നിരാശപ്പെടരുത്, ദൈവം പുതിയ വാതിലുകള്‍ തുറക്കും

0
952
നിരാശപ്പെടരുത്, ദൈവം പുതിയ വാതിലുകള്‍ തുറക്കും

പുതപ്പു വില്ക്കുന്നതിനായിരുന്നു മധ്യപ്രദേശില്‍നിന്നും വിഷ്ണു വയനാട്ടില്‍ എത്തിയത്. നല്ല കച്ചവടം പ്രതീക്ഷിച്ച് എത്തിയ ആ ചെറുപ്പക്കാരന്‍ കണ്ട കാഴ്ചകള്‍ പതിവില്ലാത്തതായിരുന്നു. കാലവര്‍ഷക്കെടുതികള്‍ മൂലം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയംതേടുന്നു. പുതയ്ക്കാനൊന്നും ഇല്ലാത്തതിനാല്‍ അവരില്‍ പലരും തണുത്ത് വിറക്കുന്നത് അയാള്‍ കണ്ടിട്ടുണ്ടാകണം.

വിഷ്ണു മറ്റൊന്നും ആലോചിച്ചില്ല. വില്പനക്ക് കൊണ്ടുവന്ന അമ്പത് പുതപ്പുകളും ദുരിതാശ്വാസ ക്യാമ്പില്‍ സൗജന്യമായി നല്‍കി. സാധാരണ പുതപ്പു കച്ചവടക്കാരന്‍ സമ്പന്നനായിരിക്കില്ല. അതുവിറ്റുകിട്ടുന്ന പണംകൊണ്ടു പുലരേണ്ട കുടുംബം മറ്റൊരു സംസ്ഥാനത്ത് അയാളെ പ്രതീക്ഷിച്ച് കാത്തിരിക്കുന്നുണ്ടാകും. എങ്കിലും ദുരിതാശ്വാസ ക്യാമ്പിലെ സാഹചര്യങ്ങള്‍ കണ്ടപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല. ഈ പ്രളയകാലത്ത് ലഭിച്ച ഏറ്റവും വലിയ സംഭാവനകളുടെ പട്ടികയിലാണ് വിഷ്ണുവിന്റെ പുതപ്പുകള്‍.

അസാമാന്യമായ മനുഷ്യസ്‌നേഹത്തിന്റെ കാഴ്ചകള്‍ക്കാണ് പ്രളയഭൂമി സാക്ഷ്യംവഹിച്ചത്. സഹോദരങ്ങളുടെ കാവല്‍ദൂതരായി മനുഷ്യര്‍ മാറിയതിനാലാണ് ദുരന്തത്തിന്റെ വ്യാപ്തി ഇത്രയെങ്കിലും കുറയ്ക്കാനായത്. പ്രളയഭൂമിയില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന് ഒരിക്കലും മറക്കാനാവില്ല. കുത്തൊഴുക്ക് ചിലയിടങ്ങളില്‍ സൈന്യത്തെപ്പോലും പിന്തിരിപ്പിച്ചെങ്കിലും രക്ഷാകവചങ്ങളൊന്നുമില്ലാതെ മത്സ്യത്തൊഴിലാളികള്‍ അവിടെയുമെത്തി.

വെല്ലുവിളികളുടെ നടുവില്‍ ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പലപ്പോഴും മുഖ്യധാര സമൂഹത്തിന്റെ വേദനകളായി മാറുന്നില്ല എന്നതാണ് സത്യം. ഇനി ഒരിക്കലും കേരളം അവരുടെ നേരെ മുഖംതിരിക്കില്ലെന്ന് നമുക്ക് വിശ്വസിക്കാം. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ജീവന്‍ നഷ്ടമായ രക്ഷാപ്രവര്‍ത്തകരെ ആദരിക്കുന്നതിനോടൊപ്പം അവരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും നല്‍കണം. രാജ്യസുരക്ഷയ്ക്കായി സ്വജീവന്‍ സമര്‍പ്പിച്ച പട്ടാളക്കാരുടെ കുടുംബങ്ങളെ സഹായിക്കുന്ന അതേ രീതി ഇവിടെയും പിന്തുടരണം.

സമാനതകളില്ലാത്ത ദുരിതങ്ങളാണ് പ്രളയംമൂലം കേരളത്തിന് നേരിടേണ്ടിവന്നിരിക്കുന്നത്. പ്രളയവും പ്രകൃതിദുരന്തങ്ങളും ഒരേസമയത്ത് ഉണ്ടായി. പ്രളയജലത്തില്‍ മുങ്ങിയ കുട്ടനാട് അതിനെ അതിജീവിക്കുന്നതിനുള്ള കഠിനപരിശ്രമങ്ങള്‍ക്കിടയിലാണ് പുതിയ പ്രളയത്തെ അഭിമുഖീകരിക്കേണ്ടിവന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം പ്രദേശങ്ങളും പ്രളയ ദുരിതങ്ങളുടെ നടുവിലാണ്. വലിയൊരു വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ വെള്ളം ഇറങ്ങിപ്പോകുമ്പോള്‍ അവസാനിക്കുകയല്ല;
ആരംഭിക്കുകയാണ്.

