ദൈവം തിരഞ്ഞെടുത്ത ‘പാമരൻ’

'വിജ്ഞാനികളെ ലജ്ജിപ്പിക്കാൻ ലോകദൃഷ്ടിയിൽ ഭോഷന്മാരായവരെ ദൈവം തിരഞ്ഞെടുത്തു.' കാനഡയിലെ പ്രഥമ വിശുദ്ധൻ ബ്രദർ ആന്ദ്രെ ബാസറ്റിനെ അനുസ്മരിക്കുന്നു വിവരാവകാശ കമ്മീഷൻ മുൻ അധ്യക്ഷൻ ഡോ. സിബി മാത്യൂസ് ഐ.പി.എസ്

760

ദൈവവിളി തിരിച്ചറിഞ്ഞ് സന്യാസിയാകണമെന്ന അഭിവാഞ്ഛയോടെ ഒരു യുവാവ് സന്യാസസഭാധികൃതരുടെ മുന്നിലെത്തി. ‘നോത്രെദാം’ കോളജ് ഉൾപ്പെടെ നിരവധി ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുന്ന ആ സഭയിൽ പ്രവേശനം തേടിയെത്തിയ ആ വിദ്യാവിഹീനന് എന്തുസ്ഥാനം കൊടുക്കും? പലവട്ടം ആലോചിച്ച ആശ്രമാധിപനുമുന്നിൽ ഒരു വഴിയേ തെളിഞ്ഞുള്ളൂ: ‘നീ ഈ സന്യാസഭവനത്തിലെ കാവൽക്കാരനായിക്കോളൂ, മറ്റൊന്നും നിന്നെക്കൊണ്ടാവില്ല.’

സസന്തോഷം അയാൾ അതേറ്റെടുത്തു. വിദ്യാസമ്പന്നരായ ആശ്രമവാസികൾക്കിടയിൽ ഏതാണ്ട് ഏകനായിത്തന്നെ കഴിഞ്ഞുകൂടി. പലപ്പോഴും കിട്ടിയത് പരിഹാസവും അവഗണനയുംമാത്രം. ഒന്നിനും കൊള്ളാത്തവനെന്ന ആരോപണം. പുറത്താക്കാനുള്ള തുടർശ്രമങ്ങൾ. ദൈവപദ്ധതിയുടെ പൂർത്തീകരണത്തിനായി ഇവയ്‌ക്കൊന്നും കണ്ണും കാതും കൊടുക്കാതെ, പരാതികളും പരിഭവങ്ങളുമുയർത്താതെ നടന്നുനീങ്ങിയ ആ യുവാവിനെ ദൈവം ഉയർത്തി, കാനഡയുടെ പ്രഥമ വിശുദ്ധ പദവിയിലേക്ക്.

അത് മറ്റാരുമല്ല, വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തിയുടെ പ്രചാരകനായ, കാനഡയിലെ ഏറ്റവും വലിയ ദൈവാലയമായ സെന്റ് ജോസഫ്‌സ് ഒറേട്ടറി മൈനർ ബസിലിക്കയ്ക്ക് കാരണക്കാരനായ ബ്രദർ ആന്ദ്രെ ബാസറ്റ്.

ദുരന്തം, അനാഥത്വം,
നിത്യരോഗം
കാനഡയിലെ മോൺട്രിയൽ നഗരത്തിൽനിന്ന് ഏറെ അകലെയല്ലാത്ത ഐബർവിൽ ഗ്രാമത്തിൽ ആശാരിപ്പണിക്കാരനായ ഐ സക്കിന്റെയും ഭാര്യ ക്ലോഡിൻഡയുടെയും ആറാമത്തെ മകനായാണ് ആൽഫ്രഡ് ബാസറ്റിന്റെ ജനനം, 1845ൽ. ഉത്തമകത്തോലിക്കരായ മാതാപിതാക്കൾ. അമ്മയിൽനിന്ന് പകർന്നുകിട്ടിയ തിരുക്കുടുംബഭക്തിയിൽ അടിയുറച്ചായിരുന്നു മക്കളുടെ ബാല്യം. സന്ധ്യാപ്രർത്ഥനയും ജപമാലയർപ്പണവുമായിരുന്നു കുടുംബത്തിന്റെ ശക്തിശ്രോതസ്.

