ദൈവമാതാവിലൂടെ ഗ്രേറ്റ് ബ്രിട്ടൺ ഉയർത്തപ്പെടട്ടെ

വാൽഷിഹാം തീർത്ഥാടനത്തോട് അനുബന്ധിച്ച് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പുറപ്പെടുവിച്ച സന്ദേശം

287

 

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത സ്ഥാപിതമായശേഷമുള്ള ആദ്യത്തെ വാൽഷിഹാം തീർത്ഥാടനത്തിനായി തയാറെടുക്കുകയാണ് നാം. ജൂലൈ 16ന് നടത്തുന്ന തീർത്ഥാടനത്തിലേക്ക് എല്ലാ വിശ്വാസികളെയും പ്രത്യേകം ക്ഷണിക്കുന്നു. പരിശുദ്ധ കർമലമാതാവിന്റെ തിരുനാളായ ജൂലൈ 16 യു.കെയിലെ സീറോ മലബാർ സഭയെ സംബന്ധിച്ചും സുപ്രധാന ദിനമാണ്. ഉദേ്യാഗാർത്ഥികളും ഉന്നത പ~നത്തിനുമായി ഇവിടേക്ക് കുടിയേറിയ സീറോ മലബാർ സമൂഹത്തിന് തനത് ആരാധനക്രമത്തിൽ വളരാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഫ്രാൻസിസ് പാപ്പ ഗ്രേറ്റ് ബ്രിട്ടൺ രൂപത സ്ഥാപിച്ചതിന്റെയും എന്നെ ബിഷപ്പായി തിരഞ്ഞെടുത്തതിന്റെയും ഒന്നാം പിറന്നാളുമാണ് ജൂലൈ 16.

അനുഗ്രഹദായകമായ ഈ ദിനത്തിൽ നമ്മുടെ എല്ലാ ദിവ്യബലിയർപ്പണ കേന്ദ്രങ്ങളിൽനിന്നും വിശ്വാസികൾ എത്തണമെന്നാണ് എന്റെ ആഗ്രഹം. അതിനായുള്ള ആസൂത്രണങ്ങൾ നടക്കുന്നുവെന്നാണ് മനസിലാക്കുന്നത്. സാധിക്കുന്ന എല്ലാവരും തീർത്ഥാടനത്തിൽ അണിചേരണം. കാരണം, പരിശുദ്ധ അമ്മയ്ക്ക് സമ്പൂർണമായി സമർപ്പിക്കപ്പെട്ട രൂപതയാണ് ഗ്രേറ്റ് ബ്രിട്ടൺ. അതുപോലെതന്നെ, മെത്രാനെന്ന നിലയിൽ എന്റെ ശുശ്രൂഷകളും പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കപ്പെട്ടിരിക്കുന്നു. പരിശുദ്ധ അമ്മയോട് വളരെ ഭക്തിയും ആദരവുമുള്ളവരാണ് നമ്മുടെ കുടുംബങ്ങൾ. മലയാളികളായ നാം ഓരോരുത്തരും പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ സാക്ഷ്യമാണ് വാൽഷിഹാം തീർത്ഥാടനത്തിലൂടെ പ്രകടമാകേണ്ടത്.

വിപുലമായ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. മരിയൻ ധ്യാനം ഉൾപ്പെടെയുള്ള പരിപാടികൾ ക്രമികരിച്ചിട്ടുണ്ട്. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം നമ്മുടെ രൂപതയ്ക്ക്, ദിവ്യബലിയർപ്പണകേന്ദ്രങ്ങൾക്ക്, കുടുംബങ്ങൾക്ക്, നാം ഓരോരുത്തർക്കും ആവശ്യമാണെന്ന് സ്‌നേഹത്തോടെ ഓർമിപ്പിക്കട്ടെ. പരിശുദ്ധ അമ്മയോട് അപേക്ഷിക്കുന്ന ഒന്നും ഉപേക്ഷിക്കപ്പെട്ടിട്ടില്ല എന്ന് നമുക്കെല്ലാം സാക്ഷ്യപ്പെടുത്താനാകും. നമ്മുടെ ഈ രാജ്യത്ത് പരിശുദ്ധ അമ്മ കൂടുതലായി ഉയർത്തെപ്പെടാൻ സീറോ മലബാർ സഭയുടെ ഈ തീർത്ഥാടനം കാരണമാകട്ടെയെന്ന് നമുക്ക് ആത്മാർത്ഥമായി പ്രാർത്ഥിക്കാം.