നിക്കാരഗ്വയിൽ ബിഷപ്പുമാർക്കു നേരെ ആക്രമണം

0
308

കോപ്പൻ, ഹോണ്ടുറാസ്: മെക്‌സിക്കോയ്ക്ക് പുറമെ നിക്കരാഗ്വയിലും വൈദികർക്കും ബിഷപ്പുമാർക്കും നേരെ അക്രമം വ്യാപകമാകുന്നു. സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ സഭ സംരക്ഷിക്കുന്നുവെന്നാരോപിച്ചാണ് കഴിഞ്ഞ ദിവസം സർക്കാർ അനുകൂലികൾ മനാഗ്വാ അതിരൂപതയുടെ സഹായ മെത്രാനായ സിൽവിയോ ജോസ് ബയേസിനെ ആക്രമിച്ചത്.

ഡിരിയാമ്പായിലെ സാൻ സെബാസ്റ്റ്യൻ ബസലിക്ക സംരക്ഷിക്കാൻ ശ്രമിക്കവെയാണ് ബിഷപ്പ് സിൽവിയോ ജോസിന് നേരെ ആക്രമണമുണ്ടായത്. അതേസമയം, ബസലിക്ക കയ്യേറാൻ ശ്രമിച്ച ജനക്കൂട്ടത്തെ തടയാൻ ശ്രമിക്കുന്നതിനിടയിൽ തനിക്ക് മുറിവേറ്റെന്നും അക്രമികൾ അപ്പസ്‌തോലിക ചിഹ്നങ്ങൾ നശിപ്പിച്ചെന്നും താനും ബസലിക്കയുടെ ഉള്ളിലുള്ളവരും സുരക്ഷിതരാണെന്നും ബിഷപ്പ് ട്വീറ്റ് ചെയ്തു. മനാഗ്വായിലെ കർദ്ദിനാളായ ലിയോപോൾഡ് ബ്രെനെസിനും വത്തിക്കാൻ പ്രതിനിധിയും ആർച്ചുബിഷപ്പുമായ വാൾഡെമാർ സ്റ്റാൻസ്ലോ സോമ്മർടാഗിനും ആക്രമണത്തിൽ പരിക്കേറ്റിറ്റുണ്ട്.

അതേസമയം, സഭാനേതാക്കളും വൈദികരും ആക്രമിക്കപ്പെട്ടതിനെ അമേരിക്കൻ സ്റ്റേറ്റ് വെസ്റ്റേൺ ഹെമിസ്ഫിയർ അഫയേഴ്‌സ് പ്രിൻസിപ്പൾ ഡെപ്യൂട്ടി സെക്രട്ടറി ഫ്രാൻസിസ്‌കോ പൽമിയേരി അപലപിച്ചു. കഴിഞ്ഞ ഏപ്രിലിൽ സർക്കാർ പ്രഖ്യാപിച്ച സാമൂഹ്യ സുരക്ഷാ പദ്ധതിയോടുള്ള ജനങ്ങളുടെ വിയോജിപ്പാണ് നിക്കരാഗ്വയിലെ പ്രക്ഷോഭത്തിന് കാരണം. പോലീസിനേയും അർദ്ധസൈനികരേയും ഉപയോഗിച്ച് പ്രക്ഷോഭം അടിച്ചമർത്താനുള്ള സർക്കാർ ശ്രമത്തിൽ മുന്നൂറോളം പേരാണ് കൊല്ലപ്പെട്ടത്. ജിനോടെപെ, ഡിരിയാമ്പാ, മടഗൽപാ എന്നിവിടങ്ങളിൽ കഴിഞ്ഞ 7, 8 തിയതികളിലായി പതിനേഴ് പേർ കൊല്ലപ്പെട്ടെന്ന് മനുഷ്യാവകാശ സംഘടനയായ ആംസ്റ്റി ഇന്റർനാഷണൽ വ്യക്തമാക്കുന്നു.

പ്രസിഡന്റ് ഡാനിയൽ ഓർട്ടെഗയുടെ രാജി ആവശ്യപ്പെട്ട പ്രതിഷേധങ്ങൾ ശക്തമായതോടെ നിക്കരാഗ്വയിൽ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. ഏപ്രിൽ 18 ന് തുടങ്ങിയ പ്രതിഷേധത്തിന്റെ ആദ്യഘട്ടത്തിൽ നാൽപ്പതിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇതുവരെയുള്ള കണക്കുകളനുസരിച്ച് 300ലേറെപ്പേർക്കാണ് രാജ്യത്ത് ജീവൻ നഷ്ടമായത്.