ദൈവാലയങ്ങളുടെ പെരുന്തച്ചൻ

288

മലബാറിന്റെ സാമൂഹ്യ, സാമ്പത്തിക പുരോഗതിക്ക് നാന്ദികുറിച്ച കുടിയേറ്റത്തിന് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം ഉണ്ട്. കുടിയേറ്റക്കാരിൽ അധികവും തിരുവിതാംകൂറിൽ നിന്നുള്ള കർഷകരായ സുറിയാനി ക്രിസ്ത്യാനികളായിരുന്നു. കേരളത്തിന്റെ ഭക്ഷ്യസുരക്ഷയുടെയും പുരോഗതിയുടെയും നിർണായക അടിത്തറയായിത്തീർന്ന മലബാർ കുടിയേറ്റം, വനംകയ്യേറ്റമായി ചിത്രീകരിക്കപ്പെടുന്ന നന്ദിഹീനമായ പ്രവണതയെ മഹത്വീകരിക്കുന്നതിന് ചില തല്പരകക്ഷികൾ അത്യുത്സാഹപൂർവം രംഗത്തുണ്ടെങ്കിലും ഭൂതകാല യാഥാർത്ഥ്യങ്ങൾ മാറ്റങ്ങൾക്ക് വിധേയമല്ലെന്ന സാമാന്യതത്വം ആശ്വാസം നൽകുന്നു.

സത്യവിശ്വാസത്തിന്റെ അടിയുറച്ച പാരമ്പര്യം ഉള്ളവരായിരുന്നു കുടിയേറ്റക്കാരായ ക്രിസ്ത്യാനികൾ. അതുകൊണ്ടുതന്നെ നിലനിൽപ്പിനുള്ള അടിസ്ഥാന കാര്യങ്ങളുടെ പട്ടികയിൽ, പാർപ്പിടവും ഭക്ഷണവും വസ്ത്രവുംപോലെ പ്രാധാന്യത്തോടെ ആധ്യാത്മിക ആചാര-അനുഷ്ഠാനങ്ങൾക്കുള്ള സൗകര്യങ്ങളും ഇടംപിടിച്ചു. കാട്ടുതടികളുടെ നാലു തൂണുകളിൽ പുല്ലുമേഞ്ഞ മേൽക്കൂരയും കാട്ടുകമ്പുകൾ ചെത്തിമിനുക്കി രൂപംകൊടുത്ത കുരിശുകളുമായി മലയോര കുടിയേറ്റമേഖലകളിൽ അങ്ങ് പള്ളികൾ ഉയർന്നു.

1940 ഓടെ കുടിയേറ്റം ശക്തമാകുകയും ക്രൈസ്തവ സമൂഹങ്ങൾ സമ്പന്നമാകുകയും ചെയ്തു. അതോടെ മെച്ചപ്പെട്ട വീടുകളും മറ്റു സൗകര്യങ്ങളുമുണ്ടായി. സുറിയാനി ക്രിസ്ത്യാനികളുടെ എണ്ണം ഗണ്യമായി വർധിക്കുകയും മലബാറിൽ, പ്രത്യേകിച്ച് മലയോരപ്രദേശങ്ങളിൽ അംഗബലമുള്ള ഇടവകാസമൂഹങ്ങൾ രൂപംകൊള്ളുകയും ചെയ്തു. 1953-ൽ തലശേരി രൂപത രൂപീകൃതമായതോടെ മലബാറിലെ സുറിയാനി സഭ വളർച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടന്നു.

കുടിയേറ്റ മേഖലകളിൽ ‘കുടിൽപള്ളി’കൾക്കു പകരം മെച്ചപ്പെട്ട പള്ളികളുണ്ടാക്കാൻ വിശ്വാസികളുടെ ഇടയിൽ നിന്ന് ആവശ്യമുയർന്നു. ആദ്യകാലത്ത് തിരുവിതാംകൂറിൽ പോയി പള്ളികളുടെ പ്ലാനുകൾ കൊണ്ടുവന്ന് അവയുടെ മാതൃകയിൽ പള്ളികൾ നിർമിക്കുകയായിരുന്നു പതിവ്.

സുറിയാനി സഭയുടെയും മലബാർ സമൂഹത്തിന്റെയും വളർച്ചയ്ക്കും വികസനത്തിന് നെടുനായകത്വം വഹിച്ചത് തലശേരി രൂപതയുടെ ആദ്യമെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയായിരുന്നു. മലബാറിലെ സഭയെ പടുത്തുയർത്തുന്നതിന് ദൈവം അദ്ദേഹത്തെ നിയോഗിച്ചപ്പോൾ ശ്രമകരമായ ആ ദൗത്യം നിർവഹിക്കുന്നതിന് നിരവധി സഹായികളെയും നൽകി. അങ്ങനെ നൽകപ്പെട്ട സഹായികളിൽ പലരുടെയും വിലപ്പെട്ട സേവനങ്ങൾ അടയാളപ്പെടുത്തപ്പെടാതെ പോയിട്ടുണ്ട് എന്നതാണ് സത്യം. എന്നാൽ അവഗണിക്കാനോ മറയ്ക്കാനോ കഴിയാത്തവിധം മുദ്രിതമാക്കപ്പെട്ട മൂർത്തമായ അടയാളങ്ങൾ അവരുടെ സേവനത്തിന്റെയും സഭാസ്‌നേഹത്തിന്റെയും സ്മാരകങ്ങളായി ഉയർന്നുനിൽക്കുന്നുണ്ടാവും. ‘പള്ളികളുടെ പെരുന്തച്ചൻ’ എന്ന നാമം അക്ഷരാർത്ഥത്തിൽ അവകാശപ്പെടാവുന്ന തോമസ് മറ്റം എന്ന സിവിൽ എൻജിനിയറുടെ സേവനങ്ങൾ ഇത്തരത്തിൽ ശ്രദ്ധേയമാണ്.

1948-ൽ ആണ് പാറേക്കുടിലിൽ മറ്റം ജോസഫ്-മറിയം ദമ്പതികളുടെ മലബാറിലെ വാഗ്ദത്ത നാട്ടിലേക്കുള്ള പുറപ്പാട്. അന്ന് പാലാ, മേലുകാവ് സെന്റ് തോമസ് സ്‌കൂളിൽ ഒന്നാം ക്ലാസിൽ പഠിച്ചുകൊണ്ടിരുനന തോമസ് 1952-ൽ മൂന്നാം ക്ലാസ് പാസായ ശേഷമാണ് കൂടരഞ്ഞി എന്ന പിതൃദേശത്തേക്ക് എത്തിയത്. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ സ്‌കൂളിലും തിരുവമ്പാടി ഹൈസ്‌കൂളിലുമായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ദേവഗിരി സെന്റ് ജോസഫ്‌സ് കോളജിൽനിന്ന് പ്രീ യൂണിവേഴ്‌സിറ്റിയും 1963- ൽ ഗണിതശാസ്ത്രത്തിൽ ബിരുദവും നേടി. തുടർപഠനത്തിന് അഡ്മിഷൻ ലഭിച്ച പാലക്കാട്ടെ കോളജിലേക്കുള്ള യാത്രാമധ്യേ തൃശൂരുള്ള പിതാവിന്റെ സ്‌നേഹിതനായ ഫാ. ലിയോ കപ്പൂച്ചിനെ കാണാനിടയായത് ജീവിതത്തിൽ വഴിത്തിരിവായി. തോമസ് മറ്റവും പിതാവ് ജോസഫും ഫാ. ലിയോയുടെ അടുത്തെത്തിയപ്പോൾ അദ്ദേഹത്തിന്റെ സ്‌നേഹിതനും പിന്നീട് ടെക്‌നിക്കൽ എഡ്യുക്കേഷനൽ ഡയറക്ടറുമായ കെ.സി.ചാക്കോ അവിടെയുണ്ടായിരുന്നു. അന്നദ്ദേഹം കേരളത്തിലെ ആദ്യ എൻജിനിയറിംഗ് കോളജായ തിരുവനന്തപുരം എൻജിനിയറിംഗ് കോളജ് പ്രിൻസിപ്പലായിരുന്നു. യാത്രയുടെ ഉദ്ദേശ്യം മനസിലാക്കിയ ഫാ. ലിയോ കെ.സി.ചാക്കോയെ കണ്ടുസംസാരിക്കാൻ നിർദേശിച്ചു.

ഇൻഡോ-ചൈന യുദ്ധം നടക്കുന്ന കാലമായിരുന്നു അത്. രാജ്യത്തിന് കൂടുതൽ സിവിൽ എൻജിനിയർമാരെ ആവശ്യമുണ്ട്. അതുകൊണ്ട് അഞ്ചുവർഷത്തിനുപകരം മൂന്നുവർഷംകൊണ്ട് പൂർത്തിയാകുന്ന ഒരു സിവിൽ എൻജിനിയറിംഗ് കോഴ്‌സിനുള്ള നിർദേശം കെ.സി.ചാക്കോ സമർപ്പിച്ചിരുന്നത് സർക്കാർ അംഗീകരിച്ചിരുന്നു. ഈ കോഴ്‌സിനു ചേരാൻ അദ്ദേഹം തോമസ് മറ്റത്തോട് നിർദ്ദേശിച്ചു. അങ്ങനെ 1963-66 ബാച്ചിൽ ചേർന്ന് തോമസ് മറ്റം സിവിൽ എൻജിനിയറിംഗ് ബിരുദം നേടി.

