭാവം വലിയ പാപമാണ്. ജീവിതകാലത്ത് പാപം ചെയ്യാതിരുന്നതുകൊണ്ട് മാത്രമായില്ല , ദരിദ്രരെ സഹായിക്കുകകയും വേണം. സ്വർഗ്ഗത്തിൽ പ്രവേശനം ലഭിക്കുന്നതിന്റെ മാനദണ്ഢം നമുക്ക് എന്തുണ്ട് എന്നതല്ല. ദരിദ്രർക്ക് നാമെന്ത് നൽകി എന്നതാണ്’. അദ്ദേഹം പറഞ്ഞു. സുവിശേഷവത്ക്കരണ സമിതിയുടെ കണക്കനുസരിച്ച് യൂറോപ്പിലുള്ള ഏഴായിരം ദരിദ്രരും ലോകമെങ്ങുനിന്നുമുളള കുറച്ച് കുടിയേറ്റക്കാരും തങ്ങളെ സംരക്ഷിക്കുന്ന ആളുകൾക്കൊപ്പം പാപ്പ അർപ്പിച്ച ദിവ്യബലിയിൽ പങ്കെടുത്തു.

അതേസമയം പാവങ്ങളുടെ ദിനാചരണത്തിന് മുന്നോടിയായി സുവിശേഷവത്ക്കരണ സമിതിയുടെ പ്രസിഡന്റായ ആർച്ച് ബിഷപ്പ് റിനോ ഫിസിചെല്ലയുടെ നേതൃത്വത്തിൽ ജാഗരണ പ്രാർത്ഥന നടന്നിരുന്നു. ദിവ്യബലിയർപ്പണത്തിന് ശേഷം റോമിലെ വിവിധ കേന്ദ്രങ്ങളിലും പോൾ ആറാമൻ ഹാളിലുമായി ദരിദ്രർക്ക് ഭക്ഷണം നൽകി.

ഈ മാസം 13 മുതൽ 19 വരെ ദരിദ്രർക്കായി വിപുലമായ സൗജന്യ ചികിത്സാസൗകര്യവും വത്തിക്കാനൊരുക്കിയിരുന്നു. പാപ്പയുടെ കാരുണ്യജീവിതത്തോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഇറ്റലിയിലും ലോകമെങ്ങും പാവങ്ങളുടെ ദിനത്തിൽ വിവിധ പരിപാടികളാണ് അരങ്ങേറിയത്. ഫ്രാൻസീസ് പാപ്പ പ്രഖ്യാപിച്ച കാരുണ്യവർഷത്തോടനുബന്ധിച്ചാണ് പാവങ്ങൾക്കുവേണ്ടിയുള്ള ആഗോളദിനം പ്രഖ്യാപിക്കപ്പെട്ടത്. നവസുവിശേഷവത്കരണ പ്രോത്സാഹനത്തിനായുള്ള പൊന്തിഫിക്കൽ സമിതിയാണ് ദിനത്തിന്റെ രൂപരേഖയും ലോഗോയും തയാറാക്കിയത്.

അതേസമയം, സഭയിലെ എല്ലാ ദൈവാലയങ്ങളിലും പാവങ്ങളുടെ ദിനത്തോടനുബന്ധിച്ച് കാരുണ്യപ്രവർത്തനങ്ങൾ നടത്തണമെന്നും കരുണയുടെ സ്വഭാവം ഒരു ദിനത്തിൽ മാത്രമൊരുങ്ങുന്നതെന്നും സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞിരുന്നു.