ദൃഷ്ടി പതിയണം നിറവുകളിൽ

0
418

 

ആഘോഷപൂർവമായിരുന്നു ആ വിവാഹം. സ്‌നേഹത്തിലും ഒരുമയിലുമാണ് അവർ ജീവിച്ചത്. ഏതാനും മാസം കഴിഞ്ഞപ്പോൾ ഒരു ദിവസം ഭാര്യ പറഞ്ഞു: ‘വിവാഹത്തിനുമുമ്പ് വായിച്ച ഒരു ലേഖനത്തിൽ വിവാഹബന്ധം ആഴപ്പെടുത്തുന്നതിനുള്ള ചില മാർഗനിർദേശങ്ങൾ ഉണ്ടായിരുന്നു. അത് നമുക്കും ഉപകാരപ്പെടുമെന്ന് തോന്നുന്നു.’

‘നല്ലതാണെങ്കിൽ സ്വീകരിക്കുന്നതിന് എന്താ കുഴപ്പം,’ ഭർത്താവ് പ്രോത്സാഹിപ്പിച്ചു. അതു കേട്ടപ്പോൾ പറയാനുള്ള അവളുടെ ഉത്സാഹം വർധിച്ചു. ‘ഭാര്യയുടെ സ്വഭാവത്തിലെ പോരായ്മകളുടെ ഒരു പട്ടിക ഭർത്താവും ഭർത്താവിന്റെ കുറവുകളുടെ പട്ടിക ഭാര്യയും തയാറാക്കണം. എന്നിട്ട് രണ്ടു പേരും ഒരുമിച്ചിരുന്ന് അവ പരിശോധിച്ച് മാറ്റങ്ങൾ വരുത്തിയാൽ ജീവിതം കൂടുതൽ ആനന്ദകരമാകും,’ ഭാര്യ പറഞ്ഞു.

പട്ടിക തയാറാക്കേണ്ട വിധവും അവൾ വിവരിച്ചു. രണ്ടു പേരും വ്യത്യസ്ത ഇടങ്ങളിലിരുന്നാണ് പട്ടിക തയാറാക്കേണ്ടത്. അതിനായി അന്നു രാത്രിയിൽ രണ്ടു മുറികളിലാണ് അവർ കഴിഞ്ഞത്. പിറ്റേന്ന് പ്രഭാതഭക്ഷണം കഴിക്കുമ്പോൾ നിർദേശങ്ങൾ ചർച്ചചെയ്യാമെന്നും തീരുമാനിച്ചു. പറഞ്ഞതുപോലെ ഭാര്യയും ഭർത്താവും ഭക്ഷണമേശയിൽ ഒത്തുചേർന്നു.

‘ആദ്യം ഞാൻ വായിക്കാം,’ ഭാര്യ പറഞ്ഞു. മൂന്ന് പേജുള്ള പട്ടികയായിരുന്നു ഭാര്യയുടേത്. ഭർത്താവിന്റെ ചെറിയ പോരായ്മകൾവരെ എണ്ണമിട്ട് രേഖപ്പെടുത്തിയിരുന്നു. വായിച്ചു മുഖം ഉയർത്തിയപ്പോൾ കണ്ണ് തുടക്കുന്ന ഭർത്താവിനെയാണ് അവൾ കണ്ടത്. ‘എന്തു പറ്റി?’ ഭാര്യ ചോദിച്ചു. ‘ഏയ്, ഒന്നുമില്ല,’ സങ്കടത്തിൽ പൊതിഞ്ഞ ചിരിയോടെ ഭർത്താവ് പറഞ്ഞു.

‘ഇനി അങ്ങയുടെ നിർദേശങ്ങൾ വായിച്ചിട്ട് നമുക്ക് ചർച്ചനടത്താം,’ ഭാര്യ പറഞ്ഞതുകേട്ട് ഭർത്താവ് തുടർന്നു: ‘എനിക്ക് ഒന്നും എഴുതാൻ കിട്ടിയില്ല. ഞാൻ ആലോചിച്ചപ്പോഴെല്ലാം പോരായ്മകൾക്കുപകരം നീ എന്നോട് കാണിക്കുന്ന സ്‌നേഹവും കരുതലുമാണ് മനസിലേക്ക് വന്നത്.’ ഭർത്താവിന്റെ വാക്കുകൾ കേട്ടപ്പോൾ ഭാര്യയുടെ കണ്ണുകൾ നിറഞ്ഞു.

