ദൈവത്തിന്റെ രക്ഷാകര പ്രവർത്തികളുടെ പ്രഘോഷകരാകണം നാം: മാർ ആലഞ്ചേരി

'രണ്ടാം ശനിയാഴ്ച കൺവെൻഷൻ' ഗ്രേറ്റ് ബ്രിട്ടനിലെ മികച്ച സുവിശേഷ സംരംഭമായി മാറട്ടെയെന്നും കർദിനാൾ

0
1077

യു.കെ: പരിശുദ്ധാത്മാവിന്റെ വരദാനങ്ങളാൽ നിറഞ്ഞവളും ആദ്യ സുവിശേഷകയുമായ പരിശുദ്ധ ദൈവമാതാവിന്റെ ജീവിതത്താൽ പ്രചോദിതരായി ദൈവത്തെ മഹത്വപ്പെടുത്തുന്നവരും സഭയെ പടുത്തുയർത്തുന്നവരുമായി സഭാമക്കൾ മാറണമെന്ന് സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഗ്രേറ്റ് ബ്രിട്ടണിലെ അജപാലന സന്ദർശനത്തിന്റെ ഭാഗമായി സെഹിയോൻ യു.കെ നേതൃത്വം വഹിക്കുന്ന ‘രണ്ടാം ശനിയാഴ്ച’ കൺവെൻഷനിൽ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

എഴുതപ്പെട്ട വചനമായ വിശുദ്ധ ഗ്രന്ഥവും സാക്ഷ്യപ്പെടുത്തുന്ന വചനമായ കരുണയുടെ പ്രവൃത്തികളും സഭാമക്കളുടെ ജീവിതത്തിലൂടെ പ്രകാശിതമാകണം. അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിവസം നടന്ന ശുശ്രൂഷയിൽ, രക്ഷയുടെ രഹസ്യം സ്വജീവിതത്തിൽ ഉൾക്കൊണ്ട് ലോകത്തിനു നൽകുകയും ആ രക്ഷാനുഭവത്തിനു സാക്ഷിയും മധ്യസ്ഥയുമായി മാറുകയും ചെയ്ത മറിയത്തിന്റെ ജീവിതത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് വിശ്വാസജീവിതം നയിക്കാൻ നമുക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

യു.കെയിൽ വർഷങ്ങളായി നിർവഹിക്കുന്ന സുവിശേഷത്തിന്റെ നന്മ ഇനിയും തുടർന്ന് ഗ്രേറ്റ് ബ്രിട്ടനിലെ മികച്ച സുവിശേഷ സംരംഭമായി രണ്ടാം ശനിയാഴ്ച കൺവെൻഷൻ മാറട്ടെയെന്നും കർദിനാൾ ആശംസിച്ചു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, സെഹിയോൻ ഡയറക്ടർ ഫാ. സോജി ഓലിക്കൽ,ഫാ . ജോസ് അഞ്ചാനിക്കൽ എന്നിവർ പ്രസംഗിച്ചു. രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദികരും സന്യസ്ഥരും ഉൾപ്പെടെ നിരവധി വിശ്വാസികൾ സംബന്ധിച്ചു.