മലബാർ കുടിയേറ്റക്കാരുടെ ഇടയിൽ നിന്നുള്ള ആദ്യ സിവിൽ എൻജിനിയറിംഗ് ബിരുദധാരിയായ തോമസ് മറ്റം വലിയ പ്രതീക്ഷകളോടെ നാട്ടിൽ തിരിച്ചെത്തി. എന്നാൽ, പ്രതീക്ഷകളൊന്നാകെ തകിടം മറിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ‘കണ്ണുകൾ പണിമുടക്കി’. മരുന്നും ചികിത്സയുമായി രണ്ടുവർഷം വീട്ടിലിരിക്കാനായിരുന്നു വിധി. ഇതിനിടെ, പിതാവ് ജോസഫിന്റെ മരണം മറ്റൊരാഘാതമായി. അങ്ങനെയിരിക്കെ വള്ളോപ്പിള്ളി പിതാവ് ഇടവക സന്ദർശനത്തിനെത്തി. വികാരിയച്ചൻ തോമസ് എൻജിനിയറെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. ഇതിനോടകം വിദ്യാഭ്യാസരംഗത്ത് സഭ വലിയ മുന്നേറ്റം നടത്തിയിരുന്നു. കൂത്തുപറമ്പ് നിർമലഗിരി എൻജിനിയറിംഗ് കോളജിന്റെ പ്രധാന കെട്ടിടത്തിന്റെ പണി നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. കണ്ണിന്റെ അസുഖം കുറച്ചൊക്കെ കുറഞ്ഞു. കോളജിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ അക്കാലത്ത് പിതാവ് നിർദേശിച്ചു. അങ്ങനെ, നവ എൻജിനിയറുടെ ആദ്യനിയോഗവുമായി തോമസ് മറ്റം കൂത്തുപറമ്പിലേക്ക് പുറപ്പെട്ടു.

കോളജ് നിർമാണം പൂർത്തിയാക്കി തിരിച്ചെത്തിയ തോമസ് മറ്റത്തിന് ജലസേചന വകുപ്പിൽ ജോലി കിട്ടി. അമലാപുരി സി.എം.ഐ ഹൗസിലായിരുന്നു താമസം. മലബാറിൽനിന്ന് തെക്കോട്ടും തെക്കുനിന്ന് മലബാറിന്റെ വിവിധ പ്രദേശങ്ങളിലേക്കും പോകുന്ന വൈദികരുടെ ഇടത്താവളമായിരുന്നു അന്ന് അമലാപുരി. മലബാർ മേഖലയിൽ വ്യാപകമായി പള്ളിനിർമ്മാണം നടക്കുന്ന കാലമായിരുന്നു അത്. മുമ്പു സൂചിപ്പിച്ചിരുന്നതുപോലെ, പല വൈദികരും പള്ളിപ്പണിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായിരുന്നു തെക്കോട്ടും തിരിച്ചുമുള്ള യാത്രാമധ്യേ അമലാപുരിയിൽ തങ്ങുന്നത്. അമലാപുരിയിൽ എൻജിനിയർ തോമസ് മറ്റത്തെ പരിചയപ്പെടാനിടയായ വൈദികരെല്ലാം അദ്ദേഹത്തിൽനിന്ന് പള്ളികളുടെ പ്ലാനുകൾ ആവശ്യപ്പെട്ടുതുടങ്ങി. അക്കാലത്ത് മലബാറിലെങ്ങും പ്രൈവറ്റ് എൻജിനിയർമാരില്ല. അതുകൊണ്ട് പ്ലാൻ വരച്ചുകൊടുത്ത പള്ളികളുടെയൊക്കെ നിർമാണമേൽനോട്ടവും തോമസിന് ഏറ്റെടുക്കേണ്ടിവന്നു. മലബാറിലെ വിശാലമായ മേഖലകളിൽ പതിവായി പള്ളിനിർമാണവുമായി ബന്ധപ്പെട്ടു യാത്ര ചെയ്യേണ്ടിവന്നതോടെ സർക്കാർ ജോലി തുടരാൻ കഴിയാത്ത സാഹചര്യമായി. ഒടുവിൽ സാമ്പത്തികനേട്ടവും സുരക്ഷിതത്വവുമുള്ള സർക്കാർജോലി ഉപേക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചു. പൂർണമായി പള്ളികളുടെ നിർമാണവുമായി ബന്ധപ്പെട്ടായി തോമസ് മറ്റത്തിന്റെ പിന്നീടുള്ള പ്രവർത്തനം. അങ്ങനെ തോമസ് മറ്റം പള്ളികളുടെ എൻജിനിയറായി.

