ദൈവം നിശബ്ദനാകുന്നുവെന്ന് തോന്നുന്നവർക്ക്

392

സാധാരണ ഗതിയിൽ രാത്രി പത്തുമണിക്കുശേഷം ഫോൺ ഓഫാക്കാറുള്ള ഞാൻ അന്നെന്തോ മറന്നുപോയി. ഗ്രാമത്തിലെ ഒരു പള്ളിയിൽ കുർബാനയ്ക്ക് പോയിവന്നപ്പോൾ ഏറെ വൈകിയിരുന്നു. കട്ടിലിൽ കിടന്നതേ ഉറങ്ങിപ്പോയി. അസാധാരണമായി ഫോൺബെൽ മുഴങ്ങുന്നതുകേട്ടാണ് എഴുന്നേറ്റത്. അപ്പോൾ സമയം പതിനൊന്നു കഴിഞ്ഞിരുന്നു. ഫോൺ എടുത്ത് നോക്കിയപ്പോൾ ഒരു സുഹൃത്താണ്. എന്താണ് ഈ അസമയത്ത് എന്ന് ഞാനവളോടു ചോദിച്ചു.

ഉറങ്ങിയിരുന്നോ എങ്കിൽ ഞാൻ നാളെ പറയാം. എന്തെങ്കിലും അത്യാവശ്യമില്ലെങ്കിൽ അവൾ ആ സമയത്ത് വിളിക്കില്ലെന്നറിയാവുന്നതിനാൽ ഞാൻ പറഞ്ഞു: സാരമില്ല, ഞാൻ കിടന്നതേയുള്ളൂ. എന്തായാലും നീ പറയൂ. അവളിങ്ങനെ തുടർന്നു: എനിക്കറിയാം രാത്രി ഈ വൈകിയ സമയത്ത് അച്ചന്മാരെ വിളിച്ച് ശല്യം ചെയ്യരുതെന്ന്. പക്ഷേ ഈയൊരവസ്ഥയിൽ എന്നെപ്പോലെയുള്ളവരെ ശ്രവിക്കാൻ നിങ്ങളെപ്പോലെയുള്ളവർക്കല്ലാതെ മറ്റാർക്കാണ് സാധിക്കുക? എനിക്കിനി ജീവിക്കണമെന്നില്ല. അത്രമാത്രം ജീവിതം മടുത്തു. ദൈവംപോലും എന്നെ കൈവിട്ടതുപോലെയാണ് തോന്നുന്നത്. ഓരോ ദിവസവും എങ്ങനെയാണ് ജീവിച്ചു തീർക്കുന്നതെന്ന് എനിക്കു മാത്രമേ അറിയൂ. കുറെയേറെ പരിഭവങ്ങൾ അവൾ പറഞ്ഞുകൊണ്ടിരുന്നു. കുറച്ചേറെ ശ്രവിച്ചതിനുശേഷം ഞാനവളോടു പറഞ്ഞു. നിനക്കിതെന്തുപറ്റി, മറ്റുള്ളവരെ ഉപദേശിക്കാറുള്ള നീയാണോ ഇങ്ങനെ തകരുന്നത്? നീയൊന്ന് ശാന്തമാകുക. ദൈവം കൂടെയുണ്ടെന്ന് വിശ്വസിക്കുക.

അവളെക്കുറിച്ച് കുറച്ച് എഴുതിയാലേ ഈ സംഭവത്തിന്റെ വിശദാംശങ്ങൾ മനസിലാക്കുവാൻ നമുക്ക് കഴിയൂ. കത്തോലിക്കാ കുടുംബത്തിൽ ജനനം. പഠിക്കാൻ ബഹുമിടുക്കി. പത്താം ക്ലാസിനുശേഷം സിസ്റ്റർ ആകണമെന്ന ആഗ്രഹത്തോടെ കോൺവെന്റിൽ ചേർന്നു. എന്നാൽ, പിന്നീട് ഒരു പ്രത്യേക അസുഖംമൂലം തിരിച്ചുപോന്നു. അവൾ തുടർന്നും പഠിച്ചു. ബിരുദപഠനത്തിനുശേഷം കോളജിൽ ടീച്ചറായി ജോലി കിട്ടി. ഇതിനിടയിൽ വിദേശത്തു ജോലിയുള്ള യുവാവിനെ വിവാഹം കഴിച്ചു. വിവാഹത്തിനുശേഷം അധികം താമസിയാതെ അയാൾ വിദേശത്തേക്ക് പോയി. അപ്പോൾ അവൾ ഗർഭിണിയായിരുന്നു. അഞ്ചുമാസം ഗർഭിണി ആയിരിക്കുമ്പോഴാണ് അവളെന്നെ വിളിച്ചത്. അച്ചൻ പ്രാർത്ഥിക്കണം.

