നമുക്കും സുവിശേഷകരാകാം

0
1022

സുവിശേഷമാകാനും സുവിശേഷമേകാനും വിളിക്കപ്പെട്ടിരിക്കുന്ന ഓരോ ക്രൈസ്തവനും അറിഞ്ഞിരിക്കേണ്ടതും അനുവർത്തിക്കേണ്ടതുമായ സുവിശേഷചിന്തകൾ ഉൾക്കൊള്ളിച്ചിരിക്കുന്ന പുസ്തകമാണ് സിസ്റ്റർ സോസിമ എം. എസ്. ജെയുടെ ‘നമുക്കും സുവിശേഷകരാകാം.’ യേശുവിന്റെ പ്രബോധനങ്ങൾ ഹൃദയത്തിൽ പതിയത്തക്കവിധത്തിൽ ലളിതമായി അവതരിപ്പിക്കുന്നു സിസ്റ്റർ ഇവിടെ. മാമ്മോദീസാ സ്വീകരിച്ച ഏതൊരു വ്യക്തിയുടെയും കടമയാണ് യേശുവിനെ മറ്റുള്ളവർക്ക് പകർന്നുകൊടുക്കുകയെന്നത്. ഈയൊരു ലക്ഷ്യത്തോടെയാണ് നാം ജീവിക്കേണ്ടതുമെന്നും പുസ്തകം ഓർമിപ്പിക്കുന്നു. വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും അതിരുകൾ വിസ്തൃതമാക്കാനാണ് യേശു നമ്മോടാവശ്യപ്പെടുന്നത്. യേശു നമ്മിലും ഈ ലോകം മുഴുവനിലും ജീവിക്കുന്നു എന്ന് കാണിച്ചുകൊടുക്കുന്നതിന് അവിടുന്ന് നമ്മെ ക്ഷണിക്കുന്നു. ആയിരിക്കുന്ന മേഖലകളിൽ ജീവിതസാക്ഷ്യത്തിലൂടെ നമുക്കിത് ചെയ്യാൻ കഴിയുമെന്നും പുസ്തകം വ്യക്തമാക്കുന്നു.

സുവിശേഷവഴികളിൽ സന്തോഷത്തോടെ
പുതിയ നിയമത്തിൽ നമ്മൾ ഏഴു മറിയമാരെ കാണുന്നുണ്ട്. യേശുവിന്റെ അമ്മയായ മറിയം, ലാസറിന്റെയും മർത്തയുടെയും സഹോദരി മറിയം. , മഗ്ദലന മറിയം, യാക്കോബിന്റെയും ജോസഫിന്റെയും അമ്മയായ മറിയം, ക്ലെയോഫാസിന്റെ ഭാര്യ മറിയം, മർക്കോസ് എന്ന് അപരനാമമുള്ള യോഹന്നാന്റെ അമ്മ മറിയം റോമിലെ മറിയം. ഒന്നാം നൂറ്റാണ്ടിലെ അതികഠിനമായ സാഹചര്യങ്ങളിലും കടുത്ത വെല്ലുവിളികളുടെ മധ്യത്തിലും ജീവിച്ച് ദൈവരാജ്യശുശ്രൂഷകളിൽ നിസ്തുലമായ പങ്ക് വഹിച്ചവരാണിവർ. ദൈവരാജ്യ അഭിവൃദ്ധിക്കുവേണ്ടിയുള്ള ത്യാഗപൂർണമായ പ്രവർത്തനങ്ങളാലാണ് ഇന്നും ദൈവമക്കളുടെ ഹൃദയങ്ങളിൽ ഇവർ നക്ഷത്രങ്ങളെപ്പോലെ പ്രശോഭിക്കുന്നതെന്ന് പുസ്തകം വ്യക്തമാക്കുന്നു. യേശുവിന്റെ അമ്മയായ പരിശുദ്ധ കന്യാമറിയം യേശുവിനുവേണ്ടി ഉരുകിത്തീർന്നവളാണ്. മറ്റു മറിയമാരിൽ യേശുവിനൊപ്പം സഞ്ചരിച്ചവരുണ്ട്. യേശുവിന് ആതിഥ്യമരുളിയവരും യേശുവിൽനിന്ന് രോഗശാന്തിയും പാപമോചനവും നേടിയവരും ദൈവരാജ്യശുശ്രൂഷകൾക്ക് സാമ്പത്തികസഹായം നൽകിയവരുമുണ്ട്. കുരിശുമരണത്തിന് സാക്ഷിയാകുന്നതിനും ഉത്ഥിതനെ ആദ്യം ദർശിക്കാനും ശിഷ്യരെ ഉത്ഥാനസന്ദേശമറിയിക്കാനും ഭാഗ്യം ലഭിച്ചതും ഒരു മറിയക്കാണ്. ഇങ്ങനെ വിവിധതലങ്ങളിൽ ക്രിസ്തുവിനെ സേവിച്ചവരും ദൈവരാജ്യശുശ്രൂഷകളിൽ തങ്ങളുടെ പങ്ക്‌നിർവഹിച്ചവരുമാണിവരെന്ന് ലേഖിക സമർത്ഥിക്കുന്നു. സ്ത്രീകൾക്ക് യാതൊരുവിധ സ്വാതന്ത്ര്യവുമില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ ഇത്രമാത്രം ഉണർവോടും പ്രതിബദ്ധതയോടും പ്രവർത്തിച്ച ഈ മഹിളാരത്‌നങ്ങൾ ഇന്നത്തെ വനിതകൾക്ക് മാതൃകയാണ്. ഏറെ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടമാണ് ഇത്. പ്രത്യേകിച്ച് ധാർമിക അധഃപതനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അമ്മമാരെന്ന നിലയിൽ എങ്ങനെ ദൈവരാജ്യശുശ്രൂഷയിൽ പങ്കാളികളാകാം എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. അമ്മയുടെ മുഖത്തുനിന്നാണ് കുഞ്ഞ് ജീവിതപാഠങ്ങൾ സ്വന്തമാക്കുന്നത്. ഒരു കുട്ടിയുടെ പ്രഥമ അധ്യാപിക അമ്മയാണ്. നേട്ടങ്ങൾ വരിച്ചിട്ടുള്ളവരും ഉന്നതസ്ഥാനീയരുമായ അനേകർക്ക് പറയാനുളളത് അവരുടെ അമ്മമാരെപ്പറ്റിയാണെന്നും ഉദാഹരണ സഹിതം വ്യക്തമാക്കുന്നു പുസ്തകം. സുവിശേഷപ്രഘോഷണം എന്നുപറയുമ്പോൾ നമ്മിൽ പലരുടെയും ചിന്ത വലിയ കൺവെൻഷനുകളെപ്പറ്റിയോ അല്ലെങ്കിൽ വളരെ അകലെയുള്ള ഏതെങ്കിലും പ്രദേശങ്ങളിൽ പ്രേഷിതരായി ശുശ്രൂഷചെയ്യുന്നതിനെപ്പറ്റിയോ ഒക്കെയാണ്. അതും സുവിശേഷ പ്രഘോഷണം തന്നെ. എന്നാൽ അതുപോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ് നാം ആയിരിക്കുന്ന ഇടങ്ങളിൽ, നമ്മുടെ ഭവനങ്ങളിൽ, ജോലി രംഗങ്ങളിൽ, സത്യവും നീതിയും ധാർമികതയും നിറഞ്ഞ നമ്മുടെ ജീവിതസാക്ഷ്യത്തിലൂടെയുള്ള സുവിശേഷപ്രഘോഷണം. നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രഘോഷിക്കുവിൻ (മർക്കോ 16:15) എന്നുളള കർത്താവിന്റെ കൽപ്പന കുറച്ചുപേർക്കുവേണ്ടി മാത്രമുള്ളതല്ല. നമ്മളെല്ലാവരും ഇതിന് വിളിക്കപ്പെട്ടവരാണ്. നമുക്കെല്ലാവർക്കും നമ്മുടേതായ ലോകമുണ്ട്. അതിനാൽ ആയിരിക്കിന്നിടത്തു തന്നെ വചനം പ്രഘോഷിച്ച് തുടങ്ങാമെന്നും പുസ്തകം ആഹ്വാനം ചെയ്യുന്നു.

കൊടുക്കുക, ഹൃദയപൂർവം
എല്ലാം വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയിലാണ് ഇന്ന് മനുഷ്യൻ. കൊള്ളയും കൊലയും വഞ്ചനയും കരിഞ്ചന്തയും വഴിയാണെങ്കിലും കുറേ സമ്പാദിച്ചുകൂട്ടണമെന്ന ചിന്ത മാത്രമേയുള്ളു. എഴുപതോ എൺപതോ കൊല്ലം കൊണ്ട് ഈ ഭൂമിയിൽ സമ്പാദിക്കാവുന്നിടത്തോളം സമ്പാദിക്കുകയാണ്. അതുകഴിഞ്ഞുള്ളൊരു ജീവിതത്തെപ്പറ്റി ചിന്തിക്കുന്നില്ല. കടന്നുപോകുന്ന സഞ്ചാരികൾ മാത്രമാണ് ഈ ലോകത്തിൽ നാം എന്ന് പുസ്തകം നമ്മെ ഓർമപ്പെടുത്തുന്നു. നമ്മുടെ യഥാർത്ഥവീട് സ്വർഗമാണ്. ഇവിടെചെയ്യുന്ന സുകൃതങ്ങളാണ് അവിടേക്ക് നമുക്ക് കൊണ്ടുപോകാനുള്ളത്. ”ഭൂമിയിൽ നിക്ഷേപം കരുതിവെക്കരുത്. തുരുമ്പും കീടങ്ങളും അവ നശിപ്പിക്കും. കള്ളന്മാർ തുരന്ന് മോഷ്ടിക്കും. എന്നാൽ സ്വർഗത്തിൽ നിങ്ങൾക്കായി നിക്ഷേപങ്ങൾ കരുതിവെയ്ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവ നശിപ്പിക്കുകയില്ല. കള്ളന്മാർ മോഷ്ടിക്കുകയില്ല” (മത്താ 6:19-20). ഈ വചനത്തെപ്പറ്റി ആഴമായ ഒരു അവബോധം നമുക്കുണ്ടാകേണ്ടിയിരിക്കുന്നുവെന്നും ലേഖിക വ്യക്തമാക്കുന്നു. ചുറ്റുമുള്ളവരുടെ ആവശ്യങ്ങളും ക്ലേശങ്ങളും കാണാൻ കഴിയുന്നില്ലെങ്കിൽ ദൈവത്തെ കാണാനും കഴിയില്ലെന്ന് മറക്കാതിരിക്കാം. അതിനാൽ ഉള്ളവയിൽനിന്ന് പങ്കുവെക്കുന്നവരാകാം. ആദ്യത്തെ സഭാസമൂഹം അവർക്കുണ്ടായിരുന്നതെല്ലാം പങ്കുവെക്കുന്നതായിട്ടാണ് നാം കാണുന്നത്. നമ്മുടെ കർത്താവും വിശക്കുന്നവരെ കണ്ടപ്പോൾ അനുകമ്പ തോന്നി അപ്പം വർധിപ്പിച്ച് കൊടുത്തു. തന്റെ ജീവിതത്തിലേക്ക് ക്രിസ്തു പ്രവേശിച്ചപ്പോൾ അത്യാവശ്യമുള്ളതെടുത്തിട്ട് ബാക്കി മറ്റുള്ളവർക്കായി സക്കേവൂസ് പങ്കുവെച്ചു. എല്ലാം ശേഖരിച്ച് കൂട്ടണമെന്ന തിൻമക്കെതിരെ നമുക്ക് വാതിലുകളടയ്ക്കാം. മനസ്സിന് തുറവിയുള്ളവരാകാം. അതാണ് കർത്താവ് നമ്മിൽനിന്നും പ്രതീക്ഷിക്കുന്നതും പുസ്തകം ഉദ്‌ബോധിപ്പിക്കുന്നു.