ഒരു അപകടത്തിൽപ്പെട്ട് അപ്പനും അമ്മയും മരിക്കുമ്പോൾ ആൽഫ്രഡിന് പ്രായം 12മാത്രം. അനാഥരായ ആ കുരുന്നുകളുടെ സംരക്ഷണം ബന്ധുക്കൾ ഓരോരുത്തരായി ഏറ്റെടുത്തു. അങ്ങനെ സഹോദരങ്ങളിൽനിന്നകന്ന് ഏകനായി മാതൃസഹോദരിയുടെ ഭവനത്തിലായിരുന്നു ആൽഫ്രഡിന്റെ ജീവിതം. 15-ാം വയസിൽ മുന്തിരിത്തോട്ടത്തിൽ കൂലിപ്പണിക്കാരനായും ചെരിപ്പുകുത്തിയുടെയും കൊല്ലപ്പണിക്കാരന്റെയും സഹായിയുമൊക്കെയായി നിത്യവൃത്തിതേടി.

ബാല്യംമുതൽ പിന്തുടരുന്ന ഉദരസംബന്ധമായ അസുഖങ്ങളാൽ പക്ഷേ, ഒരു ജോലിയിലും വിജയിക്കാൻ കഴിഞ്ഞില്ല. സഹപ്രവർത്തകരുടെ പരിഹാസവും കുത്തുവാക്കുകളുംമാത്രമായിരുന്നു പലപ്പൊഴും കൂലി. എന്നാൽ, അവയൊക്കെ വിനയത്തോടെ സ്വീകരിച്ച ആ കരുരുന്ന് ദീർഘനേരം ക്രൂശിതരൂപത്തിനു മുന്നിൽ മുട്ടിന്മേൽനിന്ന് പ്രാർത്ഥിച്ച് പ്രസന്നത കൈവരിക്കുന്നത് അവന്റെ ഇടവക വികാരി കാണുന്നുണ്ടായിരുന്നു. അവനിലെ ദൈവികസാന്നിധ്യവും ആഗ്രഹവും തിരിച്ചറിഞ്ഞ അദ്ദേഹമാണ് ആൽഫ്രഡിനെ സന്യാസസഭയിലേക്ക് നയിച്ചത്.

വികാരിയച്ചന്റെ
‘വിശുദ്ധൻ’
ആൽഫ്രഡിനെ സന്യാസാർത്ഥിയായി സ്വീകരിക്കാൻ ശുപാർശചെയ്തുകൊണ്ടുള്ള കത്തിൽ വികാരിയച്ചൻ എഴുതി: ‘ഒരു വിശുദ്ധനെയാണ് ഞാൻ നിങ്ങളുടെ സഭയിലേക്ക് അയക്കുന്നത്.’ 1870ലായിരുന്നു ഇത്. ആ കത്തുമായി ‘വിശുദ്ധ കുരിശിന്റെ സഭ’യിൽ പ്രവേശനം തേടിയ ആൽഫ്രഡിനെ സഭാധികൃതർ നയിച്ചത് സന്യാസഭവനത്തിലെ കവാടത്തിലേക്കാണ്, കാവൽക്കാരന്റെ ശുശ്രൂഷ ചെയ്യാൻ.

പഠനത്തിൽ ഏറെ പിന്നിലും നിത്യരോഗിയുമായിരുന്ന അദ്ദേഹത്തെ ഒന്നിനും കൊള്ളാത്തവനെന്നു മുദ്രകുത്തി സഭയിൽനിന്ന് പറഞ്ഞുവിടാൻ പലതവണ ഒരുമ്പെട്ടെങ്കിലും ബിഷപ്പ് ബൂർജെയുടെ നിർദേശങ്ങൾക്കു വഴങ്ങി സഭയിൽ തുടരാൻ അധികാരികൾ അനുവദിക്കുകയായിരുന്നു. ഏതാണ്ട് ഒറ്റപ്പെട്ട തരത്തിൽ ആശ്രമത്തിൽ തുടർന്ന അദ്ദേഹം 28-ാം വയസിൽ ബ്രദർ ആന്ദ്രെ എന്ന പേരിൽ സഭാവസ്ത്രം സ്വീകരിച്ചു, 1874ൽ. ആശ്രമവും പരിസരവും വൃത്തിയാക്കുക, വസ്ത്രങ്ങൾ കഴുകുക, പൂന്തോട്ടം പരിപാലിക്കുക, ആവശ്യനേരങ്ങളിൽ മറ്റു സന്യാസികളെ മുറിയിൽ ചെന്നു വിളിച്ചുകൊണ്ടുവരിക, സന്ദർശകരെ സ്വീകരിക്കുക എന്നിങ്ങനെ വിശ്രമമില്ലാത്ത ജോലികൾക്കിടയിലും നിരന്തരപ്രാർത്ഥന അദ്ദേഹത്തെ കൂടുതൽ ഉന്മേഷവാനാക്കി.

