ദൈവത്തില്‍ മാത്രം ആശ്രയിക്കുന്നവര്‍…

0
229

73. ശാന്തത പരിശുദ്ധാത്മാവിന്റെ ഫലങ്ങളില്‍ ഒന്നാണെന്ന് വിശുദ്ധ പൗലോസ് അപ്പസ്‌തോലന്‍ പറയുന്നു (ഗലാ. 5:23). നമ്മുടെ സഹോദരീ സഹോദരന്മാരുടെ തെറ്റായ പ്രവൃത്തി നമ്മെ അസ്വസ്ഥരാക്കുന്നെങ്കില്‍ നമ്മള്‍ അവരെ ശാന്തതയുടെ അരൂപിയോടെ തിരുത്താന്‍ പരിശ്രമിക്കണമെന്ന് അദ്ദേഹം ഉപദേശിക്കുന്നു. എന്തെന്നാല്‍ നിങ്ങളും പ്രലോഭിക്കപ്പെടുന്നവരാണ് (ഗലാ. 6:1) എന്ന് വിശുദ്ധ പൗലോസ് ഓര്‍മിപ്പിക്കുന്നു. നാം നമ്മുടെ വിശ്വാസങ്ങളെയും ബോധ്യങ്ങളെയും സംരക്ഷിക്കുമ്പോഴും ശാന്തതയോടുകൂടി (1 പത്രോ. 3:16) വേണം അങ്ങനെ ചെയ്യാന്‍. ശത്രുക്കളോട് സൗമ്യതയോടുകൂടി പെരുമാറണം (2 തിമോ. 2:25). ദൈവവചനത്തിന്റെ ഈ കല്‍പന പാലിക്കുന്നതില്‍ തിരുസഭയില്‍ പലപ്പോഴും നമുക്ക് തെറ്റ് പറ്റിയിട്ടുണ്ട്.
74. ദൈവത്തില്‍ മാത്രം ആശ്രയിക്കുന്നവരുടെ ആന്തരിക ദാരിദ്ര്യത്തിന്റെ മറ്റൊരു ആവിഷ്‌ക്കാരമാണ് ശാന്തത. വിശുദ്ധ ഗ്രന്ഥത്തില്‍ ശാന്തതയുള്ളവരെയും ദരിദ്രരെയും പരാമര്‍ശിക്കാന്‍ ‘അനാവിം’ എന്ന പദമാണ് ഉപയോഗിക്കുന്നത്. ”ഞാന്‍ അത്രമാത്രം ശാന്തനായാല്‍ ഞാന്‍ ഒരു വിഡ്ഢിയോ മണ്ടനോ ബലഹീനനോ ആണെന്ന് അവര്‍ കരുതിയേക്കാം” എന്ന് ചിലര്‍ ഇപ്രകാരം എതിര്‍ത്ത് പറഞ്ഞേക്കാം. അവര്‍ അപ്രകാരം പറഞ്ഞുകൊള്ളട്ടെ.
ശാന്തനായിരിക്കുന്നതാണ് എപ്പോഴും നല്ലത്. അപ്പോള്‍ നമ്മുടെ അത്യഗാധമായ ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടും. ശാന്തശീലര്‍ ഭൂമി അവകാശപ്പെടുത്തും. എന്തുകൊണ്ടെന്നാല്‍ ദൈവത്തിന്റെ വാഗ്ദാനങ്ങള്‍ തങ്ങളുടെ ജീവിതത്തില്‍ നിറവേറുന്നത് അവര്‍ കാണും. ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും ശാന്തശീലര്‍ കര്‍ത്താവില്‍ പ്രത്യാശ വയ്ക്കുന്നു. കര്‍ത്താവില്‍ പ്രത്യാശിക്കുന്നവര്‍ ഭൂമി അവകാശപ്പെടുത്തും; സമാധാനത്തിന്റെ പൂര്‍ണത അവര്‍ അനുഭവിക്കുകയും ചെയ്യും (സങ്കീ.37:9,11). കര്‍ത്താവ് അവരില്‍ വിശ്വാസമര്‍പ്പിക്കുന്നു. ”ആത്മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്ക്കുകയും ചെയ്യുന്നവനെയാണ് ഞാന്‍ കടാക്ഷിക്കുക” (ഏശ. 66:2).
