നഗരത്തെ ജനസാഗരമാക്കി സമുദായ മഹാസംഗമം

0
142

തൃശൂർ: വിശ്വാസവും കൂട്ടായ്മയും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് പതിനായിരങ്ങൾ അണിചേർന്ന കത്തോലിക്ക കോൺഗ്രസ് സമുദായ മഹാസംഗമറാലി തൃശൂർ നഗരത്തെ ജനസാഗരമാക്കി. കത്തോലിക്ക കോൺഗ്രസ് ശതാബ്ദിസംഗമത്തോടനുബന്ധിച്ചാണ് സമുദായ റാലി സംഘടിപ്പിച്ചത്.
സംസ്ഥാനത്തെ വിവിധ രൂപതകളിൽനിന്നും തൃശൂർ രൂപതയിലെ എല്ലാ ഇടവകകളിൽനിന്നും എത്തിയ ഒരു ലക്ഷത്തോളം വിശ്വാസികളാണ് റാലിയിൽ അണിചേർന്നത്. സഭ ഒറ്റക്കെട്ടാണെന്നും വെല്ലുവിളികളെ കൂട്ടായ്മയോടെ നേരിടുമെന്നും പ്രഖ്യാപിച്ചുകൊണ്ടുള്ള റാലി വിശ്വാസിസമൂഹത്തിന്റെ കരുത്തും കെട്ടുറപ്പും വിളംബരം ചെയ്യുന്നതായി.
ആർച്ച് ബിഷപ്പുമാരും ബിഷപ്പുമാരും കത്തോലിക്ക കോൺഗ്രസിന്റെയും സമുദായ പ്രസ്ഥാനങ്ങളുടെയും നേതാക്കളുമാണ് റാലി നയിച്ചത്. നേതൃനിരയ്ക്ക് പിറകിലായി യൂണിഫോമണിഞ്ഞ അയ്യായിരത്തോളം യുവജനങ്ങൾ ചിട്ടയോടെ നിരന്നു. ബാൻഡ് വാദ്യത്തിന് പിറകിലായി രൂപതകളുടെ ബാനറുകളുമായി പ്രതിനിധികൾ വെള്ളയും മഞ്ഞയും കലർന്ന പേപ്പൽ പതാകകളുമേന്തി അണിചേർന്നു. കൂട്ടായ്മയുടെയും വിശ്വാസതീക്ഷ്ണതയുടെയും മുദ്രാവാക്യങ്ങൾ മുഴക്കിയാണ് റാലി മുന്നേറിയത്.
തൃശൂർ പാലസ് ഗ്രൗണ്ട് റോഡിൽനിന്ന് നാലോടെ ആരംഭിച്ച റാലിയുടെ മുൻനിര അഞ്ചോടെ സമ്മേളന നഗരിയായ മാർ ജോസഫ് കുണ്ടുകുളം നഗറിൽ (ശക്തൻനഗർ) എത്തി. ശതാബ്ദി സമ്മേളന നഗരിയിൽ മുൻനിരയെത്തി ഒരു മണിക്കൂർ കഴിഞ്ഞാണ് പിൻനിരയെത്തിയത്. തലശേരി ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട്ട് ഫ്‌ളാഗ് ഓഫ് ചെയ്തു. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം പതാക ഏറ്റുവാങ്ങി. തൃശൂർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, തലശേരി ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട്ട്, തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, രാമനാഥപുരം ബിഷപ് മാർ പോൾ ആലപ്പാട്ട്, ഹൊസൂർ ബിഷപ് മാർ സെബാസ്റ്റ്യൻ പോഴോലിപ്പറമ്പിൽ, കത്തോലിക്ക കോൺഗ്രസ് ബിഷപ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ഉജ്ജയിൻ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ, കൂരിയ ബിഷപ് മാർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, അലാഹാബാദ് ബിഷപ് മാർ റാഫി മഞ്ഞളി, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ, സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവർ റാലിയെ നയിച്ചു.
റാലി തുടങ്ങിയ പാലസ് ഗ്രൗണ്ട് പരിസരത്ത് ഉച്ചയോടെതന്നെ വിശ്വാസികൾ എത്തിത്തുടങ്ങിയിരുന്നു. തൃശൂരിന് പുറത്തുനിന്നെത്തിയ വിശ്വാസികൾ രൂപതാ അടിസ്ഥാനത്തിലും തൃശൂരിൽനിന്നുള്ള വിശ്വാസികൾ ഫൊറോന അടിസ്ഥാനത്തിലുമാണ് റാലിയില നിരന്നത്.
സമ്മേളന നഗരിയിൽ എത്തിയതോടെ വേദിയിൽ സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ബിജു പറയന്നിലം പതാക കൈമാറി.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ജിയോ കടവി, തൃശൂർ അതിരൂപത ഡയറക്ടർ ഫാ. വർഗീസ് കുത്തൂർ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ- സംസ്ഥാന ഭാരവാഹികൾ, രൂപത പ്രസിഡന്റുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്ന് നടന്ന പൊതുസമ്മേളനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.