ദേവാലയ രൂപകല്പനയും നിർമാണവും ദൈവികമായ നിയോഗമായി ഏറ്റെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. സാമ്പത്തികമായ നേട്ടമുണ്ടാക്കാൻ സർക്കാർ ജോലിയായിരുന്നു നല്ലത്. എന്നാൽ ദൈവികനിയോഗം സാക്ഷാത്കരിക്കാൻ തീരുമാനിച്ചതിലൂടെ കൈവന്ന ധന്യത പണ്ടത്തെക്കാൾ എത്രയോ മഹത്തരമാണെന്ന് അദ്ദേഹം വിലയിരുത്തുന്നു.

അഞ്ചുപതിറ്റാണ്ടോളമായി തോമസ് മറ്റം പള്ളി പണിയാൻ തുടങ്ങിയിട്ട്. എൻജിനിയറിംഗ് കോഴ്‌സിന്റെ അവസാനവർഷം പഠിക്കുമ്പോഴാണ് ആദ്യ പള്ളിക്ക് രൂപകല്പന ചെയ്തത്. കൂമ്പാറ (പുഷ്പഗിരി) പള്ളിയായിരുന്നു അത്. തുടർന്ന് തലശേരി രൂപതയിൽ 85, താമരശേരിയിൽ 80, മാനന്തവാടിയിൽ 40, ബൽത്തങ്ങാടിയിൽ 40, ഭദ്രാവതി, ഗൂഡല്ലൂർ, മൈസൂർ, ഊട്ടി എന്നീ രൂപതകളിലെ പല പള്ളികൾ എന്നിങ്ങനെ 225 ഓളം പള്ളികൾ ഇതിനോടകം നിർമിച്ചു കഴിഞ്ഞു. വിവിധ രൂപതകളിലായി പത്തു പള്ളികളുടെ നിർമാണം പുരോഗമിച്ചു വരുന്നു. ഇന്നുവരെ അറിഞ്ഞിടത്തോളം ഇതൊരു ലോകറിക്കാർഡാണ്.
പള്ളികളോളം തന്നെ പള്ളിമേടകളും നിർമിച്ചിട്ടുണ്ട് തോമസ് മറ്റം. കൂടാതെ നിരവധി സ്‌കൂളുകൾ, കോളജുകൾ, കന്യാസ്ത്രീമഠങ്ങൾ എന്നിവയും അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. അവയുടെ എണ്ണം എത്രവരുമെന്ന് അദ്ദേഹം ഓർക്കുന്നില്ല.

1969 ൽ ജനുവരിയിൽ പഴൂർ മത്തായി-റോസ ദമ്പതികളുടെ മകൾ മേരിയെ വിവാഹം കഴിച്ച തോമസ് മറ്റത്തിന് മൂന്നു മക്കളാണ്. ജോസിൽ, നിജി, ബേസിൽ. 72-ാം വയസിലും യൗവനയുക്തമായ മനസിൽ നിറയെ വൈവിധ്യമാർന്ന ശില്പഭാവങ്ങളുമായി ദൈവത്തിന്റെ ആലയങ്ങൾ രൂപകല്പന ചെയ്യുന്നതിൽ തിരക്കിട്ട് മുന്നേറുന്ന തോമസ് മറ്റത്തിന് സഹായിയായി മകൻ ജോസിലുമുണ്ട്. മലബാറിലും മറ്റു പ്രദേശങ്ങളിലും ശിരസുയർത്തി നിൽക്കുന്ന അനേകം പള്ളികളുടെ സ്വർഗോന്മുഖ ദർശനം ഹൃദയത്തിൽ ആവാഹിച്ച് ഉയരങ്ങളുടെ ഉയരങ്ങളെ കീഴടക്കാൻ ദൈവത്തിന്റെ കൈപിടിച്ച് സഫലസുന്ദരമായ യാത്ര തുടരുകയാണ് തോമസ് മറ്റം എന്ന പള്ളികളുടെ പെരുന്തച്ചൻ.