എന്റെ സന്ധികൾക്കെല്ലാം വല്ലാത്ത വേദനയാണ്. ഗർഭപാത്രത്തിന്റെ പേശികൾക്കുപോലും ബലമില്ലത്രേ. അഞ്ചുമാസമായപ്പോഴേക്കും കുഞ്ഞ് ഇറങ്ങിവരികയാണ്. എനിക്ക് പരിപൂർണ വിശ്രമമാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. എനിക്കിപ്പോൾ ഒരേയൊരു പ്രാർത്ഥനയേ ഉള്ളൂ; എനിക്കും എന്റെ കുഞ്ഞിനും ഒന്നും സംഭവിക്കരുത്. അവളോടൊപ്പം ഞാനും പ്രാർത്ഥിച്ചു. യഥാർത്ഥ സമയത്തിൽ സുഖപ്രസവത്തിലൂടെ അവളും കുഞ്ഞും രക്ഷപ്പെട്ടു. മൂന്നു വർഷങ്ങൾക്കുശേഷം അവൾ വീണ്ടും ഗർഭവതിയായി. സ്ഥിതി പഴയതുപോലെതന്നെ. അന്നുമവൾ ഫോണിലൂടെ കെഞ്ചി. അച്ചൻ ദയവായി പ്രാർത്ഥിക്കണം, ഞാൻ മരിച്ചാൽ എന്റെ കുഞ്ഞിന് ആരാണ്. എന്റെ ഈ രണ്ടാമത്തെ കുഞ്ഞും ഞാനും സുരക്ഷിതരാകണം.

അതുമാത്രമേ എനിക്ക് ആഗ്രഹമുള്ളൂ. ആ പ്രാർത്ഥനയും ദൈവം കേട്ടു. ഇപ്പോൾ അവളും രണ്ടു കുഞ്ഞുങ്ങളും സുഖമായി തന്നെയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് എനിക്കീ ഫോൺ വന്നത്. അവളുടെ വിഷമങ്ങൾക്കു പിറകിലെ കാരണങ്ങൾ ഇവയാണ്. ഗൾഫിൽ ജോലി ചെയ്യുന്ന ഭർത്താവ് പതിയെ കത്തോലിക്കാ വിശ്വാസത്തിൽനിന്ന് വ്യതിചലിച്ച് പെന്തക്കുസ്താക്കാരുടെ കൂടെ കൂടി. ഇവളും കുട്ടികളും കൂടി അതിലേക്ക് മാറണം എന്ന ശാഠ്യത്തിലാണയാൾ. കഴിഞ്ഞമാസം അവധിക്കു വന്നപ്പോൾ വീട്ടിൽ അനർത്ഥങ്ങൾ വരാൻ അവൾ പൂജിക്കുന്ന രൂപങ്ങളാണ് കാരണമെന്നും പറഞ്ഞ് മാതാവിന്റെ രൂപവും മറ്റ് തിരുസ്വരൂപങ്ങളും അയാൾ നിലത്തെറിഞ്ഞു തകർത്തു.

അടുത്തതവണ ഗൾഫിൽ നിന്നു വരുമ്പോൾ മതംമാറണമെന്ന ശാഠ്യം തുടരുന്നു. ഇപ്പോൾ രണ്ടാമത്തെ കുഞ്ഞിന്റെ ജനനശേഷം ഫോൺ വിളിക്കുന്നതുപോലും ആശ്വസിപ്പിക്കാനോ സ്‌നേഹപൂർവം ഒന്നു സംസാരിക്കുവാനോ അല്ല, മറിച്ച് വഴക്കു പറയാനും വിശ്വാസം ഉപേക്ഷിക്കുവാനും വേണ്ടിയാണ്. അതിനാലാണ് അവൾ രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട് മരിച്ചാൽ മതിയെന്ന ആലോചനയിൽ എത്തിയത്. നീ എന്ന് പള്ളിയിൽപോക്ക് നിറുത്തി കൊന്തയും വിഗ്രഹാരാധനയും നിറുത്തുന്നുവോ അന്ന് നമ്മുടെ കുടുംബം രക്ഷപ്പെടുമെന്ന അയാളുടെ അട്ടഹാസമാണ് കണ്ണടയ്ക്കുമ്പോൾ പോലും കാതുകളി ൽ അലയടിക്കുന്നത്. ആ പരിഭവങ്ങളുമായാണ് അവളാ രാത്രി എന്നെ വിളിച്ചതും.

എല്ലാം ശ്രവിച്ചതിനുശേഷം ഞാനവളോട് പറഞ്ഞു; ചെറുപ്പത്തിലേ നല്ല മാതാപിതാക്കൾക്ക് ജനിച്ച്, വിശ്വാസത്തിൽ വളർന്ന്, വിവരവും വിദ്യാഭ്യാസവും നേടിയ നിനക്കല്ലാതെ മറ്റാർക്കാണ് അല്പവിശ്വാസിയായ അയാളെ ദൈവം ഭർത്താവായി നൽകുക? അവനിലൂടെ രണ്ട് കുഞ്ഞുങ്ങളെയും ദൈവം നിനക്ക് തന്നത് അവരെ കത്തോലിക്കാ വിശ്വാസത്തിൽ വളർത്താനല്ലാതെ മറ്റെന്തിനാണ്? നിന്റെ സ്ഥാനത്ത് മറ്റു പെണ്ണുങ്ങളായാൽ പണ്ടേ വിശ്വാസം ഉപേക്ഷിക്കുമെന്ന് ദൈവത്തിനറിയാവുന്നതുകൊണ്ടാണ് അവനുവേണ്ടി ദൈവം നിന്നെ തന്നെ നിശ്ചയിച്ചത്.