മുമ്പെങ്ങും ഇല്ലാത്തവിധം മലയാളികളുടെ ഇടയിൽ കുടുംബത്തകർച്ചകളുടെ എണ്ണം കൂടിവരികയാണ്. പഴയ കാലവുമായി താരതമ്യപ്പെടുത്തിയാൽ അറിവും അനുഭവങ്ങളും വർധിച്ചിട്ടുണ്ട്. വിവാഹത്തിനായുള്ള ഒരുക്കങ്ങൾക്കും അന്വേഷണങ്ങൾക്കും പ്രാധാന്യവും കൂടി. എന്നിട്ടും തകരുന്ന വിവാഹബന്ധങ്ങളുടെ എണ്ണം വർധിക്കുകയാണെന്നത് ഗൗരവത്തോടെ കാണണം. എവിടെയൊക്കെയോ ചില പാളിച്ചകൾ സംഭവിക്കുന്നുണ്ടെന്ന് തിരിച്ചറിയണം.

ആധുനിക മന$ശാസ്ത്ര ടെക്‌നിക്കുകൾ പ്രായോഗിക ജീവിതത്തിൽ പ്രയോജനപ്പെടുത്തുന്നതിൽ തെറ്റില്ല. എന്നാൽ, കുടുംബജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് സ്‌നേഹമാണ്. പോരായ്മകളില്ലാത്ത വ്യക്തികളെ കണ്ടെത്താനാവില്ല. കുറവുകളിലേക്ക് നോക്കാതെ നിറവുകളിലേക്ക് ദൃഷ്ടിപതിപ്പിക്കുമ്പോഴാണ് ജീവിതം ആഹ്ലാദകരമാകുന്നത്. എന്നുകരുതി ഏതുവിധത്തിൽ വേണമെങ്കിലും ജീവിക്കാമെന്നല്ല. ഞാൻ എന്റെ ഇഷ്ടമനുസരിച്ച് ജീവിക്കും, എന്റെ നന്മകളിലേക്കുമാത്രം നോക്കിയാൽമതി എന്നൊന്നും ചിന്തിക്കരുത്.

പ്രമുഖ വാഗ്മിയും പണ്ഡിതനുമായ ബിഷപ്പ് ഫുൾട്ടൻ ജെ.ഷീൻ പറയുന്നത്, ക്രിസ്തീയവിവാഹത്തിൽ മൂന്നു പേരുണ്ടെന്നാണ്. സ്ത്രീയുടെയും പുരുഷന്റെയും നടുവിലായി ക്രിസ്തുവുണ്ട്. വിവാഹത്തിലെ ആത്മീയതയുടെ സ്ഥാനം മറ്റുപലതും ഏറ്റെടുത്തതാണ് കുടുംബബന്ധങ്ങളുടെ തകർച്ചയ്ക്ക് പ്രധാന കാരണം. കുടുംബങ്ങളിൽനിന്ന് ദൈവികസാന്നിധ്യം നഷ്ടമാകുന്നു. ജീവിതത്തിൽനിന്ന് ദൈവത്തെ മാറ്റിനിർത്താൻ തുടങ്ങുമ്പോഴാണ് അസ്വസ്ഥതകൾ ഉടലെടുക്കുന്നത്.

പ്രാർത്ഥനയുടെ പിൻബലത്തിൽ അടിസ്ഥാനമിടുന്ന കുടുംബജീവിതത്തിൽ വിട്ടുവീഴ്ചകൾ ചെയ്യാൻ കഴിയും. അവിടെ സഹിക്കാനും പൊറുക്കാനും മനസുണ്ടാകും. നിസാര പ്രശ്‌നങ്ങളുടെ പേരിൽ ആരംഭിക്കുന്ന തർക്കങ്ങളായിരിക്കും പലപ്പോഴും വിവാഹബന്ധം വേർപ്പെടുത്തും വിധത്തിലേക്ക് വളരുന്നത്. പങ്കാളിയുടെ കുറവുകളിലേക്ക് ദൃഷ്ടികൾ പായുന്നത് സ്‌നേഹം കുറഞ്ഞുതുടങ്ങിയതിന്റെ സൂചനയാണ്.

പോരായ്മകളെ സ്‌നേഹത്തിന്റെ ഭാഷയിൽ തിരുത്താം. സ്‌നേഹം ഉള്ളപ്പോൾ പോരായ്മകൾ ചൂണ്ടിക്കാണിക്കാനുള്ള സ്വാതന്ത്ര്യം രണ്ടുപേർക്കും ഉണ്ടാകും. അവിടെ കുറ്റപ്പെടുത്തലിന്റെ സ്വരം ഉണ്ടാകില്ല. അത്തരം തിരുത്തലുകൾ സ്വീകരിക്കാൻ ആർക്കും മടിയുണ്ടാവില്ല. കുറ്റങ്ങൾ മനസിലേക്ക് വരുമ്പോൾ നന്മകളെക്കുറിച്ച് ചിന്തിക്കണം. അങ്ങനെ ആലോചിക്കാൻ കഴിഞ്ഞാൽ പരാതികളും പരിഭവങ്ങളും തനിയെ ഇല്ലാതാകും.