ദൈവമേ, നിനക്കായി ഈ ജീവിതം

0
904
ദൈവമേ, നിനക്കായി ഈ ജീവിതം

മെഡിക്കല്‍ ഡോക്ടറായതിനുശേഷം കത്തോലിക്കാ പുരോഹിതനായി മാറിയ ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ടിന്റെ ഹൃദയസ്പര്‍ശിയായ അനുഭവം നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കണം. ആ സംഭവം അദേഹത്തിന്റെ വാക്കുകളിലൂടെ തന്നെ കേള്‍ക്കാം.
”അന്ന് ഞാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു. രോഗിയായിട്ടല്ല, ഡോക്ടര്‍. എന്റെ ശിരസ്സില്‍ ഡോക്ടറുടെ ബിരുദതൊപ്പിയും, കൈകളില്‍ സ്‌റ്റെതസ്‌കോപ്പും. എന്നാല്‍ മനസ് ചികിത്സയിലായിരുന്നില്ല…ഒരു വൈദികനാകണമെന്ന ചിന്ത എന്റെ ഹൃദയത്തെ വല്ലാതെ വീര്‍പ്പുമുട്ടിച്ചു. തീരുമാനം മാതാപിതാക്കളേയും സഹോദരങ്ങളേയും മാത്രം അറിയിച്ചു. അവര്‍ക്ക് തെല്ലും ഉള്‍ക്കൊള്ളുവാന്‍ സാധിച്ചില്ല. സുബോധത്തോടെയാണോ സംസാരിക്കുന്നത് എന്നുവരെ അവര്‍ സംശയിച്ചു. അവരുടെ നെഞ്ചു പിളരുന്ന വാക്കുകളും കണ്ണീര്‍പുഴയും ഞാന്‍ കാണാതിരുന്നില്ല. ഇത് സൃഷ്ടിക്കുന്ന വേദനയോടെതന്നെ ഡോക്ടര്‍ ബിരുദം സ്വീകരിച്ചതിന്റെ നാലാം ദിവസം എന്റെ വൈദികപരിശീലനമാരംഭിച്ചു. പ്രായ വിദ്യാഭ്യാസ പശ്ചാത്തലമൊന്നും എനിക്ക് അനുഭവപ്പെടാഞ്ഞതിന്റെ കാരണം എന്റെ ശക്തിയല്ല, എന്നെ വിളിച്ചവന്റെ കരുത്തും, ആ കരുത്തിലുള്ള വിശ്വാസവുമായിരുന്നു.
പ്രാര്‍ത്ഥനയുടേയും കാത്തിരിപ്പിന്റെയും ദീര്‍ഘവര്‍ഷങ്ങള്‍, കൂടെയുണ്ടായിരുന്നവരില്‍ ചിലര്‍ വഴിമാറി. ചിലര്‍ ചില ബലഹീനതകള്‍ക്കടിമപ്പെട്ട് കൊഴിഞ്ഞ് വീണു. പക്ഷെ യാതൊന്നും എന്നെ സ്വാധീനിച്ചില്ല. എന്റെ പല സഹപാഠികളും ഇതിനിടയില്‍ ഉയര്‍ന്ന സ്ഥാനങ്ങളിലെത്തി. അതില്‍ ചിലര്‍ എന്റെ തീരുമാനം തീര്‍ത്തും തെറ്റാണെന്നും പാഴ് വേലയാണെന്നും ഉപദേശിച്ചു. യഥാര്‍ത്ഥ ഉപദേശകനും ആശ്വാസകനും ഉള്ളില്‍ത്തന്നെ പ്രവര്‍ത്തനനിരതനായതിനാല്‍ ഞാന്‍ അചഞ്ചലനായിരുന്നു.
