ധന്യൻ അർസേനിയോ മരിയ വാഴ്ത്തപ്പെട്ട പദവിയിൽ

0
311

ഇറ്റലി: സമാശ്വാസനാഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ സന്ന്യാസി സമൂഹം സ്ഥാപിച്ച ധന്യൻ അർസേനിയൊ മരിയയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘത്തിന്റെ അദ്ധ്യക്ഷൻ കർദ്ദിനാൾ ആഞ്ചെലൊ അമാത്തൊയാണ് അർസേനിയോയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയത്.

ഉത്തര ഇറ്റലിയിലെ ക്രെമോണ പ്രവിശ്യയിൽപ്പെട്ട ത്രിഗൊളൊയിൽ 1849 ജൂൺ 13 നാണ് ജുസേപ്പെ മില്യവാക്ക അന്തോണിയൊ എന്ന് അപരനാമമുള്ള അർസേനിയൊ മരിയ ജനിച്ചത്. ദൈവവിളി തിരിച്ചറിഞ്ഞതിനെ തുടർന്ന് ക്രെമോണയിലെ രൂപതാസെമിനാരിയിൽ ചേർന്ന അദ്ദേഹം 1874 മാർച്ച് 21ന് പൗരോഹിത്യം സ്വീകരിച്ചു. 1875ൽ ഈശോസഭയിൽ ചേർന്ന അദ്ദേഹത്തിന് സഭാധികാരികളുടെ നിർദേശമനുസരിച്ച് അധികനാൾ കഴിയുംമുൻപെ ആ സമൂഹം ഉപേക്ഷിക്കേണ്ടി വന്നു.

തുടർന്ന് 1892ൽ തൊറിനൊ (ടൂറിൻ) അതിരൂപതയുടെ ആർച്ചുബിഷപ്പിൻറെ നിർദ്ദേശാനുസരണം വൈദികൻ ജുസേപ്പെ മില്യവാക്ക ഏതാനും വൈദിക വിദ്യാർത്ഥികളുടെ ആത്മീയ ഗുരുവായി. തുടർന്ന് സമർപ്പിതജീവിതം നയിക്കാൻ തീരുമാനിച്ച അവരെ ഉൾക്കൊള്ളിച്ചുകൊണ്ട് സമാശ്വാസനാഥയായ പരിശുദ്ധ കന്യകാമറിയത്തിൻറെ സന്ന്യാസിനിസമൂഹത്തിന് അദ്ദേഹം രൂപം നല്കി. പിന്നീട് കപ്പൂച്ചിൻ സമൂഹത്തിൽ ചേർന്ന അദ്ദേഹം രോഗബാധയെ തുടർന്ന് 1909 ഡിസംബർ 10 ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.