പാമരന്റെ വിശ്വാസം
പണ്ഡിതന് പുച്ഛം
‘നോത്രെദാം’ കോളജിനു മുൻവശത്തെ റോഡിനപ്പുറമുള്ള കുന്നിൻചരുവിൽ, തന്റെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന് ഒരു പ്രാർത്ഥനാലയം നിർമിക്കണമെന്നത് ബ്രദർ ആന്ദ്രെയുടെ ചിരകാല സ്വപ്‌നമായിരുന്നു. അതിനായി നിരന്തരം പ്രാർത്ഥിച്ചുകൊണ്ടിരുന്ന അദ്ദേഹം വൈകുന്നേരങ്ങളിൽ അവിടെ നട ക്കാൻ പോകുക പതിവായിരുന്നു. അങ്ങനെയുള്ള യാത്രയിലൊരിക്കൽ അദ്ദേഹം പലയിടത്തും കാശുരൂപങ്ങൾ രഹസ്യമായി നിക്ഷേപിക്കുന്നതുകണ്ട ഒരു യുവസന്യാസി ഈ പ്രവൃത്തിയേക്കുറിച്ച് അന്വേഷിച്ചു: ‘ആന്ദ്രെ, നിങ്ങളെന്തിനാ ഈ കാശുരൂപങ്ങൾ മണ്ണിലേക്കിടുന്നത്?’

‘വിശുദ്ധ യൗസേപ്പിന് പ്രാർത്ഥനാലയം പണിയാൻ ഇതു സഹായകരമാവും, അ തിനാണ്,’ ആന്ദ്രെയുടെ മറുപടികേട്ട പണ്ഡിതനായ ആ യുവസന്യാസിയുടെ മുഖത്തും വാക്കുകളിലും നിറഞ്ഞത് പുച്ഛമാണ്: ‘അസംബന്ധം, അസംഭവ്യം.’അദ്ദേഹത്തിൽനിന്ന് ഇതറിഞ്ഞ സഹസന്യാസികളിൽനിന്നും കിട്ടി ആന്ദ്രെയ്ക്ക്, കണക്കറ്റ പരിഹാസം. ഹോളിക്രോസ് സന്യാസസഭ 1896ൽ ആ കുന്നിൻചെരിവുമുഴുവൻ വിലയ്ക്കുവാങ്ങി. മഹത്തരമായ ഒരു കോളജ് അവിടെ പണിതുയർത്തണം എന്നതായിരുന്നു സഭയുടെ ഉന്നതാധികാരികളുടെ പ്ലാൻ. എന്നാൽ, വിശുദ്ധ യൗസേപ്പിന് ഒരു മഹാദൈവാലയം എന്ന തന്റെ സ്വപ്‌നം യാഥാർത്ഥ്യമാകുമെന്ന കാര്യത്തിൽ ബ്രദർ ആന്ദ്രെയ്ക്ക് യാതൊരു സംശയവുമില്ലായിരുന്നു.

ഇതിനിടെ, ബ്രദർ ആന്ദ്രെയുടെ മധ്യസ്ഥ പ്രാർത്ഥനയും രോഗശാന്തിവരവും തേടി അനേകർ ആശ്രമത്തിൽ വരാൻ തുടങ്ങി. വിശുദ്ധ യൗസേപ്പിതാവിലൂടെ ദൈവം പ്രവർത്തിക്കുന്ന അത്ഭുതമായി രോഗശാന്തികളെ വിശദീകരിച്ച അദ്ദേഹം, വിശുദ്ധ യൗസേപ്പിതാവിന്റെ പ്രാർത്ഥന ചൊല്ലണമെന്ന് ഉപദേശിച്ചാവും അവരെ യായ്രയാക്കുക. അക്കാലത്ത്, അവിടെ ഒരു മഹാമാരി പൊട്ടിപ്പുറപ്പെട്ടെങ്കിലും ബ്രദർ ആന്ദ്രെയുടെ സന്നദ്ധശുശ്രൂഷകൾമൂലം ആരും മരണത്തിനിരയായില്ല. രോഗശാന്തിതേടിയും മറ്റും വിശ്വാസികൾ ആശ്രമത്തിലേക്ക് പ്രവഹിച്ചതോടെ ആശ്രമാധിപന്മാരുടെ നിയന്ത്രണംവിട്ടു.

ബ്രദർ ആന്ദ്രെയുടെ പ്രവൃത്തികൾ യുക്തിഹീനവും അരോചകവും അസഹ്യവുമായിതോന്നിയതിനാലാവണം കോളജ് നിർമിക്കാൻ വാങ്ങിയ കുന്നിൻചെരുവിൽ ഒരു കൊച്ചുമുറി പണിത് അങ്ങോട്ടു താമസം മാറ്റാൻ സഭാധികൃതർ അനുവാദം കൊടുത്തു. അങ്ങനെ ഒരു കൊച്ചുമുറിയിൽ ബ്രദറിന് വാസസ്ഥലം തയാറായി. സ്വന്തമായുണ്ടായിരുന്നത് ഒരു മരക്കട്ടിലും മേശയും രണ്ടു കസേരയുംമാത്രം.