കാത്തിരുന്ന അഭിഷേകദിനം അടുത്തുവരുന്തോറും ഹൃദയം വല്ലാതെ തുടികൊട്ടി. വികാരത്തള്ളലില്‍ ചങ്കുപൊട്ടുമോ എന്ന് തോന്നിയ അവസരങ്ങളുണ്ടായിട്ടുണ്ട്. തത്വശാസ്ത്രം, ദൈവശാസ്ത്രം, മനശാസ്ത്രം, സാമൂഹികശാസ്ത്രം എന്നിവയില്‍ രണ്ട് ബിരുദങ്ങള്‍ സമ്പാദിച്ച് മനസ്സിനെ പ്രാര്‍ത്ഥന കൊണ്ട് പരുവപ്പെടുത്താന്‍ തീവ്രശ്രമം നടത്തിയിരുന്നപ്പോഴും ഒരു കാര്യം ഇടക്കിടെ എന്നെ അലട്ടിക്കൊണ്ടിരുന്നു, ഇത് എനിക്കാകുമോ? അപ്പോഴെല്ലാം കുരിശുതാങ്ങി ക്ലേശിച്ച് മുമ്പോട്ട് പോകുന്ന നിത്യപുരോഹിതന്റെ ചിത്രവും അതിനുതൊട്ട് പിമ്പില്‍ തീവ്ര ദു:ഖിതയെങ്കിലും ദൗത്യബോധത്തിന്റെ ഉച്ഛിയില്‍ അചഞ്ചലയായി നില്‍ക്കുന്ന വ്യാകുലമാതാവിന്റെ രൂപവും ശക്തിപകര്‍ന്നു.
മാര്‍ ജോസഫ് കുണ്ടുകുളം പിതാവില്‍ നിന്ന് അഭിഷേകം സ്വീകരിച്ചു. അഭിഷേകാനന്തരം മനസ്സിലേക്ക് ആദ്യം വന്ന ചിന്ത കുറിക്കാം. ‘ഇനി മരിച്ചാലും എനിക്കു ദു:ഖമുണ്ടാകില്ല, കാരണം കണ്ണിലെ കൃഷ്ണമണിപോലെ നാളിതുവരെ കാത്തുസൂക്ഷിച്ച എന്റെ ആഗ്രഹം പൂവണിഞ്ഞിരിക്കുന്നു!’ ഈ ലോകത്തിലുള്ള സര്‍വസമ്പത്തും എന്റെ മുന്നില്‍ നിരത്തിയാലും ഈ ദൈവികദാനത്തോളം അതൊന്നും എനിക്ക് വിലയുള്ളതാകില്ല. അതുകൊണ്ട് തന്നെ ഞാന്‍ ഉറപ്പിച്ച് പറയും ഇനിയൊരു ജന്മമുണ്ടെങ്കിലും എനിക്ക് വൈദിക ശുശ്രൂഷയില്‍ മുഴുകണം. ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ സ്ഥാനമാണ് പുരോഹിതന്‍ എന്നത്.
ഞാന്‍ പരികര്‍മ്മം ചെയ്യുന്ന കുമ്പസാരം എന്ന കൂദാശയ്ക്ക് ആത്മീയവും സാമൂഹികവുമായ മാനങ്ങളുണ്ട്. ദുര്‍ബലരായ മനുഷ്യര്‍ക്ക് ചില സാഹചര്യങ്ങളിലുണ്ടാകുന്ന പോരായ്മകള്‍ മനസ്സിന്റെ ഭാരം വര്‍ദ്ധിപ്പിക്കുന്നു. അത് ശരീരത്തെയും ബാധിക്കുന്ന രോഗമായി മാറുന്നു. സൈക്കോ സൊമാറ്റിക് രോഗങ്ങള്‍ ഒരു മതത്തിന്റെയും സൃഷ്ടിയല്ല, ആധുനിക വൈദ്യശാസ്ത്രം അംഗീകരിച്ചിട്ടുള്ള ചികിത്സാശാഖയാണ്. ചില ഡോക്ടര്‍മാര്‍ ഈ രോഗത്തിനുള്ള മന:ശാസ്ത്ര പരിഹാരമായി വിശ്വാസികള്‍ക്ക് കുമ്പസാരം നിര്‍ദ്ദേശിക്കാറുണ്ട്
മഹാപണ്ഡിതനായ ഫുള്‍ട്ടന്‍ ജെ.ഷീന്‍ നിരീക്ഷിക്കുന്നതുപോലെ മണ്‍കുടത്തില്‍ സൂക്ഷിച്ചിട്ടുള്ള നിധിയാണ്, വിശുദ്ധിയോടും ജാഗ്രതയോടും പരികര്‍മ്മം ചെയ്യപ്പെടുന്നില്ലെങ്കില്‍, അത് തകര്‍ന്നുടയാന്‍ സാദ്ധ്യതയുണ്ടെന്ന് ആനുകാലിക സംഭവങ്ങള്‍ പഠിപ്പിക്കുന്നു.