നിഷ്‌കളങ്കതയുടെ നാട്ടുപാതകൾ

'ആൽബി ഡെല്ല കഥകൾ' അടുത്തറിയാം ബോബിയച്ചന്റെ വാക്കുകളിലൂടെ...

0
1511

ബാല്യത്തിൽ നിന്ന് അകന്നുപോയി എന്നതാണ് നമുക്ക് സംഭവിച്ച ഏറ്റവും വലിയ ദുരന്തം. അതുകൊണ്ടാണ് ഡൊസ്‌റ്റോവ്‌സ്‌കിയുടെ ഒരു കഥാപാത്രത്തിന്റെ വിലാപം നമ്മുടെ ചങ്കിൽ ചൂണ്ടക്കൊളുത്തായി മാറുന്നത്: ഹോമോഫിച്ച്, എനിക്കുമുണ്ടായിരുന്നു ഒരു ബാല്യം. ഉണ്ടായിരുന്നു എന്നോർത്തെടുക്കുന്നതിനേക്കാൾ ഇപ്പോഴും ഉണ്ട് എന്ന് തിരിച്ചറിയുന്ന ഏതൊരു ജീവിതത്തിനും എന്തൊരു ചാരുതയാണ്. ഒരു കുഞ്ഞിനെ ഉയർത്തി, ഇതുപോലെയാവുക എന്ന് കൽപ്പിച്ചയാൾ, ആ മരപ്പണിക്കാരൻ ഗുരു അന്വർത്ഥമാക്കിയതും ഇതു തന്നെയാവണം- അവനവന്റെ ബാല്യത്തിലേയ്ക്ക് തിരികെയെത്തുക. വീട് വിട്ടിറങ്ങിയ മകനെപ്പോലെ തെല്ലു തലകുനിച്ചാണെങ്കിൽപ്പോലും… എളുപ്പമല്ല ആ മടക്കയാത്ര, എന്നാൽ അസാദ്ധ്യവുമല്ല എന്ന സൗമ്യമായ ഓർമ്മപ്പെടുത്തലാണ് ഈ പുസ്തകം.

റെയ്‌നർ മരിയ റിൽക്കെയുടെ ‘ചെറുപ്പക്കാരനായ കവിക്കുള്ള കത്തു’കളിലെ ചില വരികൾ ഓർമ്മ വരുന്നു: നിങ്ങൾ ശബ്ദങ്ങളൊന്നും കടന്നുവരാത്ത ഒരു തടവറയിലാണെങ്കിൽപ്പോലും വിലമതിക്കാനാവാത്ത രത്‌നംപോലെ ഓർമ്മകളുടെ നിധിപ്പുരയായി ഒരു ബാല്യകാലമുണ്ടല്ലോ? ശ്രദ്ധയൊക്കെയും അങ്ങോട്ട് തിരിക്കൂ. അപാരമായ ആ ഭൂതകാലത്തിന്റെ നിമഗ്ന വികാരങ്ങളെ ഉയർത്തിക്കൊണ്ട് വരൂ. നിങ്ങളുടെ വ്യക്തിത്വം ഊർജ്ജ്വസ്വലമാകുന്നത് കാണാം. (വിവർത്തനം: ഇ. സന്തോഷ് കുമാർ) അറിഞ്ഞോ അറിയാതെയോ സിജോയിൽ സംഭവിച്ചിരിക്കുന്നത് ഇത് തന്നെയാണ്. ഡെല്ലയും, ആൽബിയും, രെഞ്ചുവും, വിനിലും, റോബിനും, ലിയോയുമൊക്കെ കഥാപാത്രങ്ങളായി നാട്ടുവഴികളിലൂടെ മുന്നിലേയ്ക്ക് വരുമ്പോൾ അതിനുമപ്പുറം ഒരാൾ പിന്നിലേയ്ക്ക് നടന്ന് നടന്ന് കോടമൂടിയ ഇടങ്ങളിലേയ്ക്ക് മാഞ്ഞുപോകുന്നുണ്ട്. അത് എഴുത്തുകാരനാണ്. സ്വന്തം ബാല്യത്തിലേയ്ക്ക് ഹൃദയംകൊണ്ട് പലയാവർത്തി re-visit ചെയ്യാൻ കഴിയാത്തൊരാൾക്ക് നിശ്ചയമായിട്ടും, ഇത്രയും ഈർപ്പവും പ്രസാദവുമുള്ള വരികൾ ചമയ്ക്കുക എളുപ്പമല്ല…