കൃപയൊഴുകുന്ന മരുഭൂമികൾ
ഒരു വിശ്വാസി ദൈവഹിതത്തിൽനിന്ന് വ്യതിചലിക്കുകയും സ്വന്തവഴിയിലൂടെ നടക്കാൻ തുടങ്ങുകയും ചെയ്യുമ്പോൾ അവനെ കൃപയുടെ വഴിയിലേക്ക് ആനയിക്കുന്നതിന് ദൈവം മരുഭൂമിയിലൂടെ നടത്തും. ഇസ്രായേൽ ജനം അവരുടെ അനുസരണക്കേടും വിശ്വാസക്കുറവും മൂലം ക്ഷണിച്ചുവരുത്തിയതാണ് ഈ മരുഭൂമിപ്രയാണം. തോൽവി എവിടെയാണെന്നു കണ്ടുപിടിക്കാനും അനുതപിച്ച് ദൈവവഴിയിലേക്കുവരാനും ദൈവം നിരന്തരം നമ്മെ ക്ഷണിച്ചുകൊണ്ടണ്ടിരിക്കുകയാണെന്നും ലേഖിക വ്യക്തമാക്കുന്നു. അത് മനസ്സിലാക്കാതെ സാംസൺ ചെയ്തതുപോലെ ”മറ്റവസരങ്ങളിലെന്നപോലെ തന്നെ ഞാൻ രക്ഷപ്പെടും എന്നെത്തന്നെ സ്വതന്ത്രനാക്കും.” (ന്യായ 16:20) എന്നുപറഞ്ഞുകൊണ്ട് മുമ്പോട്ടുപോയാൽ നാശത്തിന്റെ പടുകുഴിയിലായിരിക്കും ചെന്നുവീഴുക. മരുഭൂമി അനുഭവം എത്ര കടുത്തതായാലും അനുതാപത്തിന്റെ കണ്ണീർ വീഴുമ്പോൾ അവിടെ ദൈവസ്‌നേഹത്തിന്റെയും കരുതലിന്റെയും നീരുറവ പൊട്ടിപ്പുറപ്പെടുമെന്നും പുസ്തകം നമ്മെ ഓർമപ്പെടുത്തുന്നു.

വിശുദ്ധ പൗലോസിന്റെ ദമാസ്‌ക്കസ് അനുഭവം അദ്ദേഹത്തിന്റെ ജീവിതത്തിലെ മരുഭൂമി അനുഭവം തന്നെയായിരുന്നു. കാഴ്ചയും നഷ്ടപ്പെട്ട് ഭക്ഷണപാനീയവുമില്ലാതെ മൂന്നുദിവസം അതികഠിനമായ വ്യഥയിലൂടെ കടന്നുപോയപ്പോൾ അവന് ദൈവത്തിന്റെ വഴികൾ മനസ്സിലാവുകയും അവിടുത്തെ നാമം വഹിക്കുന്ന പാത്രമായി അവൻ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. യേശുക്രിസ്തുവിന്റെ മുന്നോടിയായ യോഹന്നാനെക്കുറിച്ച് പറയുന്നത്, ”ശിശുവളർന്ന് ആത്മാവിൽ ശക്തിപ്പെട്ട് ഇസ്രായേലിന് വെളിപ്പെടുന്നതുവരെ അവൻ മരുഭൂമിയിലായിരുന്നു” (ലൂക്കാ 1:80) എന്നാണ്. മരുഭൂമിയിലാണ് അവൻ വളർന്നതും ആത്മാവിൽ ശക്തിപ്രാപിച്ചതുമെല്ലാം. ആ ശക്തിയാണ്, യേശു ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടെന്ന് അവന് വെളിപ്പെടുത്തിക്കൊടുത്തതും ഭയം കൂടാതെ രാജാക്കന്മാരോടും അധികാരികളോടും അവരുടെ പാപത്തെക്കുറിച്ച് പറയാനുള്ള ധൈര്യം നൽകിയതും. മോശ നാൽപ്പതു വർഷം തന്റെ അമ്മായിയപ്പന്റെ ആടുകളേയുംകൊണ്ട് മരുഭൂമിയിലൂടെ അലഞ്ഞത് വൃഥാവിലായില്ല. ദൈവജനത്തെ നാൽപ്പതു വർഷം മരുഭൂമിയിലൂടെ നടത്തേണ്ടഅവന് ദൈവം നൽകിയ പരിശീലനമത്രേ അത്. ദാവീദും ചെറുപ്പം മുതൽ മരുഭൂമിയിൽ ഏകനായി കഴിഞ്ഞവനാണ്. തന്റെ പിതാവിന്റെ ആടുകളെ നോക്കാനുള്ള ചുമതല അവനായിരുന്നു. പിന്നീട് രാജാവായി അഭിഷേകം ചെയ്യപ്പെട്ടതിനുശേഷവും അവന് മരുഭൂമിയിൽ ദീർഘനാൾ കഴിയേണ്ടിവന്നു. വളരെയധികം ക്ലേശങ്ങളിലൂടെയും നിരാശാജനകമായ ഘട്ടങ്ങളിലൂടെയും അവൻ കടന്നുപോയി. എന്നാൽ സിംഹാസനത്തിൽ ഇരുന്ന നാളുകളെക്കാൾ ആത്മീയമായ കൃപകൾ ദാവീദ് നേടിയിട്ടുള്ളത് ഈ മരുഭൂമിയനുഭവങ്ങളിലൂടെയാണ്. തന്റെ ശത്രുവിനോട് പ്രതികാരം ചെയ്യാനുളള അവസരങ്ങൾ വന്നപ്പോഴും അതിന് മുതിരാതെ നീതിയോടെ വിധിക്കുന്ന ദൈവത്തെ ഭരമേൽപ്പിക്കുന്നതിനുള്ള ജ്ഞാനം ലഭിച്ചതും മരുഭൂമിയനുഭവത്തിലൂടെയാണെന്ന് പുസ്തകം നമ്മെ ഓർമിപ്പിക്കുന്നു.