അവനെ തിരിച്ചു പിടിക്കാൻ തന്നെയാണ് സഹനങ്ങൾ തന്ന് ദൈവം നിന്നെ അനുഗ്രഹിക്കുന്നത്. രണ്ടു കുഞ്ഞുങ്ങൾക്ക് ജന്മം നൽകുമ്പോഴും മരണത്തിന്റെ വായിൽനിന്ന് ദൈവം നിന്നെ കരകയറ്റിയതെല്ലാം നീ മറന്നുപോയോ? എന്നിട്ടിപ്പോൾ ദൈവം ചാരത്തില്ലെന്നും കൈവിട്ടെന്നും പറയുന്നത് ശരിയാണോ? നിന്റെ ഭർത്താവിന് വിശുദ്ധരുടെ രൂപങ്ങളെ എറിഞ്ഞു തകർക്കുവാനാകും. മറിച്ച് നിന്റെ മനസിലുള്ള കത്തോലിക്കാ വിശ്വാസത്തെ തകർക്കുവാനാകില്ല.

കുടുംബജീവിതത്തിൽ തന്റെ ജീവിതപങ്കാളിയുമൊത്തല്ലാതെ മറ്റൊരുവളുമായ് സ്‌നേഹം പങ്കുവയ്ക്കുന്നവർ യഥാർത്ഥത്തിൽ ദാമ്പത്യ ബ്രഹ്മചര്യത്തിനെതിരെ പാപം ചെയ്യുകതന്നെയാണ് ചെയ്യുന്നത്. വരവറിയാതെ ചിലവഴിച്ച് കടക്കെണിയിൽ വീഴുന്നവർ ദാരിദ്ര്യത്തിനെതിരെയും പരസ്പരം വിധേയത്വവും സ്‌നേഹവും പുലർത്താതെ പഴിചാരുന്നവർ അനുസരണത്തിനെതിരായും പാപങ്ങൾ തന്നെയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെയാണ് മൺപാത്രത്തിലാണ് അമൂല്യമായ ദൈവകൃപകളുടെ നിധി നൽകപ്പെട്ടിരിക്കുന്നതെന്ന് വചനം പറയുന്നത്.

അവസാനമായി ഒന്നുകൂടെ എഴുതിച്ചേർക്കുകയാണ്. വ്രതങ്ങളെല്ലാം എല്ലാ ജീവിതങ്ങളിലും ഭാഗമാകേണ്ടവയാണ്, അലിഞ്ഞു ചേരേണ്ടവയാണ്. ക്രിസ്തു ഒരിക്കലും വ്രതങ്ങൾ എടുത്തിട്ടില്ലല്ലോ? അവയെല്ലാം അവന്റെ ജീവിതശൈലിയുടെ മേമ്പൊടികളായിരുന്നു. വലിയ കാര്യങ്ങൾ ചെയ്യുന്നതിനുവേണ്ടി അവൻ അവിവാഹിതനായും ദരിദ്രനായും വിധേയത്വമുള്ളവനായും ജീവിച്ചു. അതവനെ ആരും പഠിപ്പിച്ചതല്ല. അതവൻതന്നെ തിരിച്ചറിഞ്ഞ സത്യങ്ങളും ജീവിച്ച ധർമങ്ങളുമായിരുന്നു.

ഇങ്ങനെ എഴുതുന്ന ഞാനും ഇതു വായിക്കുന്ന നിങ്ങളും ഒന്നോർക്കുക, പച്ചയായ ശരീരങ്ങളാണ് നാം. ക്രിസ്തു പറഞ്ഞതുപോലെ ഈ ചെറിയവരിൽ ഒരുവനെങ്കിലും പ്രലോഭനത്തിന് കാരണമാകാതിരിക്കാൻ ശ്രമിക്കണം; അപ്പോഴെല്ലാം ഓർക്കുക, വീഴാൻ പറ്റാത്തത്ര ആഴത്തിലല്ല നമ്മുടെ വേരുകളെന്ന്. അതെ, മൺപാത്രത്തിലെ നിധിയാണ് ഞാനും നിങ്ങളും. നമ്മുടെ തെരഞ്ഞെടുപ്പുകളും. പരസ്പരം നിധികൾ കാക്കുന്നവരാകാൻ പ്രാർത്ഥിക്കാം.

ഫാ. ജൻസൺ ലാസലെറ്റ്