ദൈവം കൂടെയുണ്ടെങ്കിൽ ആര് നമ്മെ പരാജയപ്പെടുത്തും?

0
837

‘പതിനാറാം വയസിലാണ് ഞാൻ ബീഹാറിലെത്തുന്നത്. എനിക്കവിടുത്തെ പാവങ്ങളെ കാണണം, അവരുടെ സ്ഥിതി മനസിലാക്കി അവർക്കുവേണ്ടി സേവനം ചെയ്യണം എന്നുറപ്പിച്ചാണ് കേരളം വിട്ടത്. പക്ഷേ വലിയ പോഷ് ആയിട്ടുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിപ്പിക്കുന്ന അധ്യാപക ജോലിയാണ് ലഭിച്ചത്. എങ്കിലും എവിടെയാണ് പാവങ്ങൾ ജീവിക്കുന്നതെന്ന് ഞാൻ അന്വേഷിച്ചു.”
ആറു ജില്ലകളിൽ ജോലി ചെയ്തശേഷം മുങ്കേർ ജില്ലയിലെത്തിയപ്പോഴാണ് മുസഹർ സമുദായത്തെ കണ്ടുമുട്ടിയത്. ആദിവാസികളും പാവപ്പെട്ടവരുമായ അവരെ ഛോട്ടാനാഗ്പൂരിൽ നിന്നും റാഞ്ചിയിൽനിന്നും ആട്ടിയോടിച്ചു. ഗംഗാനദിയുടെ തീരങ്ങളിലും അതിനടുത്ത പ്രദേശങ്ങളിലുമാണ് അവർ താമസിച്ചിരുന്നത്. ആദ്യകാലത്ത് അവർക്ക് ഭൂമിയുണ്ടായിരുന്നെങ്കിലും അവരെ പറ്റിച്ച് ഉന്നതർ ഭൂമി കൈക്കലാക്കിയിരുന്നു.
ഇന്നവർക്ക് ഭൂമിയില്ല. റെയിൽവേ, ഇറിഗേഷൻ എന്നിവയുടെ പുറമ്പോക്ക്, റോഡ് വക്കുകൾ എന്നിവിടങ്ങളിലാണ് താമസിക്കുന്നത്. ഞാനവരെപ്പറ്റി പഠിക്കാൻ തുടങ്ങി. വിദ്യാഭ്യാസത്തിൽ പിന്നാക്കം നിൽക്കുന്ന സമുദായം.
1986-ൽ ഞാൻ പാറ്റ്‌ന ജില്ലയിൽവന്ന് മുസഹർ സമുദായത്തിന്റെ കൂടെ ജീവിക്കാൻ തുടങ്ങി. ആ കോളനിയിലെ 19 കുട്ടികളുടെ കൂടെ പാട്ടു പാടുകയും കളിക്കുകയും കഥ പറയുകയുമൊക്കെ ചെയ്ത് അവരുമായി ബന്ധം സ്ഥാപിച്ച് പതുക്കെ അവരെ സ്‌കൂളിലയച്ചു.
അവിടെ 21 വർഷം മുസഹർ സമുദായത്തിന്റെ കൂടെ താമസിച്ചു. ആ ഗ്രാമത്തിലെ ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അവിടുത്തെ സ്ത്രീകളിൽനിന്നും ഞാനറിഞ്ഞു. ബലാൽസംഗം ഒരു കുറ്റകൃത്യമാണെന്ന് ഞാനവരെ പറഞ്ഞു ബോധ്യപ്പെടുത്തി. ഇത് കേസ് കൊടുക്കേണ്ട കാര്യമാണെന്നും മിണ്ടാതെയിരുന്നാൽ എല്ലാവരെയും അവർ മാറി മാറി ഉപയോഗിക്കുമെന്നും ബോധ്യപ്പെടുത്തി. പക്ഷേ അവർക്ക് പേടിയായിരുന്നു പോലീസ് സ്റ്റേഷനിൽ വരാനും മറ്റും. ഞാൻ പറഞ്ഞു: നമുക്ക് ഒരുമിച്ച് പോകാം. മൂന്നു ദിവസത്തെ പരിശ്രമത്തിനുശേഷമാണ് കേസ് കൊടുക്കാൻ അവർ തയാറായത്.