ശാന്തതയോടും വിനയത്തോടുംകൂടി പ്രതികരിക്കുക – അതാണ് വിശുദ്ധി.
”വിലപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; എന്തെന്നാല്‍ അവര്‍ ആശ്വസിപ്പിക്കപ്പെടും”
75. ഇതിന് നേരെ മറിച്ചാണ് ലോകം നമ്മോട് പറയുന്നത്. വിനോദങ്ങളും സുഖങ്ങളും നേരംപോക്കുകളും രക്ഷപ്പെടലുകളുമാണ് ജീവിതത്തെ മനോഹരമാക്കുന്നത്. ലൗകികനായ മനുഷ്യന്‍ തന്റെ കുടുംബത്തിലോ തനിക്ക് ചുറ്റുമുള്ളവരിലോ ദര്‍ശിക്കുന്ന രോഗങ്ങളും ദുഃഖങ്ങളും അവഗണിക്കുന്നു. അത്തരത്തിലുള്ള വ്യക്തികള്‍ അവിടേക്ക് നോക്കുന്നില്ല. കരയാനായിട്ട് ഇന്നത്തെ ലോകത്തിന് താല്‍പര്യമില്ല. ലോകം വേദന നിറഞ്ഞ സാഹചര്യങ്ങളെ അവഗണിക്കുന്നു.
അവയെ ഒളിച്ചുവയ്ക്കുകയോ രഹസ്യമായി സൂക്ഷിക്കുകയോ ചെയ്യുന്നു. യാഥാര്‍ത്ഥ്യത്തെ മൂടിവയ്ക്കാന്‍ സാധിക്കും എന്ന വിശ്വാസത്തില്‍ സഹനത്തിന്റെ സാഹചര്യങ്ങളില്‍നിന്ന് ഓടിയൊളിക്കുന്നതിനായി ഏറെ ഊര്‍ജം ചെലവിടുന്നു. എന്തൊക്കെയാണെങ്കിലും കുരിശ് ഒരിക്കലും ഇല്ലാതാവുന്നില്ല.
76. ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ അവ ആയിരിക്കുന്ന വിധത്തില്‍ കാണുകയും വേദനിക്കുന്നവരോടും സങ്കടപ്പെടുന്നവരോടും സഹാനുഭൂതി പുലര്‍ത്തുകയും ചെയ്യുന്നവന് ജീവിതത്തിന്റെ ആഴങ്ങളെ സ്പര്‍ശിക്കാനും യഥാര്‍ത്ഥ സന്തോഷം കണ്ടെത്താനും സാധിക്കും. അവനോ അവളോ ആശ്വസിപ്പിക്കപ്പെടുന്നത് ലോകത്താലല്ല; യേശുവിനാലാണ്.
അത്തരത്തിലുള്ള വ്യക്തികള്‍ക്ക് മറ്റുള്ളവരുടെ സഹനത്തില്‍ പങ്കാളിയാകാന്‍ ഭയമില്ല. അവര്‍ വേദന നിറഞ്ഞ സാഹചര്യങ്ങളില്‍നിന്ന് ഒളിച്ചോടുകയുമില്ല. സഹിക്കുന്നവരുടെ കഠിനവേദനകള്‍ മനസിലാക്കിക്കൊണ്ട് അവരെ സഹായിക്കാന്‍ ചെന്നുകൊണ്ടും അവര്‍ക്ക് ആശ്വാസം പ്രദാനം ചെയ്തുകൊണ്ടും തങ്ങളുടെ ജീവിതത്തിന് അവര്‍ അര്‍ത്ഥം കണ്ടെത്തുന്നു. മറ്റ് സഹോദരര്‍ തങ്ങളുടെ മാംസത്തിന്റെ മാംസമാണെന്ന് അവര്‍ തിരിച്ചറിയുന്നു. അപരന്റെ മുറിവുകള്‍ ഉണക്കുവാന്‍ തക്കവിധം അവരുടെ അടുക്കലേക്ക് ചെല്ലുന്നതില്‍ അവര്‍ ഭയപ്പെടുന്നില്ല. എല്ലാത്തരത്തിലുള്ള അകലങ്ങളും ഇല്ലാതാകുന്ന രീതിയില്‍ മറ്റുള്ളവരോട് അനുകമ്പ അവര്‍ക്ക് തോന്നുന്നു. ”വിലപിക്കുന്നവരോടുകൂടി വിലപിക്കുവിന്‍” (റോമ 12:15) എന്ന വിശുദ്ധ പൗലോസ് അപ്പസ്‌തോലന്റെ നിര്‍ദേശത്തെ ഇത്തരത്തില്‍ അന്വര്‍ത്ഥമാക്കാന്‍ അവര്‍ക്ക് സാധിക്കുന്നു.
