ദൈവമാതാവ് ഇവന്റ് മാനേജരായി; ഗ്രേറ്റ് ബ്രിട്ടണിൽ എല്ലാം അതിവേഗം!

0
1774

യു.കെ: മിഷൻ രൂപീകരണം ഉൾപ്പെടെ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ വളർച്ചയിൽ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം അനുഭവ വേദ്യമായിട്ടുണ്ടെന്ന് മാർ സ്രാമ്പിക്കൽ സൺഡേ ശാലോമിനോട് പറഞ്ഞു. ആശങ്കകളും ആശയക്കുഴപ്പങ്ങളും വെല്ലുവിളി ഉയർത്താനിടയുണ്ടായിരുന്ന മിഷൻ രൂപീകരണം യാഥാർത്ഥ്യമാക്കുന്നതിൽ മുഖ്യമായത് പരിശുദ്ധ ദൈവമാതാവ് വഹിച്ച ‘ഇവന്റ് മാനേജർ’ പദവിയാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു:

‘ആത്മാവിന്റെ പ്രചോദനത്താൽ, വാത്സിംഹാം തീർത്ഥാടന വേളയിൽ, ആയിരങ്ങളെ സാക്ഷി നിർത്തി സീറോ മലബാർ മിഷൻ രൂപീകരണത്തിന്റെ ഇവന്റ് മാനേജരായി പരിശുദ്ധ അമ്മയെ ഞാൻ പ്രഖ്യാപിച്ചു. പിന്നീടിങ്ങോട്ട് അമ്മയുടെ മാധ്യസ്ഥ ശക്തിയാൽ സംഭവിച്ചത് നിരവധി അത്ഭുതങ്ങളും അനുഗ്രഹങ്ങളുമാണ്. ലിവർപൂളിൽ ഗ്രേറ്റ് ബ്രിട്ടൺ രൂപതയ്ക്ക് ദൈവാലയം ലഭിച്ചു. മറ്റനേകം ഇടങ്ങളിൽ തദ്ദേശീയ ദൈവാലയങ്ങൾ സീറോ മലബാർസമൂഹത്തിനായി അനുവദിച്ചു തരുന്നു. ഇപ്പോഴിതാ, മിഷൻ രൂപീകരണ നടപടികളും അതിശയകരമാം വിധം മുന്നോട്ടു പോകുന്നു.’

മിഷൻ രൂപീകരണ ശ്രമങ്ങൾക്ക് പിന്തുണയും പ്രാർത്ഥനയും നൽകിയ വൈദികർക്കും സന്യസ്തർക്കും ആത്മായ സമൂഹത്തിനും മാർ സ്രാമ്പിക്കൽ നന്ദി അർപ്പിച്ചു.