അനേകരുടെ വീടുകളും കൃഷിയിടങ്ങളും സമ്പാദ്യങ്ങളും നഷ്ടമായി. ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്നും പുറത്തിറങ്ങിയാല്‍ എങ്ങനെ ജീവിക്കുമെന്നത് ചോദ്യചിഹ്നമായി പലരുടെയും മുമ്പിലുണ്ട്. ദുരന്തത്തെ മറികടക്കാന്‍ എല്ലാവരും കരങ്ങള്‍ കോര്‍ക്കണം. അത് എങ്ങനെ വേണമെന്നതിന് തെളിവായി മധ്യപ്രദേശില്‍നിന്ന് എത്തിയ വിഷ്ണു നമ്മുടെ മുമ്പിലുണ്ട്. ഓരോ പ്രദേശത്തും നഷ്ടങ്ങള്‍ ഉണ്ടായവരെ അവിടെ ഉള്ളവര്‍ക്ക് അറിയാം.

കാര്‍ഷികമേഖലയെ ആശ്രയിച്ചുജീവിക്കുന്നവരെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. വെള്ളം ഉയര്‍ന്ന് കൃഷി മുഴുവന്‍ നശിച്ചുപോയവര്‍ അനേകരാണ്. പതിവില്‍നിന്നും വ്യത്യസ്തമായി അനേകസ്ഥലങ്ങളില്‍ ഉരുളുപൊട്ടി വീടും കൃഷിയിടങ്ങളും ഒലിച്ചുപോയി. കൃഷിയിടങ്ങള്‍ കൃഷിയോഗ്യമല്ലാതെ ആയവരും കന്നുകാലികളും മറ്റ് വളര്‍ത്തുമൃഗങ്ങളും നഷ്ടപ്പെട്ടവരും മറ്റൊരു ഭാഗത്ത്. എങ്ങനെ അവരെ സാധാരണജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയുമെന്നതിനെപ്പറ്റി ഗൗരവമായ ആലോചനകള്‍ ഉണ്ടാകണം. അതിനു കഴിയുന്ന രീതിയിലുള്ള കൂട്ടായ്മകളും പങ്കുവയ്ക്കലുകളുമാണ് ആവശ്യമായിരിക്കുന്നത്.

പ്രകൃതി ദുരന്തങ്ങളുടെ മുമ്പില്‍ മനുഷ്യര്‍ നിസഹായരായി നില്ക്കുകയാണ്. ദുരന്തങ്ങള്‍ നേരിട്ടവരെ സഹായിക്കുന്നതിന് മാനുഷികമായി നിര്‍വഹിക്കാനുള്ള എല്ലാ സഹായങ്ങളും ചെയ്യണം. നഷ്ടങ്ങളുടെ നടുവില്‍ പ്രത്യാശ നഷ്ടമായ അനേകരുണ്ട്. എന്നാല്‍, പിന്തിരിഞ്ഞു നോക്കിയാല്‍ കഠിനമായ തകര്‍ച്ചകളെ അതിജീവിച്ച പലരുടെയും അനുഭവങ്ങള്‍ കാണാനാകും.

അത്ഭുതകരമായ രീതിയില്‍ ദൈവം ഉയര്‍ത്തിയ അനേക ജീവിതങ്ങള്‍. നമുക്ക് ചിന്തിക്കാന്‍ കഴിയാത്ത രീതിയില്‍ ഈ തകര്‍ച്ചകളില്‍നിന്നും ദൈവത്തിന് നമ്മെ ഉയര്‍ത്താനാകും. അതിനാല്‍ നിരാശനിറഞ്ഞ ചിന്തകള്‍ക്ക് മനസിനെ വിട്ടുകൊടുക്കരുത്. പ്രത്യാശയോടെ കാത്തിരിക്കുമ്പോഴേ ദൈവം ഒരുക്കുന്ന വഴികള്‍ കാണാനാകൂ. അതോടൊപ്പം ദൈവിക കാരുണ്യം ലോകത്തിലേക്ക് ഇറങ്ങുന്നതിനുവേണ്ടിയും പ്രാര്‍ത്ഥിക്കണം. പ്രാര്‍ത്ഥിക്കാന്‍ തുടങ്ങുമ്പോള്‍ അത്ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടാകും. നമ്മുടെ പ്രാര്‍ത്ഥനകള്‍ നാടിന് സംരക്ഷണകവചമായി മാറട്ടെ.