സഹനപുഷ്പങ്ങൾ
ആരാധനകളിൽ സംഗീതത്തിന് അതിശ്രേഷ്ഠമായ സ്ഥാനമാണുള്ളത്. പ്രയാസങ്ങളുടെയും പ്രതിസന്ധികളുടെയും കണ്ണീരിന്റെയും രോഗങ്ങളുടെയും നിരാശയുടെയും അന്ധകാരത്തിലൂടെ കടന്നുപോകുമ്പോൾ ആത്മീയഗീതങ്ങൾ നമ്മെ പ്രത്യാശയുടെയും സന്തോഷത്തിന്റെയും ശാന്തിയുടെയും തീരങ്ങളിൽ എത്തിക്കും. കാരണം ഈ ഗീതങ്ങളിലൂടെ ദൈവത്തിന്റെ സ്‌നേഹവും കരുതലും അത്ഭുതങ്ങളുമാണ് സൗരഭ്യമായി പടരുന്നത്. അത് നമ്മുടെ ഹൃദയങ്ങളെ സ്പർശിക്കുന്നു. മാത്രമല്ല തിരുവചനസത്യങ്ങളെ മനസ്സുകളിൽ പതിപ്പിക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും സംഗീതത്തിനുള്ള കഴിവ് അപാരമാണ്. ദൈവത്തെ സ്തുതിക്കാൻ വാക്കുകൾ മതിയാകാതെ വരുന്നിടത്ത് സംഗീതം നമ്മുടെ സഹായത്തിന് എത്തുന്നുവെന്നും ലേഖിക വ്യക്തമാക്കുന്നു. എന്തെങ്കിലും ഒരു അനിഷ്ടസംഭവം നിനിച്ചിരിക്കാതെ ജീവിത്തിലുണ്ടായാൽ അതോടെ എല്ലാം കഴിഞ്ഞെന്ന് ചിന്തിക്കുമ്പോഴാണ് നിരാശയും ജീവിക്കേണ്ട എന്ന ചിന്തയുമുണ്ടാകുന്നത്. ഒരു അനിഷ്ട സംഭവമുണ്ടായാൽ അതിന്റെ പുറകിൽ ദൈവത്തിന്റെ കൃപയുണ്ടാകും. നമുക്ക് ലഭിച്ച നന്മകളെയും കൃപകളെയുംപറ്റി ചിന്തിക്കാതെ ഇല്ലായ്മകളെയും വല്ലായ്മകളെയും അസൗകര്യങ്ങളെയുംപറ്റി മാത്രം ചിന്തിക്കുമ്പോൾ അത് നമ്മെ അസന്തുഷ്ടരും അസഹിഷ്ണുക്കളുമാക്കുമെന്നും പുസ്തകം പങ്ക് വെക്കുന്നു. പണവും പ്രതാപവും സൗന്ദര്യവും എല്ലാം ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. അവയൊന്നുമല്ല അവസാനവാക്ക്. ”മനുഷ്യജീവിതം സമ്പത്തുകൊണഅടല്ല ധന്യമാകുന്നത്” (ലൂക്കാ 12:16). ജീവിതത്തിൽ ഏറ്റവുമധികം സന്തോഷമുളവാകുന്നത് ദൈവവുമായുള്ള ബന്ധത്തിലൂടെയാണ്. ഈ ഭൂമി നമ്മുടെ നിത്യവസതി അല്ലെന്ന സത്യം ഗ്രഹിച്ച് എല്ലാ അനുഭവങ്ങളിലും ദൈവത്തോടു കൂടെയായിരിക്കാൻ ആഗ്രഹിക്കുക. അപ്പോൾ ദൈവികമായ ശാന്തിയും സമാധാനവും സന്തോഷവുമെല്ലാം ലഭിമെന്ന് ഉദാഹരണങ്ങളിലൂടെ ലേഖിക വ്യക്തമാക്കി തരുന്നു ഇവിടെ.

