ദൈവാലയം തുറക്കും മണിയും മുഴക്കും; സധൈര്യം ഇംഗ്ലണ്ട്

മണിമുഴക്കം:  ഭരണകൂടം ദൈവാലയത്തിന് ഒപ്പമുണ്ടെന്ന് ബ്രിട്ടീഷ്   മന്ത്രിമാർ

0
671
യു.കെ: ക്രൈസ്തവ ദൈവാലയങ്ങൾ ഒരു കാരണവശാലും വ്യവസായ സ്ഥാപനങ്ങൾ
ക്കോ മദ്യശാലകൾക്കോ ഇതര മതസ്ഥാപനങ്ങൾക്കോ വിട്ടുകൊടുക്കരുതെന്ന സുപ്രസിദ്ധ തിയോളജിയൻ പ്രൊഫ. സ്റ്റീഫൻ ബുള്ളിവന്റെ പ്രസ്താവനയെ തുടർന്നുണ്ടായ ചർച്ചകൾ മുറുകവേ, ദൈവാലയങ്ങളുമായി ബന്ധപ്പെട്ട് മാതൃകാപരമായ രണ്ട് നടപടികൾ സംഭവിച്ചിരിക്കുന്നു ഇംഗ്ലണ്ടിൽ. ദൈവാലയ മണികൾ മുഴക്കുന്നത് വിലക്കേർപ്പെടുത്തുന്ന ചില പ്രാദേശിക ഭരണകൂടങ്ങളുടെ ശ്രമങ്ങൾ തടയിടാൻ പാർലമെന്റ് ഒരുങ്ങുന്നതാണ് ആദ്യസംഭവം. രണ്ടാമത്തേത്, ആറ് ദശകങ്ങൾക്കു മുമ്പ് അടച്ചുപൂട്ടിയ ദൈവാലയം തുറക്കാൻ ഒരുങ്ങുന്നതും.
ഗ്രാമങ്ങളിലും നഗരങ്ങളിലും പുതുതായി താമസത്തിന് വരുന്നവർ ദൈവാലയ മണിനാദം ശല്യമാണെന്ന് പരാതിപ്പെട്ടതിനെ തുടർന്നാണ് ചില കൗൺസിലുകൾ വിലക്കേർപ്പെടുത്തിയത്. സാൻഡ്വിച്ചിലെ സെന്റ് പീറ്റേഴ്‌സ് ദൈവാലയത്തിലെ മണികൾക്കും ഡോവർ കൗൺസിൽ അപ്രകാരം വിലക്കേർപ്പെടുത്തിയിരുന്നു. ഈ സാഹചര്യം ചൂണ്ടിക്കാട്ടി കൺസർവേറ്റീവ് പാർട്ടി എം.പി ക്രെയിഗ് മക്കിൻലേ പാർലമെന്റിൽ വിഷയം അവതരിപ്പിച്ചതാണ് ദൈവാലയത്തിന് അനുകൂലമായ നടപടി ഉണ്ടാകാൻ കാരണമായത്.
മണികൾ മുഴക്കുന്ന കാര്യത്തിൽ ഭരണകൂടം ദൈവാലയത്തിനൊപ്പം നിൽക്കുമെന്നും ദൈവാലയ മണികൾ സംരക്ഷിക്കുമെന്നും ഇതുസംബന്ധിച്ച ഔദ്യോഗിക മാർഗനിർദേശങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രിമാർ പ്രഖ്യാപിച്ചുകഴിഞ്ഞു. വിവേകശൂന്യമായ നിയന്ത്രണങ്ങൾ ദൈവാലയങ്ങൾക്ക് ഏർപ്പെടുത്താൻ അനുവദിക്കില്ല. പുതിയ താമസക്കാരെ സംബന്ധിച്ച നയരേഖയിലും നിയമങ്ങളിലും കാതലായ മാറ്റങ്ങൾ വരുത്തി ദൈവാലയ മണികൾ സംരക്ഷിക്കുമെന്നാണ് മന്ത്രിമാരുടെ നിലപാട്.
