ദുരന്തങ്ങളെ സംഘടിതമായി നേരിടുമ്പോള്‍ അതിജീവനശേഷി വര്‍ധിക്കും: മാര്‍ മനത്തോടത്ത്‌

0
1397

പ്രളയം തകര്‍ത്തെറിഞ്ഞ ഗ്രാമങ്ങളുടെ പുനര്‍നിര്‍മാണം ലക്ഷ്യമിട്ട് എറണാകുളം-അങ്കമാലി അതിരൂപത ആവിഷ്‌കരിച്ച നാമൊന്നായ് പദ്ധതിക്ക് തുടക്കമായി.
കാരുണ്യ പ്രവാഹം എന്ന പേരില്‍ അതിരൂപത നടപ്പാക്കിവരുന്ന പ്രളയാനന്തര പുനരധിവാസ പദ്ധതിയുടെ പുതിയ ഘട്ടമായി പ്രളയ ദുരിതം തീവ്രമായി ബാധിച്ച ഗ്രാമങ്ങളെ കഴിവുള്ള ഇടവകകളുമായോ സന്യാസ സമൂഹങ്ങളുമായോ ബന്ധപ്പെടുത്തി പുനര്‍നിര്‍മാണം സാധ്യമാക്കുന്നതാണ് പദ്ധതി.
വീടും ജീവിതമാര്‍ഗങ്ങളും നഷ്ടമായവര്‍ക്ക് ഒരു വര്‍ഷക്കാലത്തെ നിരന്തര ഇടപെടലുകളിലൂടെ അവ നേടിയെടുക്കാന്‍ പ്രാപ്തി നല്‍കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ അതിരൂപതാതല ഉദ്ഘാടനം ആലങ്ങാട് കുന്നേല്‍ ഇന്‍ഫന്റ് ജീസസ് ദൈവാലയത്തില്‍ അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് നിര്‍വഹിച്ചു.
ദുരിതത്തിന്റെ ആഴങ്ങളില്‍ കൈത്താങ്ങിനായി ആഗ്രഹിക്കുന്നവര്‍ക്ക് പ്രതീക്ഷയുടെയും സമാശ്വാസത്തിന്റെയും നീളുന്ന കരങ്ങളാകുക എന്നത് മാനുഷികമായ കടമയും ദൈവികമായ പ്രവൃത്തിയുമാണെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തങ്ങളെ സംഘടിതമായി നേരിടുമ്പോള്‍ ആത്മവിശ്വാസവും അതിജീവനശേഷിയും വര്‍ധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആലങ്ങാട് കുന്നേല്‍ ഗ്രാമത്തിന്റെ അതിജീവന വഴികളില്‍ സഹകാരിയാവുന്ന ഇളംകുളം ലിറ്റില്‍ ഫ്‌ളവര്‍ ഇടവകയില്‍ നിന്ന് വികാരി ഫാ. തോമസ് മങ്ങാട്ടും ഇടവക പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു. നാമൊന്നായ് പദ്ധതിയുടെ പ്രതീകാത്മക തുടക്കമായി ജീവനോപാധി നഷ്ടപ്പെട്ട ഒരു കുടുംബത്തിന് തയ്യല്‍ മെഷിന്‍ നല്‍കി.
പറവൂര്‍ ഫൊറോനാ വികാരി ഫാ. പോള്‍ കരേടന്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഏകോപനം നിര്‍വഹിക്കുന്ന അതിരൂപത സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി പദ്ധതി വിശദീകരണം നടത്തി. ജാതി മത പരിഗണനകള്‍ കൂടാതെ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും മാനുഷിക ബന്ധങ്ങളും പ്രകൃതിയോടുള്ള ബന്ധവും വളര്‍ത്തുന്ന ജീവിത സംസ്‌കാരം ഇതിലൂടെ വളര്‍ന്നുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു
ആലങ്ങാട് ഇടവക വികാരി ഫാ. റോജന്‍ നങ്ങേലിമാലില്‍, ഇളംകുളം ഇടവക വികാരി ഫാ. തോമസ് മങ്ങാട്ട്, ഫാ. ജോണ്‍സണ്‍ വേങ്ങയ്ക്കല്‍, വിവി ആന്റണി, ജക്‌സി വര്‍ക്കി, ലിന്റോ അഗസ്റ്റിന്‍, ലുലു ബിജു, ബെന്നി വാഴപ്പിള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.