ദൈവത്തിന്റെ കരുതലിനെ കുറിച്ച്  ബോധ്യമുണ്ടായിരിക്കണം: പാപ്പ

241
വത്തിക്കാൻ സിറ്റി: മരുഭൂമിയിലൂടെ യാത്ര ചെയ്ത ഇസ്രായേൽ ജനം, ദൈവത്തിന്റെ പരിപാലനയെ അനുസ്മരിച്ചതുപോലെ, ദൈവത്തിന്റെ കരുതലിനെ കുറിച്ച് നമുക്ക് ബോധ്യമുണ്ടായിരിക്കണമെന്ന് ഫ്രാൻസിസ് പാപ്പ. വിശ്വാസ വളർച്ചയ്ക്ക് അത് ഉപകരിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. യേശുവിന്റെ തിരുശരീര രക്തങ്ങളുടെ തിരുനാളിനോട് അനുബന്ധിച്ച് അർപ്പിച്ച ദിവ്യബലിമധ്യേ സന്ദേശം നൽകുകയായിരിന്നു പാപ്പ.
ദൈവസ്‌നേഹത്തിന്റെ ഓർമപ്പെടുത്തലാണ് ദിവ്യകാരുണ്യം. നമ്മുടെ പാപങ്ങൾക്ക് പരിഹാരമായി സ്വന്തം ശരീരംതന്നെ നൽകിയ ദൈവസ്‌നേഹത്തിന്റെ പ്രതീകമാണ് തിരുശരീരരക്തങ്ങളുടെ തിരുനാൾ. പരസ്പര സ്‌നേഹത്തിലൂടെ യേശുവിനായി അധ്വാനിക്കാനുള്ള വിളിയാണ് വിശുദ്ധ കുർബാന സ്വീകരിക്കുന്ന നാം ഏറ്റെടുത്തിരിക്കുന്നത്.
വിദ്വേഷം, അസൂയ, പരദൂഷണം എന്നിവയിൽനിന്ന് അകന്ന് സ്‌നേഹത്തിൻ ജീവിക്കുന്നതിന്റെ ആനന്ദമാണ് വിശുദ്ധ കുർബാനയിലുള്ള ജീവിതം. സൗഖ്യദായകമായ തിരുവോസ്തി ആന്തരിക മുറിവുകളെ ഉണക്കുന്നു. യേശുവിന്റെ വാക്കുകളുടെയും പ്രവർത്തികളുടെയും പ്രതീകവും പരിശുദ്ധാരൂപിയുടെ സാന്നിധ്യവുമായ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ നാം ദൈവസ്‌നേഹത്താൽ നിറയും.
യേശുവിന്റെ ശരീരത്തിൽ പങ്കുചേർന്ന് ഏക ശരീരമായി തീരാൻ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവർ. വിമർശനങ്ങളെ അതിജീവിച്ചു സ്വാർത്ഥതയുടേതായ ആഗ്രഹങ്ങളെ മാറ്റിവെച്ച് നമ്മുടെ ജീവിതത്തിലെ ദൈവസാന്നിധ്യമായി വിശുദ്ധ കുർബാനയെ നാം സ്വീകരിക്കണം. വിശ്വാസീസമൂഹം സഭയോട് ചേർന്ന് പ്രവർത്തിക്കണമെന്ന് ഓർമിപ്പിച്ച അദ്ദേഹം, സഭയെ ഭിന്നിപ്പിക്കുന്ന ഘടകങ്ങളെ തിരിച്ചറിഞ്ഞ് ഒരു സമൂഹമായി വർത്തിക്കാനും ആഹ്വാനം ചെയ്തു.
ഇക്കാലഘട്ടത്തിൽ കൃതൃജ്ഞത പ്രകാശിപ്പിക്കുന്നവർ വിളരമാണ്. നമ്മെ സഹായിച്ചവരെ പരിഗണിക്കാതെ, മുന്നോട്ടുള്ള യാത്രയെങ്ങനെ ആനന്ദകരമാക്കാം എന്ന ചിന്തയിൽ ജീവിക്കുന്നവരാണ് നമ്മിൽ ഭൂരിപക്ഷവും. നൈമിഷിക സുഖങ്ങൾക്ക് മുൻതൂക്കം നൽകി നമ്മുടെ ജീവിതലക്ഷ്യത്തെ മറന്നു പോകരുത്. ദിവ്യകാരുണ്യം അനുഭവിച്ച് ദൈവത്തെ ആരാധിക്കാനും അവിടുന്ന് നൽകിയ ദാനങ്ങൾക്ക് നന്ദി പറയാനും ജാഗരൂകരാകണമെന്നും പാപ്പ കൂട്ടിച്ചേർത്തു.
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ കഴിഞ്ഞുവരുന്ന വ്യാഴാഴ്ചയാണ് പരിശുദ്ധ കുർബാനയുടെ തിരുനാൾ ആചരിക്കുക. എന്നാൽ, പരിശുദ്ധ കുർബാനയുടെ തിരുനാളും ദിവ്യകാരുണ്യ പ്രദക്ഷിണവും വത്തിക്കാനിൽ ജൂൺ 18 ഞായറാഴ്ചത്തേയ്ക്ക് മാറ്റിവെക്കുകയായിരിന്നു. കൂടുതൽ ആളുകൾ ക്ക് തിരുനാളിൽ പങ്കുചേരാൻ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ പാപ്പ കൈക്കൊണ്ട ഈ നടപടിമൂലം  ആയിരകണക്കിന് വിശ്വാസികളാണ് തിരുനാളിൽ പങ്കെടുക്കാൻ എത്തിയത്.