ശബ്ദം മൂലമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കേണ്ട ചുമതല കെട്ടിട നിർമാതാക്കൾക്കായിരിക്കും എന്ന മന്ത്രിമാരുടെ നിർദേശത്തെ ‘ദി ചർച്ച് ബിൽഡിംഗ് കൗൺസിൽ’ പിന്തുണച്ചതും ശ്രദ്ധേയമാണ്. ആയിരം വർഷംമുമ്പുതന്നെ ഇംഗ്ലണ്ടിലെ ക്രിസ്ത്യൻ ആരാധനയുടെ ഭാഗമായിരുന്നു ദൈവാലയമണികൾ. 13-ാം നൂറ്റാണ്ടിലെ മണികൾവരെ ചില ദൈവാലയങ്ങളിൽ ഉണ്ടെന്നും ദൈവാലയ മണികളുടെ സംരക്ഷണത്തിനായി പ്രത്യേക ഗ്രാന്റ് ഏർപ്പെടുത്താൻ പദ്ധതിയു ണ്ടെന്നും ചർച്ച് ബിൽഡിംഗ് കൗൺസിൽ അറിയിച്ചു.
അതേസമയം ദൈവാലയ മണികളെ സംരക്ഷിക്കാൻ ‘സേവ് ഔർ ചൈംസ്’ പ്രചാരണ പരിപാടിയും ഊർജിതമാണ്. പ്രാദേശിക സർവേ പ്രകാരം 85% ജനങ്ങളും ദൈവാലയ മണികൾ സംരക്ഷിക്കണമെന്നാണ് അഭിപ്രായപ്പെട്ടത്. ഡോവർ കൗൺസിലിന്റെ തീരുമാനത്തിന് എതിരായ പരാതിയിൽ ഇതുവരെ നാലായിരത്തിൽപ്പരം പേർ  ഒപ്പിട്ടിട്ടുണ്ട്.
രണ്ടാം ലോകമഹായുദ്ധക്കാലത്തെ അക്രമങ്ങൾക്കിടയിൽ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ഇംഗ്ലണ്ടിലെ തുറമുഖനഗരമായ ബ്രിസ്റ്റോൾ സിറ്റി സെന്ററിൽ 1953ൽ അടച്ചുപൂട്ടിയ സെന്റ് നിക്കോളാസ് ആംഗ്ലിക്കൻ ദൈവാലയമാണ് വീണ്ടും തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. ബ്രിസ്റ്റോൾ സിറ്റി കൗൺസിൽ ലീസിനെടുത്തതിനെ തുടർന്നാണ് ദൈവാലയം തുറക്കാൻ സാധ്യത തെളിഞ്ഞത്. മ്യൂസിയം, ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ, ഓഫീസ് മുറികൾ എന്നിവകൂടി ഉൾപ്പെടുത്തി ദൈവാലയ സമുച്ചയം നവീകരിച്ചുകഴിഞ്ഞു.
എന്തായാലും 65 വർഷത്തിനുശേഷം ഇത്തരത്തിൽ ഒരു ദൈവാലയത്തിന് പുതുജീവൻ ലഭിക്കുന്നത് അപൂർവമായിരിക്കും. യുവജനങ്ങൾക്കുള്ള മിഷൻ കേന്ദ്രമായാണ് ദൈവാലയം തുറക്കുന്നതെന്ന് ബ്രിസ്റ്റോൾ അതിരൂപതയിലെ ആക്ടിംഗ് ബിഷപ്പ് ഡോ. ലീ റെയ്ഫീൽഡ് പറഞ്ഞു. ബ്രിസ്റ്റോൾ നഗരത്തിലെ 60%വും യുവജനങ്ങളാണ്. അതിനാൽ വിശ്വാസവുമായി അകന്നു കഴിയുന്ന യുവജനങ്ങളെ ആകർഷിക്കുക എന്നതാണ് ദൈവാലയം തുറക്കുന്നതിന് പിന്നിലെ മുഖ്യ ലക്ഷ്യം. മാറ്റങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുന്ന സമൂഹത്തിൽ യുവജനങ്ങളെ ബന്ധപ്പെടുത്താനും സമൂഹവുമായി ഒരുമിച്ചു നിർത്താനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടാം ലോകമഹായുദ്ധക്കാലത്തെ ബ്ലിറ്റ്‌സ് ഉപരോധസമയത്ത് കേടുപാടുകൾ സംഭവിച്ച സെന്റ് നിക്കോളാസ് ദൈവാലയത്തിന്റെ ചുവരുകളിൽ വെടിയുണ്ടകളുടെ പാടുകൾ ഇപ്പോഴും കാണാം. പ്രസിദ്ധ ചിത്രകാരൻ വില്ല്യം ഹോഗാർത്ത് 1756ൽ അൾത്താരയിൽ വരച്ച ചിത്രത്താലും പ്രസിദ്ധമാണ് ഈ ദൈവാലയം. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ അമൂല്യ കലാസൃഷ്ടി പൊതുപ്രദർശനത്തിന് വെച്ചിട്ടുണ്ടെന്ന് രൂപത അറിയിച്ചു.