ദൈവത്തെ വഞ്ചിക്കുന്നതിനേക്കാൾ മരണം തെരഞ്ഞടുക്കാൻ യേശു പ്രചോദിപ്പിക്കുന്നു: സഹായമെത്രാൻ ഫെർണാണ്ടോ ക്രോക്‌സാറ്റോ

0
240

ദൈവത്തെ വഞ്ചിക്കുന്നതിനേക്കാൾ മരണം തെരഞ്ഞടുക്കാൻ യേശു മിഷണറിമാരെ പ്രചോദിപ്പിക്കുന്നതായി കൊമോഡോറോ റിവാഡാവിയയിലെ സഹായമെത്രാനായ ഫെർണാണ്ടോ ക്രോക്‌സാറ്റോ. കഴിഞ്ഞയാഴ്ച അർജന്റീനയിലെ നിക്വയിനിൽ നടന്ന 5ാ മത് ദേശീയ മിഷണറി സമ്മേളനത്തിന്റെ സമാപനത്തിൽ ദിവ്യബലി മധ്യേ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ധൈര്യമായിരിക്കാനും ശക്തമായി നിലകൊള്ളാനും ക്രിസ്തു പ്രേഷിതപ്രവർത്തകരെ പ്രചോദിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. “യഥാർത്ഥ പ്രേഷിത പ്രവർത്തകൻ ഒരിക്കലും ക്രിസ്തുശിഷ്യസ്ഥാനം ഉപേക്ഷിക്കില്ല. കാരണം അവന് യേശു തന്നോട് സംസാരിക്കുന്നുവെന്നും തന്നോട് കൂടെ നടക്കുന്നുവെന്നും തന്നോടൊത്ത് ശ്വസിക്കുന്നുവെന്നും തന്നോടൊത്ത് പ്രവർത്തിക്കുന്നുവെന്നും അറിയാം”അദ്ദേഹം പറഞ്ഞു. ‘അർജന്റീന ഇൻ മിഷൻ ദ ഗോസ്പൽ ഈസ് ജോയ്’ എന്ന പ്രമേയത്തിൽ നടന്ന ത്രിദിന മിഷണറി സമ്മേളനത്തിൽ 600 പേരാണ് പങ്കെടുത്തത്.

അതേസമയം, സമ്മേളനത്തിൽ പങ്കെടുക്കുന്നവർ മിഷനറി മനോഭാവത്തിൽ വളരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടയച്ച കത്തിൽ പാപ്പ വ്യക്തമാക്കി. തുടർന്ന് ദിവ്യകാരുണ്യത്തിലൂടെയും ദൈവവചനത്തിലൂടെയും യേശുവിനെ കണ്ടുമുട്ടാനുള്ള അവസരങ്ങളൊരുക്കുമെന്ന തങ്ങളുടെപ്രതിജ്ഞയെ രൂപതാ പ്രേഷിതപ്രവർത്തകർ പുതുക്കി. സമ്മേളനത്തിനിടയിൽ മിഷൻ പ്രവർത്തനങ്ങൾക്കിടയിലെ ആശയവിനിമയത്തിലെ ന്യൂനതകൾ, തളർച്ചയുടെ ലക്ഷണങ്ങൾ, താത്പര്യമില്ലായ്മ, സുവിശേഷ പ്രഘോഷണത്തോടുള്ള വിമുഖത, സുവിശേഷത്തിന്റെ ഫലത്തെക്കുറിച്ചുള്ള ആത്മവിശ്വാസമില്ലായ്മ എന്നീ തടസങ്ങളെപ്പറ്റിയും പ്രേഷിത പ്രവർത്തകർ വിവരിച്ചു.