ഊന്നുവടികളുടെ സാക്ഷ്യം
അദ്ദേഹത്തിന്റെ പ്രാർത്ഥനയിലൂടെ അത്ഭുത രോഗശാന്തി ലഭിച്ചവർ കൊടുത്ത സംഭാവനകൊണ്ട് 1904ൽ വിശുദ്ധ യൗസേപ്പിന്റെ നാമത്തിലുള്ള ഒരു ചെറിയ ചാപ്പൽ യാഥാർത്ഥ്യമായി. 1917ൽ 1000ത്തിൽപ്പരംപേരെ ഉൾക്കൊള്ളാവുന്ന തരത്തിലേക്ക് ഇത് പുനർനിർമിച്ചു. തുടർന്ന് 1924ൽ ആരംഭിച്ച മൈനർ ബസിലിക്ക നിർമാണം പൂർത്തിയായത് 1967ലാണ്. ഈ മൈനർ ബസിലിക്കയുടെ മകുടത്തിന് വലുപ്പത്തിന്റെ കാര്യത്തിൽ മൂന്നാം സ്ഥാനമുണ്ട്. കോളജിനു പകരം പണിതുയർത്തിയ ഈ മൈനർ ബസിലിക്ക കാനഡയിലെ ഏറ്റവും വലുതും മനോഹരവുമായ ദൈവാലയമാണിന്ന്. പ്രതിവർഷം 20 ലക്ഷം തീർത്ഥാടകരാണ് ഇവിടം സന്ദർശിക്കുന്നത്.

രോഗശാന്തി ലഭിച്ചവരുടെ അനേകം സാക്ഷ്യപത്രങ്ങൾ, ആരോഗ്യം വീണ്ടെടുത്തവർ ഉപേക്ഷിച്ചുപോയ നിരവധി ഊന്നുവടികൾ, ഒക്കെ ആ ദൈവാലയത്തിൽ സൂക്ഷിച്ചിരിക്കുന്നു. ബ്രദർ ആന്ദ്രെയുടെ ഇന്നും അഴുകാതെയിരിക്കുന്ന ഹൃദയം അവിടെ പേടകത്തിൽ വണക്കത്തിന് ഒരുക്കിയിട്ടുണ്ട്. 1937 ജനുവരി ആറിന് ഇഹലോകവാസം വെടിഞ്ഞ ബ്രദർ ആന്ദ്രെയുടെ പൂജ്യദേഹം ബസിലിക്കയിലെ കല്ലറയിലാണ് അടക്കിയിരിക്കുന്നത്. അദ്ദേഹത്തിന് അന്ത്യയാത്രയേകാനെത്തിയത് ഒരു മില്യനിലധികം ജനങ്ങളായിരുന്നുവെന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ സ്വീകാര്യതയ്ക്കും മഹത്വത്തിനും മറ്റ് തെളിവുകൾ വേണ്ടല്ലോ?

ബ്രദർ ആന്ദ്രെയെ വിശുദ്ധ പദവിയിലേക്കു യർത്തണമെന്ന ആവശ്യം ലോകവ്യാപകമായിത്തന്നെ ഉയർന്നു. 1982 മെയ് 23 ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തപ്പെട്ട ഇദ്ദേഹത്തെ 2010 ഒക്‌ടോബർ 17ന് വിശുദ്ധ പദവിയിലേക്കുയർത്തിയപ്പോൾ കാനഡയ്ക്കു ലഭിച്ചത് പ്രഥമ വിശുദ്ധനെയാണ്.

ബ്രദർ ആന്ദ്രെയോടൊപ്പം ആശ്രമ ഭവനത്തിൽ ജീവിച്ചിരുന്ന അനേകം പണ്ഡിതരായ, വാഗ്മികളായ സന്യാസികൾ വിസ്മൃതിയിൽ തള്ളപ്പെട്ടതും അവരിൽ പലരുടെയും നിരന്തരമായ പരിഹാസവും അവഗണനയും മാത്രം ഏറ്റുവാങ്ങി എളിയവനായി ജീവിച്ച ബ്രദർ ആന്ദ്രെ വിശുദ്ധനായി അനേകായിരങ്ങളുടെ മനസിൽ ഇന്നും ജീവിക്കുന്നതും കാണുമ്പോൾ ഒരു ദൈവവചനം മനസ്സിലേക്കു വരുന്നു: ‘വിജ്ഞാനികളെ ലജ്ജിപ്പിക്കാൻ ലോകദൃഷ്ടിയിൽ ഭോഷന്മാരായവരെ ദൈവം തെരഞ്ഞെടുത്തു’ (1 കോറി.1:27).