ദൈവം നമ്മുടെ ബലഹീനതകളേക്കാളും വലിയവൻ: ഫ്രാൻസിസ് പാപ്പ

0
309

വത്തിക്കാൻ: നമുക്കുപരിമിതികളും ബലഹീനതകളും പാപങ്ങളുമുണ്ടെന്നും എന്നാൽ ദൈവം ഇവയെക്കാളും വലിയവനാണെന്നും ഫ്രാൻസിസ് പാപ്പ. വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസലിക്കാ അങ്കണത്തിൽ ത്രികാലജപ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. “ദൈവം നമ്മുടെ ബലഹീനതകളെക്കാൾ, നമ്മുടെ അവിശ്വസ്തതകളെക്കാൾ, നമ്മുടെ പാപങ്ങളെക്കാൾ വലിയവനാണ്. നമുക്ക് കർത്താവിനെ കരങ്ങളിൽ സംവഹിച്ച്, ക്രൂശിതരൂപത്തിൽ ദൃഷ്ടികളുറപ്പിച്ച് മുന്നോട്ടു പോകാം”;പാപ്പ പറഞ്ഞു.

“നമ്മുടെ രക്ഷയ്ക്കായി തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം കരുണയിൽ സമ്പന്നനായ, ദൈവപിതാവിലുള്ള പ്രത്യാശ നമുക്കുണ്ട്. അതാണ് നമ്മുടെ ആനന്ദം. നമുക്ക് അനേകതരത്തിലുള്ള സങ്കടങ്ങളുണ്ട്, പക്ഷേ, സത്യക്രിസ്ത്യാനികളെന്ന നിലയിൽ, പ്രത്യാശയെന്ന ചെറിയ ആനന്ദം വളർന്ന് നിങ്ങൾക്ക് സുരക്ഷിതത്വം പ്രദാനം ചെയ്യുന്നു. നമ്മുടെ പരിമിതികളാൽ, നമ്മുടെ പാപങ്ങളാൽ, നമ്മുടെ ബലഹീനതകളാൽ നാമൊരിക്കലും അധൈര്യപ്പെടരുത്. ദൈവം നമുക്കു സമീപസ്ഥനാണ്, നമുക്കു സൗഖ്യമേകാൻ യേശു ക്രൂശിന്മേലുണ്ട്. അതാണ് ദൈവത്തിൻറെ സ്‌നേഹം. ക്രൂശിതരൂപത്തിലേയ്ക്കു നോക്കുക, എന്നിട്ട് നമ്മുടെ ഉള്ളിൽ പറയുക. ദൈവം എന്നെ സ്‌നേഹിക്കുന്നു. നമ്മുടെ പരിമിതികൾ, ബലഹീനതകൾ, എന്നിവയൊക്കെ നാം മനസ്സിലാക്കണം. തുടർന്ന് അവയിൽ നിരാശപ്പെടാതെ അവ ദൈവത്തിന് കാഴ്ച വെയ്ക്കണം. അപ്പോൾ അവിടുന്നു നമ്മെ സഹായിക്കുകയും സൗഖ്യത്തിൻറെ വഴി നമുക്ക് കാണിച്ചുതരികയും ചെയ്യും. എപ്പോഴും ദൈവം നമ്മോടുകൂടിയുണ്ട്”; പാപ്പ വ്യക്തമാക്കി.

“കരുണയുടെ മാതാവായ മറിയം നാം ദൈവത്താൽ സ്‌നേഹിക്കപ്പെടുന്നവരാണെന്ന ഉറപ്പ് നമ്മുടെ ഹൃദയങ്ങളിൽ നിക്ഷേപിക്കട്ടെ. നാം ഒറ്റയ്ക്കാണെന്ന് തോന്നുന്ന വേളയിലും പ്രലോഭനസമയത്തും അവൾ നമ്മുടെ സമീപത്തുണ്ടായിരിക്കട്ടെ. ഈ നോമ്പുകാല യാത്ര ക്ഷമയുടെയും ഉപവിയുടെയും മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നതുമായിത്തീരാൻ യേശുവിൻറെ മനോഭാവങ്ങൾ നമുക്കുണ്ടാകട്ടെ”; പാപ്പ പറഞ്ഞു.