ദൈവമാതാവിന്റെ സംരക്ഷണം  അനിവാര്യം: മാർ ആലപ്പാട്ട്

354
ന്യൂയോർക്ക്: കുഞ്ഞുനാളിൽ ചെറുതലോടലുകളിലൂടെ കുഞ്ഞുങ്ങളിൽ വിശ്വാസ തീക്ഷ്ണത വളർത്താൻ പരിശുദ്ധ അമ്മയുടെ മാതൃകയും സംരക്ഷണവും മാതാപിതാക്കൾക്ക് അനിവാര്യമാണെന്ന് ചിക്കാഗോ സീറോ മലബാർ സഹായമെത്രാൻ മാർ ആലപ്പാട്ട്. ഓൾഡ് ബെത്ത്‌പേജ് സെന്റ് മേരീസ് ദൈവാലയത്തിൽ ആദ്യ കുർബാന സ്‌ഥൈര്യലേപന സ്വീകരണ തിരുക്കർമങ്ങളിൽ മുഖ്യകാർമികത്വം വഹിക്കുകയായിരുന്നു അദ്ദേഹം.
ആദ്യ കുർബാന, സ്‌ഥൈര്യലേപന കൂദാശകളിലൂടെ ഈശോ മിശിഹായുടെ മൂന്ന് സ്വർഗീയ ദാനങ്ങളാണ് ലഭിക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു. വിശുദ്ധ കുർബാന, പരിശുദ്ധാത്മാവ്, ദൈവമാതാവ് എന്നിവയാണ് ആ ദാനങ്ങൾ. ഇതിൽ ആദ്യത്തെ ദാനമാണ് വിശുദ്ധ കുർബാന. ദ്രവ്യാഗ്രഹത്തിൽനിന്ന് സക്കേവൂസിന് മോചനം നൽകി ആത്മീയ സൗഖ്യത്തിലേക്കുയർത്തുകയും അവന്റെ ഹൃദയത്തിലെത്തുകയും ചെയ്ത അനുഭവവുമായി ഇതിനെ താരതമ്യപ്പെടുത്താം.
സെഹിയോൻ ഊട്ടുശാലയിൽ പ്രാർത്ഥനയിലിരുന്ന പരിശുദ്ധ മാതാവിനും അപ്പസ്‌തോലന്മാർക്കും പരിശുദ്ധാത്മാവിനെ നൽകി ശക്തിപ്പെടുത്തിയതായിരുന്നു ഈശോയുടെ രണ്ടാമത്തെ ദാനം. ഹൃദയ വിശുദ്ധിയുളള സാധാരണ മനുഷ്യരിലേക്ക് പരിശുദ്ധാത്മാവ് എഴുന്നളളി വരുമ്പോൾ ദൈവവചനം പ്രഘോഷിക്കാൻ അവന് അസാമാന്യമായ മാനസിക ധൈര്യമാണ് പരിശുദ്ധാത്മാവ് നൽകുന്നത്. നമ്മുടെ സംരക്ഷകയായ പരിശുദ്ധ അമ്മതന്നെയാണ് ഈശോയുടെ മൂന്നാമത്തെ ദാനം. കുഞ്ഞുങ്ങളിൽ വിശ്വാസ തീക്ഷ്ണത വളർത്താൻ പരിശുദ്ധ അമ്മയുടെ സംരക്ഷണവും മാതാപിതാക്കൾക്ക് ഉണ്ടാകട്ടെയെന്നും മാർ ആലപ്പാട്ട് ആശംസിച്ചു.
വികാരി ഫാ. ജോൺ മേലേപ്പുറം, ഫാ. ജോസഫ് ആലഞ്ചേരി, ഫാ. റോയി ചെങ്ങളൻ, ഫാ. പോൾ പുലിക്കാട്ടിൽ, ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ, ഫാ. ജേക്കബ് ചീരംവേലി എന്നിവർ സഹകാർമികരായിരുന്നു. പരിശുദ്ധ അമ്മക്ക് തിരിതെളിയിച്ചാണ് കുഞ്ഞുങ്ങൾ കൂദാശ സ്വീകരണത്തിന് ഒരുങ്ങിയത്. മതബോധന വിഭാഗം ഡയറക്ടർ ബെറ്റി മേനാട്ടൂർ, അധ്യാപകരായ ലിസി കൊച്ചുപുരക്കൽ, ലാലി മാഞ്ചേരി, ഷാരോൺ ജോസഫ് ഫാ. ജോൺ മേലേപ്പുറത്തിനൊപ്പം കൂദാശാ സ്വീകരണത്തിനായ കുഞ്ഞുങ്ങളെ ബിഷപ്പിന് മുന്നിലേക്ക് ആനയിച്ചു.
സ്‌ഥൈര്യലേപന തൈലം ബിഷപ്പു തന്നെയാണ് ഓരോരുത്തർക്കും ചാർത്തിയത്. തുടർന്ന് വിശുദ്ധ കുർബാനക്കിടെ ആദ്യ കുർബാനയും നൽകി. കുട്ടികളുടെ നേതൃത്വത്തിൽ ഇംഗ്ലീഷിലും മലയാളത്തിലുമായി ഗാനങ്ങൾ ആലപിച്ചതും സവിശേഷമായി. ഫാ. ജോൺ മേലേപ്പുറത്തിന്റെ ചുമതലയിൽ റിലിജിയസ് എജ്യൂക്കേഷൻ ഡയറക്ടറും റിലിജിയസ് എജ്യൂക്കേഷൻ രജിസ്ട്രാറുമാണ് ക്രമീകരണങ്ങൾ നിർവഹിച്ചത്.