അഗ്നിപരീക്ഷണങ്ങൾ
യേശുക്രിസ്തുവിന്റെ സ്വഭാവവും സൗന്ദര്യവും നമ്മിൽ വളർന്നുവരണമെങ്കിൽ ചിലതെല്ലാം എരിഞ്ഞുപോകേണ്ടതും കഴുകിക്കളയേണ്ടതുമാണ്. സ്വാർത്ഥതകൾ എരിഞ്ഞുതീരണം. സാത്താൻ കൈയടക്കിയിരിക്കുന്ന മേഖലകൾ ശുദ്ധീകരിക്കപ്പെടണം. എന്നാൽ എരിഞ്ഞുപോകേണ്ടതിൽ പലതിലും താൽക്കാലികസന്തോഷം കണ്ടെത്തി തൃപ്തിയടയുന്ന അവസ്ഥയിലല്ലേ നമ്മൾ? എന്ന് ലേഖകിക ചോദിക്കുന്നു. സ്വാർത്ഥത, അഹങ്കാരം, അസൂയ, അസഹിഷ്ണുത മുതലായ ‘ജ്വര’ങ്ങൾ നമ്മിൽ ആധിപത്യം പുലർത്തുന്നു. ദൈവത്തിൽനിന്നു കിട്ടിയ വരങ്ങൾപോലും നമ്മെ അഹങ്കാരികളാക്കാം. ദൈവത്തിനുവേണ്ടി പ്രവർത്തിക്കുന്നെന്ന പേരിൽപ്പോലും അഹങ്കാരവും അസഹിഷ്ണുതയുമുതലെടുക്കുന്നു. നിത്യജീവിത്തെ നശിപ്പിക്കുന്ന ഇത്തരം ‘ജ്വര’ങ്ങൾ ഒഴിവാക്കപ്പെടേണ്ടതു തന്നെയാണെന്നും പുസ്തകം ഊന്നിപ്പറയുന്നു. കഷ്ടതകൾ നമ്മെ പ്രത്യാശയുള്ളവരാക്കി മാറ്റുകയും കൂടുതലായി ദൈവത്തിലേക്ക് അടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. പരീക്ഷണങ്ങളുടെ തീച്ചൂളയിലൂടെ നടന്നുപോയവർക്കേ ദൈവികപ്രകാശം പ്രസരിപ്പിക്കാൻ കഴിയുകയുള്ളു. ക്രൈസ്തവജീവിതം കണ്ണീരും സഹനവും പോരാട്ടവും നിറഞ്ഞതാണ്. നമ്മുടെ ജീവിതമാകുന്ന ചെടി തളിരണിയാനും വളരാനും ഫലം കായ്ക്കാനും കണ്ണീരുകൊണ്ടു നനച്ചുവളർത്തണമെന്ന് അവിടുത്തേക്കറിയാം. രോഗമോ ദാരിദ്ര്യമോ വരാം. അപവാദങ്ങളും തെറ്റിദ്ധാരണകളുമുണ്ടാകാം. പ്രിയപ്പെട്ടവർ വേർപെട്ടുപോകാം. ഇതെല്ലാം അഗ്നിപരീക്ഷണങ്ങൾതന്നെ. കർത്താവിന്റെതല്ലാത്തതായി നമ്മിലുള്ളതെല്ലാം അവിടുന്ന് മുറിച്ചുകളയും. ഫലം തരാത്തവയേയും ഫലം തരുന്നവയെ കൂടുതൽ കായ്ക്കുന്നതിനും അവിടുന്ന് മുറിക്കും. മുറിവുകൾ വേദനാജനകം തന്നെ… എന്നാൽ അവ രക്ഷാദായകമാണെന്ന് അറിഞ്ഞ് നമുക്ക് അവിടുത്തെ ഹിതത്തിന് കീഴ്‌പ്പെടാമെന്ന് പുസ്തകം ഉദ്‌ബോധിപ്പിക്കുന്നു.

നെറ്റിയിലെ വിയർപ്പുതുള്ളികൾ
അധ്വാനമെന്നത് ദൈവം നമുക്കു തന്നിരിക്കുന്ന ഒരു കൽപ്പന കൂടിയാണ്. ”മണ്ണിൽനിന്ന് എടുക്കപ്പെട്ട നീ മണ്ണിനോടു ചേരുന്നതുവരെ, നെറ്റിയിലെ വിയർപ്പുകൊണ്ട് ഭക്ഷണം സമ്പാദിക്കും”(ഉൽപ്പ 3:19). ജോലിയിൽ രസം കണ്ടെത്തുക. അതു നമ്മുടെ ജീവിതത്തെ ഉന്മേഷഭരിതമാക്കും. ജോലിയിൽ യേശുവിന്റെ സാന്നിധ്യവും സഹായവും ചോദിക്കുക. അങ്ങനെ നമ്മുടെ ജോലിയെ എളുപ്പവും മധുരവുമുള്ളതാക്കിത്തീർക്കാമെന്നും ലേഖിക പങ്ക് വെക്കുന്നു. എല്ലാക്കാര്യത്തിലും ‘സ്മാർട്ട്’ ആയിരിക്കുക. ഇന്നു ചെയ്യേണ്ടത് നാളത്തേക്ക് മാറ്റിവെക്കരുത്. കഠിനാധ്വാനി ആയിരിക്കണം. അലസമായി ഒരു മിനിറ്റു പോലും കളയരുത്. ‘അലസന്റെ മനസ്സ് ചെകുത്താന്റെ പണിപ്പുര’ എന്നാണല്ലോ ചൊല്ല്. വായിക്കുക, പ്രാർത്ഥിക്കുക, പാട്ടുകേൾക്കുക, തയ്ക്കുക അങ്ങനെ എന്തെങ്കിലും കാര്യങ്ങളിൽ നമ്മൾ വ്യാപൃതരായിരിക്കണം. ചെയ്യുന്ന ജോലി ഏറ്റവും ഭംഗിയായിത്തന്നെ ചെയ്യണം. അത് കർത്താവിനു കൊടുത്തുകൊണ്ട് ചെയ്യണമെന്നും പുസ്തകം പഠിപ്പിക്കുന്നു. വിശുദ്ധ കൊച്ചുത്രേസ്യാ ചെയ്തതുപോലെ നിലത്തു കിടക്കുന്ന ഒരു വൈക്കോൽ കഷ്ണം എടുക്കുകയാണെങ്കിൽ പോലും ഈശോയെ നിന്നോടുള്ള സ്‌നേഹത്തെ പ്രതി ഒരു പാപിയുടെ മാനസാന്തരത്തിനായി ഞാനിത് നിനക്ക് തരുന്നു- എന്നു പറയാം. അങ്ങനെ ഓരോ ജോലിയും പ്രാർത്ഥനയാക്കാം. മുറിയടിക്കുമ്പോൾ, തുണിയലക്കുമ്പോൾ, കറിക്കരിയുമ്പോൾ, കൊച്ചിനെ കുളിപ്പിക്കുമ്പോൾ, തോട്ടം നനയ്ക്കുമ്പോൾ, അതെല്ലാം പ്രാർത്ഥനയാക്കാം. ജോലി വേഗത്തിലും നന്നായും ചെയ്യാനുള്ള മാർഗങ്ങൾ നമ്മൾത്തന്നെ കണ്ടുപിടിക്കണം. ജോലിയെത്തന്നെ വ്യായാമമാക്കി ത്തീർക്കാമെന്നും പുസ്തകം വ്യക്തമാക്കുന്നു.