പോലിസ് സ്റ്റേഷനിൽ ഞങ്ങൾ ചെന്നപ്പോൾ പോലിസ് കേസ് എടുക്കാൻ മടിച്ചു. മുഷിഞ്ഞ വസ്ത്രം ധരിച്ച ഇവരെ ആരെങ്കിലും ബലാൽസംഗം ചെയ്യുമോ? – ഇതായിരുന്നു പോലിസ് ഭാഷ്യം. എന്നെ കോടതിയിൽ കണ്ടിട്ടുള്ളതുകൊണ്ട് അവസാനം പോലിസ് കേസ് ചാർജ് ചെയ്യാമെന്നുവച്ചു. എന്തായാലും മുസഹർ സമുദായത്തിലെ ബലാൽസംഗത്തിനിരയായവർക്കെതിരെയുള്ള ആദ്യ കേസായിരുന്നു ഇത്. പ്രതിയെ അറസ്റ്റ് ചെയ്തു. അതുകഴിഞ്ഞ് രണ്ടു വർഷത്തിനുള്ളിൽ ഒമ്പത് റേപ്പ് കേസുകൾ രജിസ്റ്റർ ചെയ്യാൻ ഞാൻ സഹായിച്ചു. ഈ കേസ് കോടതിയിൽ വാദിച്ചതും ഞാൻതന്നെയായിരുന്നു.
സ്ത്രീകളുടെ അവകാശങ്ങൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ ഞങ്ങൾ അവർക്ക് മനസിലാക്കിക്കൊടുത്തു. ഇപ്പോൾ ഞങ്ങളുടെ ടീം അവിടെയില്ലെങ്കിലും സ്ത്രീകൾ മുൻകൈയെടുത്ത് ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്യുന്നു.
ഞാൻ സൈക്കിൾ ചവിട്ടിയാണ് എന്റെ ഏരിയ മുഴുവൻ ജോലി ചെയ്യുന്നത്. ലൈംഗികമായി ദുരുപയോഗിക്കപ്പെടുന്ന പെൺകുട്ടികളെ റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്റുകളിലും ഉപേക്ഷിക്കുമ്പോൾ പോലിസ് അവരെ ഞങ്ങളെയാണ് ഏൽപിക്കുക. നൂറ് കുട്ടികൾക്ക് കൗൺസലിങ്ങ് കൊടുത്ത് അവരുടെ വീടുകൾ കണ്ടെത്തി മാതാപിതാക്കളെ ഏൽപിച്ചു.
കുറച്ച് സ്ത്രീകളെ ഞാൻ ചെണ്ട കൊട്ടാൻ പഠിപ്പിച്ചു. കല്യാണത്തിനും ഗവൺമെന്റ് പ്രോഗ്രാമുകളിലും സ്വീകരണ സമ്മേളനങ്ങളിലും അവർ ചെണ്ട കൊട്ടും. ഡൽഹി, ഭുവനേശ്വർ എന്നീ സ്ഥലങ്ങളിലേക്കും അവർ ചെണ്ട കൊട്ടാൻ പോകുന്നു. ഇപ്പോൾ അവർ വളരെ ശക്തരാണ്. എന്റെ ഹോസ്റ്റലിലെ പെൺകുട്ടികളെ കരാട്ടെ പഠിപ്പിക്കുന്നുണ്ട്. ജപ്പാനിലേക്കും അർമേനിയയിലേക്കും അവർ പോയി കരാട്ടെ ചാമ്പ്യൻഷിപ്പിൽ ജയിച്ചുവന്നു.
യുവാക്കളിലും ആശാവവഹമായ പുരോഗതി നേടിയെടുക്കാൻ കഴിഞ്ഞു. എല്ലാം ദൈവം നൽകുന്ന കൃപമാത്രം.

സിസ്റ്റർ സുധ വർഗീസ്

(പദ്മശ്രീ)