മറ്റുള്ളവരോടൊത്ത് വിലപിക്കുന്നത് എങ്ങനെ എന്ന് അറിയുക – അതാണ് വിശുദ്ധി.
”നീതിക്കുവേണ്ടി വിശപ്പും ദാഹവും സഹിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ തൃപ്തരാക്കപ്പെടും”
77. വിശപ്പും ദാഹവും തീവ്രമായ അനുഭവങ്ങളാണ്. എന്തെന്നാല്‍ അവ നമ്മുടെ അതിജീവനത്തിനായുള്ള ജന്മവാസനകളുടെ അടിസ്ഥാന ആവശ്യങ്ങളാണ്. അത്തരം തീവ്രതയോടെ നീതിക്കുവേണ്ടി ആഗ്രഹിക്കുകയും ന്യായത്തിനുവേണ്ടി ദാഹിക്കുകയും ചെയ്യുന്നവരുണ്ട്. അവര്‍ സംതൃപ്തരാക്കപ്പെടുമെന്ന് യേശുനാഥന്‍ അരുള്‍ചെയ്യുന്നു. എന്തെന്നാല്‍ ഉടനടിയോ സാവകാശമോ നീതി സ്ഥാപിതമാകും. നമ്മുടെ പരിശ്രമങ്ങളുടെ ഫലം എല്ലായിപ്പോഴും നമുക്ക് കാണാന്‍ സാധിച്ചില്ലെങ്കിലും അത് യാഥാര്‍ത്ഥ്യമാകാന്‍ സഹകരിക്കാം.
78. സ്ഥാപിത താല്‍പര്യങ്ങളാല്‍ കളങ്കപ്പെട്ടതും വിവിധ രീതികളാല്‍ വികലമാക്കപ്പെട്ടതുമായ ലോകത്തിന്റെ നീതിയില്‍നിന്ന് വ്യത്യസ്തമാണ് യേശുനാഥന്‍ മുന്നോട്ട് വയ്ക്കുന്ന നീതി. എല്ലാം വ്യവഹാരമായി കാണുന്ന അനുദിന സാഹചര്യത്തില്‍ ”കിട്ടാന്‍വേണ്ടി കൊടുക്കുന്ന” ഇന്നത്തെ രാഷ്ട്രീയത്തിന്റെ ഭാഗമായിത്തീരുക എത്ര എളുപ്പമാണെന്ന് നമ്മുടെ അനുഭവം നമുക്ക് കാണിച്ചുനല്‍കുന്നു.
ചിലര്‍ ജീവിതത്തിന്റെ എല്ലാ നേട്ടങ്ങളും സ്വന്തമാക്കുമ്പോള്‍ എത്രയോ ആളുകളാണ് നിസഹായരായി അനീതി സഹിക്കേണ്ടിവരുന്നത്. ചിലരാകട്ടെ യഥാര്‍ത്ഥ നീതിക്കുവേണ്ടിയുള്ള പോരാട്ടം ഉപേക്ഷിച്ച് വിജയികളോടൊത്ത് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നു.
യേശുനാഥന്‍ പ്രശംസിക്കുന്ന നീതിക്കുവേണ്ടിയുള്ള വിശപ്പിനും ദാഹത്തിനും ഇതുമായി യാതൊരു ബന്ധവുമില്ല.
(തുടരും)

റവ. ഡോ. സ്റ്റീഫന്‍ ആലത്തറ