ദളിത്, ആദിവാസി വിദ്യാര്‍ത്ഥിനികള്‍ക്കുള്ള സിബിസിഐ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

0
587

ഹൈദരാബാദ്: കത്തോലിക്കരായ ദളിത്, ആദിവാസി വിഭാഗങ്ങളില്‍ നിന്ന് 10-ാം ക്ലാസിലും 12-ാം ക്ലാസിലും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പെണ്‍കുട്ടികളെ അംഗീകരിക്കുവാനുള്ള ഭാവാത്മകമായ ശ്രമമാണിതെന്ന് ചടങ്ങില്‍ പ്രസംഗിച്ച സ്ത്രീകള്‍ക്കായുള്ള സിബിസിഐ കൗണ്‍സില്‍ സെക്രട്ടറി സിസ്റ്റര്‍ താലിഷ നടുകുടിയില്‍ പറഞ്ഞു. സ്ത്രീകള്‍ക്കായുള്ള സിബിസിഐ കൗണ്‍സിലും ദളിതര്‍ക്കും ആദിവാസികള്‍ക്കുമായുള്ള സിബിസിഐ ഓഫീസുകളും സംയുക്തമായാണ് അവാര്‍ഡ് സമ്മാനിച്ചത്.
ദളിതരും ആദിവാസികളുമായ സ്ത്രീകളുടെ ബൗദ്ധികശേഷി പുറംലോകത്തിന് മുന്നില്‍ അംഗീകരിക്കപ്പെടുവാന്‍ അവാര്‍ഡ് നിമിത്തമാകുമെന്ന് സിസ്റ്റര്‍ നാടുകുടിയില്‍ പറഞ്ഞു. സാമ്പത്തികവും, സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ വെല്ലുവിളികളെ അതിജീവിച്ച് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഒന്നാമതെത്തിയവര്‍ക്കാണ് അവാര്‍ഡ് നല്‍കിയതെന്ന് എസ്ഡി സന്യാസിനിയായ സിസ്റ്റര്‍ നാടുകുടിയില്‍ വ്യക്തമാക്കി.
75 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ എല്ലാ വിദ്യാര്‍ത്ഥിനികള്‍ക്കും പ്രോത്സാഹന സമ്മാനം നല്‍കി. ആന്ധ്രാ തെലുങ്കാന പ്രാദേശിക ബിഷപ്‌സ് കോണ്‍ഫ്രന്‍സ് സമ്മേളനത്തിലാണ് അവാര്‍ഡ് ജേതാക്കളുടെ പേരുകള്‍ പ്രഖ്യാപിച്ചത്.