കർത്താവിൽ സന്തോഷിക്കുവിൻ
ഇന്നും പൊതുവേ ഒരു ധാരണയുണ്ട്, തുറന്നുള്ള ചിരിയൊന്നും പുണ്യജീവിതത്തിന് പറ്റിയതല്ലെന്ന്. അൽപ്പം ഗൗരവത്തിലൂടെയുള്ള പെരുമാറ്റമാണ് പുണ്യജീവിതത്തിനു വേണ്ടതെന്ന ചിന്ത തീർത്തും മാറിയിട്ടില്ലെന്നുതന്നെ പറയാം. ”ഇതു ഞാൻ നിങ്ങളോടു പറഞ്ഞത് എന്റെ സന്തോഷം നിങ്ങളിൽ കുടികൊള്ളാനും നിങ്ങളുടെ സന്തോഷം പൂർണമാകാനും വേണ്ടിയാണ്” (യോഹ 15:11). യേശുവിലായിരിക്കുന്ന ഒരാൾക്ക് ആനന്ദമുണ്ട്. നമ്മുടെ ജീവിതത്തെ ആനന്ദാനുഭവത്താൽ നിറയ്ക്കുന്നത് യേശുവാണെന്നും പുസ്തകം വ്യക്തമാക്കിതരുന്നു. ഹൃദയത്തിൽ യേശുവിന്റെ സാന്നിധ്യം അനുഭവിക്കുന്ന ഒരു വ്യക്തിക്ക് ദുഃഖിക്കാൻ കഴിയില്ല. പ്രതികൂലസാഹചര്യങ്ങളും തകർച്ചകളും നേരിടേണ്ടതായി വന്നേക്കാം. എന്നാൽ എല്ലാ പ്രതികൂല കാറ്റുകളെയും ശാസിച്ച് നമ്മുടെ ജീവിതത്തോണിയെ നയിക്കുന്നവൻ ഒപ്പമുള്ളപ്പോൾ എന്തിനാണ് ദുഃഖിക്കുന്നത്? എന്നും ലേഖിക ചോദിക്കുന്നു. ചിരി മനുഷ്യന് സവിശേഷമായി നൽകിയിരിക്കുന്ന ഒരു കഴിവാണ്. അപ്പോൾ അതുപയോഗിക്കുന്നതിൽ എന്താണ് തെറ്റ്? നാം ദുഃഖിതരായി കാണാൻ ദൈവപിതാവ് ഒരിക്കലും ആഗ്രഹിക്കുന്നില്ല. ”എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ, ഇടവിടാതെ പ്രാർത്ഥിക്കുവിൻ, എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ.” (1 തെസ 5:16-17) എല്ലാക്കാര്യങ്ങളും നന്ദിയോടെ സ്വീകരിക്കുമ്പോഴാണ് നമുക്ക് സന്തോഷമുണ്ടാകുന്നത്. അത് നമ്മുടെ ശരീരത്തിന് ആരോഗ്യവും മനസ്സിന് സ്വസ്ഥതയും നൽക്കും. നമ്മുടെ ചിരി നമ്മുടെ കുടുംബത്തിലുള്ളവരിലേക്കും പടരും. അങ്ങനെ നമ്മുടെ ഭവനങ്ങൾ സന്തോഷമുള്ള ഭവനങ്ങൾ ആകും. ”അവിടുന്ന് നിന്റെ വാ പൊട്ടിച്ചിരികൊണ്ടും നിന്റെ അധരം ജയാരവം കൊണ്ടും നിറയ്ക്കും.” (ജോബ് 8:21). സന്തോഷത്തിന്റെ ഉറവിടം എവിടെയാണെന്ന് നമ്മൾ മനസ്സിലാക്കണം. തിരുനാളിന് സന്തോഷത്തോടെ പോയ മേരിക്കും ജോസഫിനും തിരിച്ചുള്ള വരവിൽ തിരുസാന്നിധ്യം നഷ്ടമായി. അതവരെ ദുഃഖത്തിലാഴ്ത്തി. ആ സാന്നിധ്യം വീണ്ടെടുക്കാനായി അവർ മടങ്ങിപ്പോകുന്നു. യേശുവിനെ കണ്ടെത്തി വീണ്ടും സന്തോഷത്തിലേക്ക് തിരിച്ചു വരുന്നു. തിരുസാന്നിധ്യത്തിന്റെ നഷ്ടമാണ് നമ്മിലെ സന്തോഷത്തെ നശിപ്പിക്കുന്നത്. തിരുസാന്നിധ്യമുള്ള കുടുംബങ്ങൾ തിരുക്കുടുംബങ്ങളാകുംതീരും. എന്തൊക്കെ സംഭവിച്ചാലും തിരുസാന്നിധ്യം നഷ്ടപ്പെടാതിരിക്കാൻ നാം വളരെ ശ്രദ്ധയുള്ളവരായിരിക്കണമെന്നും ലേഖിക നമ്മോട് ആഹ്വാനം ചെയ്യുന്നു.
ദാനമായി ലഭിച്ചതല്ലാതെ എന്തുണ്ട്?
