ദൈവത്തിന്റെ നീതി കരുണയാണ് :ഫ്രാൻസിസ് പാപ്പ

0
360

വത്തിക്കാൻ: ദൈവത്തിന്റെ നീതി കരുണയാണെന്നും മറ്റുള്ളവരോട് നാം കരുണകാണിക്കുന്നതുപോലെ ദൈവം നമ്മോടും കരുണ കാണിക്കുമെന്നും ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ദിവസം സാന്താമാർത്താ കപ്പേളയിൽ ദിവ്യബലിമധ്യേ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

“എളിമയും പാപബോധവും ഉള്ളവർക്കേ ദൈവത്തിന്റെ കരുണ ലഭിക്കൂ. പശ്ചാത്താപവും പാപബോധവും ഉണ്ടെങ്കിൽ മാത്രമേ കരുണയെന്ന ദൈവത്തിന്റെ നീതി നമുക്ക് അനുഭവിക്കാനാകൂ. അന്യരെ വിധിക്കാനല്ല, അവരോട് ക്ഷമിക്കാനാണ് ദൈവം ആവശ്യപ്പെടുന്നത്. മറ്റുള്ളവരെ വിധിച്ച് സ്വയം വിധിയാളനാവുകയില്ലെന്ന് എല്ലാവരും തീരുമാനിക്കണം. കൂടാതെ തന്റെ മനസാക്ഷിയെ പരിശോധിക്കുകയും ചെയ്യണം”; പാപ്പ പറഞ്ഞു.

“അന്യരെ വിധിക്കുന്നത് ഭീതികരമാണ്. കാരണം ദൈവം മാത്രമാണ് ഏക വിധികർത്താവ്. ലോകവ്യാപകവും വ്യക്തിപരവുമായ ദൈവത്തിന്റെ അന്ത്യവിധിയിൽ നിന്ന് ഒഴിവാകാൻ ആർക്കും കഴിയില്ല. മറ്റുള്ളവരോടും ദൈവത്തോടുമുള്ള നമ്മുടെ സമീപനമെങ്ങനെ ആയിരിക്കണമെന്ന് ഈ യാഥാർത്ഥ്യം നമ്മെ ഓർമ്മപ്പെടുത്തുന്നു. നാം മറ്റുള്ളവരെ വിധിക്കുമ്പോഴും ദൈവത്തിൻറെ വിധിയിൽ നീതിയുണ്ടായിരിക്കും. ഞാൻ വിധിക്കുന്നതുപോലെ, എന്നെയും ദൈവം വിധിക്കും. അതുകൊണ്ട്, മറ്റുള്ളവരെക്കുറിച്ച് കരുണയോടെയേ സംസാരിക്കാവൂ. നമ്മുടെ പാപങ്ങളെക്കുറിച്ച് നമുക്കു ലജ്ജിക്കാം”; പാപ്പ പറഞ്ഞു.