ദൈവത്തിൻറെ രക്ഷാകരവദനം പ്രഘോഷിക്കുന്ന ദൈവവിജ്ഞാനം ആവശ്യം: ഫ്രാൻസിസ് പാപ്പ

0
138
Pope Francis

വത്തിക്കാൻ: ദൈവത്തിൻറെ രക്ഷാകരവദനം കാട്ടിക്കൊടുക്കാനും പ്രഘോഷിക്കാനും സഹായിക്കുന്ന ദൈവവിജ്ഞാനമാണ് ആവശ്യമെന്ന് ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ദിവസം ദൈവശാസ്ത്ര സംഘത്തിലെ നൂറോളം പേരെ വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇറ്റലിയിലെ ദൈവശാസ്ത്രജ്ഞന്മാരുടെ സംഘത്തിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ചാണ് പാപ്പ ദൈവശാസ്ത്രജ്ഞൻമാരുടെ സംഘത്തെ സംബോധന ചെയ്തത്.

“പരിസ്ഥിതി പ്രതിസന്ധി, മനുഷ്യനിൽ ജനിതക മാറ്റങ്ങൾ സൃഷ്ടിക്കുന്ന ശാസ്ത്രസാങ്കേതികപുരോഗതി, സാമൂഹ്യ അസമത്വങ്ങൾ, കുടിയേറ്റം തുടങ്ങിയ വെല്ലുവിളികൾ ഉയരുന്ന ഈ കാലഘട്ടത്തിൽ ദൈവത്തിൻറെ രക്ഷാകരവദനം അനാവരണം ചെയ്യപ്പെട്ടേ പറ്റൂ. മനുഷ്യരെ താനുമായി ഐക്യപ്പെടുത്തുക എന്ന പരിത്രാണപദ്ധതിയുള്ള ദൈവത്തിന്റെ മുന്നിൽ ഒറ്റയ്ക്ക് നിന്ന് മത്സരബുദ്ധിയോടെ സേവനം ചെയ്യാമെന്ന ചിന്ത അരുത്”. പാപ്പാ ദൈവശാസ്ത്രജ്ഞൻമാരോട് പറഞ്ഞു.

“കഴിയുന്നിടത്തോളം വിശാലമായ ദൈവവിജ്ഞാനീയ കൂട്ടായ്മയിലായിരിക്കുന്ന വ്യക്തികൾ എന്ന നിലയിലായിരിക്കണം ദൈവശാസ്ത്രഗവേഷണം നടത്തേണ്ടത്. വിശ്വാസികൾ ദൈവശാസ്ത്രം പഠിച്ചിരിക്കണമെന്നത് അനിവാര്യമല്ല. വിശ്വാസനയനങ്ങൾക്ക് കൂടുതൽ തെളിച്ചം നല്കാൻ കഴിയുന്ന സാധാരണക്കാരായ അനേകർ ഇന്ന് ലോകത്തുണ്ട്. നാം വിശ്വസിക്കുന്നവ കൂടുതൽ ആഴത്തിൽ മനസ്സിലാൻ ദൈവശാസ്ത്രം നമ്മെ സഹായിക്കുന്നു. ക്രിയാത്മക വിശ്വാസമുള്ളവരാകാനുള്ള പരിശ്രമം ആഗോളസഭയുടേയും പ്രത്യേകിച്ച്, ദൈവശാസ്ത്രജ്ഞന്മാരുടെയും ഭാഗത്തു നിന്നും ഉണ്ടാകണo”. പാപ്പ പറഞ്ഞു.