”ദാനമായി ലഭിച്ചതല്ലാതെ നിനക്കെന്തുണ്ട്? എല്ലാം ദാനമായിരിക്കെ, ദാനമല്ല എന്ന മട്ടിൽ എന്തിന് നീ അഹങ്കരിക്കുന്നു” (1 കോറി 4:7) എന്നാണ് തിരുവചനം പറയുന്നത്. ഏതെങ്കിലും തരത്തിൽ കുറവുള്ളവരെ അതിന്റെ പേരിൽ തരം താഴ്ത്തുകയും പരിഹസിക്കുകയും ചെയ്യുന്നു. അൽപ്പം മുടന്തുള്ളവനെ ചട്ടുകാലൻ എന്നും സംസാരത്തിന് തടസ്സമുള്ളവനെ വിക്കനെന്നും കോങ്കണ്ണുള്ളവളെ കോങ്കണ്ണിയെന്നും നമ്മൾ വിളിക്കും. എന്നാൽ വിക്കുള്ള മോശയോട് എന്താണ് കർത്താവ് പറഞ്ഞത്? ”ആരാണ് മനുഷ്യന് സംസാരശക്തി നൽകിയത്. ആരാണ് അവനെ മൂകനോ ബധിരനോ കാഴ്ചയുള്ളവനോ കുരുടനോ ആക്കുന്നത്. കർത്താവായ ഞാനല്ലേ”(പുറ 4:11). എത്ര വിരൂപരാണെങ്കിലും അവരും ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടവരാണെന്ന കാര്യം മറക്കരുതെന്നും പുസ്തകം നമ്മെ ഓർമപ്പെടുത്തുന്നു. ദൈവം താൻ സൃഷ്ടിച്ച എല്ലാറ്റിനേയും സ്‌നേഹിക്കുന്നതിനാൽ എല്ലാം നല്ലതാണെന്ന് കണ്ടു. ദൈവത്തിലുള്ള ഈ സ്‌നേഹഭാവം നമ്മിലില്ലാതെ പോകുമ്പോഴാണ് നമ്മൾ മറ്റുള്ളവരുടെ കുറവുകളും പോരായ്മകളും നോക്കിനടക്കുന്നതും സ്വന്തം കുറ്റങ്ങളും കുറവുകളും കാണാതെ പോകുന്നതും. നമ്മൾ തരംതാഴ്ത്തിയവരെയും പുച്ഛിച്ചവരേയും ഉയർത്താൻ ദൈവത്തിന് ഒരു നിമിഷം മതി. മക്കളില്ലാത്ത വേദനയാൽ നീറിക്കഴിഞ്ഞിരുന്ന ഹന്നയ്ക്ക് ദൈവം നൽകിയ മകനാണ് സാമുവൽ. ദൈവത്തിന്റെ പ്രിയപ്പെട്ടവൻ, ഇസ്രായേലിലെ ബഹുമാന്യനും ശ്രേഷ്ഠനുമായ വ്യക്തി. തീർത്തും ബാലനായിരുന്നപ്പോൾ തന്നെ ദൈവം അവനോട് സംസാരിച്ചുതുടങ്ങി. തീർത്തും ബാലനായിരുന്നപ്പോൾ തന്നെ ദൈവം അവനോട് സംസാരിച്ചുതുടങ്ങി. അങ്ങനെ അദ്ദേഹം ഇസ്രായേലിന്റെ പ്രവാചകനും ന്യായാധിപനും ആയി. എന്നാൽ പെനീന്നായുടെ മക്കൾ ആരെന്നും അവരുടെ പേരുകൾ എന്തെന്നും നമുക്കറിയില്ല. ആരേയും പുച്ഛിക്കുകയോ തരം താഴ്ത്തുകയോ ചെയ്യാൻ നമുക്കവകാശമില്ലെന്നാണ് ഹന്നയുടെയും പെനീന്നായുടെയും ജീവിതം നമ്മെ പഠിപ്പിക്കുന്നതെന്നും ഉദാഹരണങ്ങളിലൂടെ ലേഖിക വ്യക്തമാക്കുന്നു ഇവിടെ. ”ഈ ചെറിയവരിലാരേയും നിന്ദിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക. സ്വർഗത്തിൽ അവരുടെ ദൂതൻമാർ എന്റെ സ്വർഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദർശിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാൻ നിങ്ങളോട് പറയുന്നു”(മത്താ 18:10-11). ബുദ്ധിയുടെ തലത്തിൽ പരിമിതികളുള്ളവർ അവഗണിക്കപ്പെടുകയാണ് പതിവ്. അത്തരം കുഞ്ഞുങ്ങളോടുപോലും സ്‌നേഹവും വാൽസല്യവും പ്രകടിപ്പിക്കാൻ ആരും മുതിരുന്നുമില്ല. എന്നാൽ ദൈവസന്നിധിയിൽ വിലയുള്ളവരാണവർ. ദൈവത്തിന് പ്രിയപ്പെട്ടവർ. അതുകൊണ്ട് കർത്താവിന്റെ മുമ്പിൽ എല്ലാവരും വലിയവരാണ്. അവിടുത്തെ അനുഗ്രഹങ്ങൾ എല്ലാവർക്കും ഉള്ളതാണ്. അതിനാൽ നമുക്കും കുറവുകളുള്ളവരെ സ്വീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യാമെന്ന് പുസ്തകം നമ്മെ പഠിപ്പിക്കുന്നു.

ദുരിതങ്ങൾ ഉപകാരമായി
ദൈവം അനുഗ്രഹങ്ങൾ ചൊരിയുമ്പോൾ അതെല്ലാം സ്വീകരിക്കും. എന്നാൽ അവ എവിടെനിന്ന് വന്നെന്നോ ആരാണ് തന്നതെന്നോ ഓർക്കുകയില്ല. ആ നേട്ടങ്ങളുടെ പിന്നിൽ സ്വന്തം സാമർത്ഥ്യമാണെന്ന് പറയാനും ചിലപ്പോൾ മടിക്കുന്നില്ല. അനുഗ്രഹങ്ങൾ കിട്ടുമ്പോൾ ‘ദൈവമേ നന്ദി’ എന്നുപറയാനും മറന്നേക്കാം. പിന്നീട് പ്രയാസങ്ങളുടെയോ പ്രശ്‌നങ്ങളുടെയോ കല്ലുകൾ വീഴുമ്പോഴായിരിക്കാം ദൈവത്തെ തേടുക. ഉടനെ, ‘എന്റെ ദൈവമേ…’ എന്ന് വിളിച്ച് കരയുന്നവരും അവിടുത്തോട് പരാതി പറയുന്നവരുമൊക്കെയായി നമ്മൾ മാറുകയാണെന്നും ലേഖിക വ്യക്തമാക്കുന്നു. ‘എന്റെ കഠിന വേദന എന്റെ നന്മയ്ക്കുവേണ്ടി ആയിരുന്നു’ (ഏശ 38:16). ഫലം തരാത്ത ശാഖകളെ ചെടിയിൽനിന്ന് നീക്കിക്കളയുകയും ഫലം തരുന്നവയെ കൂടുതൽ കായ്ക്കാനായി വെട്ടിയൊരുക്കുകയും ചെയ്യുന്നതുപോലെ ജീവിതമാകുന്ന ചെടിയും വെട്ടി ഒരുക്കപ്പെടാം. വേദനയുളവാക്കുമെങ്കിലും അത് ദൈവത്തിന് നമ്മോടുള്ള സ്‌നേഹം കൊണ്ടാണെന്ന് മനസ്സിലാക്കണം. ”ഞാൻ നിന്നെ ശുദ്ധീകരിച്ചു. എന്നാൽ വെള്ളിപോലെയല്ല. കഷ്ടതയുടെ ചൂളയിൽനിന്നെ ഞാൻ ശോധന ചെയ്തു. എനിക്കുവേണ്ടി, അതെ, എനിക്കുവേണ്ടി മാത്രമാണ് ഞാനിതു ചെയ്യുന്നത്” (ഏശ 48:10-11). സമ്പത്തും ആരോഗ്യവുമെല്ലാം ദൈവാനുഗ്രഹമായി കാണുന്നതോടൊപ്പം ക്ലേശങ്ങളിലും തകർച്ചകളിലും ദൈവത്തിന്റെ കരം കാണാൻ നമ്മൾ പഠിക്കണമെന്നും പുസ്തകം ആവശ്യപ്പെടുന്നു. ദുരിതങ്ങളിലൂടെ കർത്താവ് നമ്മോട് സംസാരിക്കുന്നു, നമ്മെ ശുദ്ധീകരിക്കുന്നു. നമ്മെ തന്നിലേക്ക് അടുപ്പിക്കുന്നു. ഇത് മനസ്സിലാക്കാത്തവരാണ് മദ്യത്തിലും മയക്കുമരുന്നിലും ആത്മഹത്യയിലും ആശ്വാസം തേടിപ്പോകുന്നത്. വിശ്വാസവെളിച്ചം നഷ്ടപ്പെട്ട് അന്ധമായിത്തീർന്ന കണ്ണുകളെ കർത്താവിലേക്ക് ഉയർത്താം. സ്വാർത്ഥത കൊണ്ടും ധനാസക്തികൊണ്ടും അടഞ്ഞുപോയ ചെവികളെ അവിടുത്തെ സ്പർശത്തിനായി സമർപ്പിക്കാം. വെറുപ്പിന്റെയും പകയുടെയും കനലെരിയുന്ന ഹൃദയങ്ങളെ എളിമയും ശാന്തതയും ക്ഷമയും നിറഞ്ഞ ദൈവഹൃദയത്തിലേക്ക് വെച്ചുകൊടുക്കാം. അവിടുന്നേകുന്ന ശാന്തിയും സമാധാനവും ശക്തിയും നമുക്കേറ്റുവാങ്ങാം. ”വരുന്ന ദുരിതങ്ങളെല്ലാം സ്വീകരിക്കുക; ഞെരുക്കുന്ന ദൗർഭാഗ്യങ്ങളിൽ ശാന്തത വെടിയരുത്. എന്തെന്നാൽ, സ്വർണം അഗ്നിയിൽ ശുദ്ധിചെയ്യപ്പെടുന്നു; സഹനത്തിന്റെ ചൂളയിൽ കർത്താവിന് സ്വീകാര്യരായ മനുഷ്യരും”(പ്രഭാ 2:4-5) എന്ന പ്രഭാഷകവചനങ്ങൾ നമ്മെ ഓർമപ്പെടുത്തികൊണ്ട് പുസ്തകം അവസാനിക്കുന്നു.

ചുരുക്കം
ലോകമെങ്ങുമുള്ള സുവിശേഷകരെ പ്രാർത്ഥനയിലൂടെയും പങ്കുവെക്കലിലൂടെയും സഹായിക്കുകയും ഒപ്പം സുവിശേഷമാകാൻ സ്വയം തയാറെടുക്കാനും നമ്മെ പ്രാപ്തരാക്കുന്നു ഈ പുസ്തകം. വിമർശന വിധേയമാക്കപ്പെടുന്ന കാര്യങ്ങൾ പ്രതിപാദിക്കുന്നില്ല. അനുദിന ജീവിതത്തിൽ നാം മറന്നുപോകുന്ന പല ദൈവീകകാര്യങ്ങളും വീണ്ടും നമ്മെ ഓർമപ്പെടുത്തുക മാത്രമാണ് ഇവിടെ. സ്‌നേഹവും പങ്ക് വെക്കലുകളും നമ്മെ വളർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഘടകങ്ങളാണ്. ഇത് സാധ്യമാകുന്നത് ക്രിസ്തുവിന്റെ ജീവിതം മാതൃകയായി നാം സ്വീകരിക്കുമ്പോഴാണെന്ന് പുസ്തകം സമർത്ഥിക്കുന്നു. നമുക്ക് ലഭിക്കുന്ന ദുരിതങ്ങൾ ദൈവാനുഗ്രഹങ്ങളായി കാണാൻ നമ്മെ പ്രാപ്തരാക്കുകയും ക്രിസ്തുവിനായി ജീവിക്കാൻ നമുക്ക് പ്രചോദനവും നൽകുന്ന ഈ പുസ്തകം വായനക്കാരിൽ നവ്യാനുഭവങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.

Buy Online : sophiabuy.com