ലോകം കാണക്കാണെ കൂടുതൽ കൂടുതൽ അസന്തുഷ്ടമാകുമ്പോൾ ഹൃദയാർദ്രതയുള്ള ഓരോ മനുഷ്യനും തങ്ങളുടേതായ ചില പരിഹാരങ്ങൾ തിരയുന്നുണ്ട്. ആ അർത്ഥത്തിലാണ് എഴുത്തിനെയൊക്കെ ഒരു സാംസ്‌ക്കാരിക പ്രവർത്തനമായി നാം എണ്ണുന്നത്. കുറെയധികം കാലം മുമ്പാണ്, ജി. ശങ്കരപ്പിള്ളയുടെ ഒരു നാടകം നാൽക്കവലകളിൽ അവതരിപ്പിച്ചിരുന്ന ഒരു സൗഹൃദക്കൂട്ടത്തോടൊപ്പം വെറുതെ കുറച്ച് നടന്നിരുന്നു. അതിപ്രായോഗികത കൊണ്ട് ദുഷ്ടൻമാരായ ഏട്ടൻമാരോട് പോഴനെന്ന് അപരർ ഗണിക്കുന്ന ഇളയവൻ കരം കൂപ്പി കേഴുകയാണ്: ‘ഏട്ടൻമാരെ, നമ്മുക്കൊരിക്കൽ കൂടി ആ പഴയ കുഞ്ഞുങ്ങളാവാം… നമ്മുക്ക് നമ്മുടെ തൊടികളുടെ ഉത്സവത്തിലേയ്ക്ക് മടങ്ങിപ്പോകാം’ എന്നൊക്കെ. മുളകീറുന്നതു പോലെയൊരു വിലാപം പെട്ടെന്നാണ് ഉയർന്നത്. വൃദ്ധനായൊരാൾ തോർത്തുകൊണ്ട് വാപൊത്തിപ്പിടിച്ച് ഉറക്കെ കരയുകയാണ്… ആരും അയാളെ തടസ്സപ്പെടുത്തിയില്ല. മദ്യപിച്ചിട്ടാണെന്ന് പരിഹസിച്ചില്ല. ദൈവമേ, അയാൾ എന്തിനാണ് കരഞ്ഞത്? കളഞ്ഞുപോയ ശൈശവത്തിലേയ്ക്ക് ഇനിയൊരിക്കലും മടങ്ങാനാവില്ലയെന്ന ഉൾത്താപത്തിലോ…? ഈ പുസ്തകത്തിന്റെ വായനാനുഭവം ആ ഓർമ്മയെ തിരികെ കൊണ്ടു വന്നു- വലുതാവേണ്ടിയില്ലായിരുന്നു! ഇത്തരം ചെറിയ ചെറിയ സങ്കടങ്ങൾ നമ്മുടെ ഹൃദയത്തിന്റെ വിമലീകരണ പ്രക്രിയയെ കുറെക്കൂടി അഗാധമാക്കും. ശൈശവത്തിലേയ്ക്ക് മടങ്ങുകയാണ് രോഗാതുരമായ ഭൂമിക്ക് ഇനി അവശേഷിക്കുന്ന ഏക ഔഷധമെന്ന് സിജോ വിശ്വസിക്കുന്നുണ്ടാവും.

ചെറിയ ചെറിയ കാര്യങ്ങളുടെ അഴകിനെക്കുറിച്ചാണ് ഈ പുസ്തകം പറയാൻ ശ്രമിക്കുന്നത്. അതെന്തുമാകാം ചിലപ്പോൾ അതൊരു പൂച്ചക്കുട്ടിയാവാം, കനാലിൽ വീണ ചക്കപ്പഴമാകാം, കിങ്ങിണി കുഞ്ഞാടാവാം, ജാതിമരങ്ങളാവാം അങ്ങനെ, അങ്ങനെ… കുഞ്ഞുങ്ങളെപ്പോലെ പ്രസാദത്തിലും വിസ്മയത്തിലും നിലനിൽക്കാൻ കഴിഞ്ഞെങ്കിൽ. ഇത്തിരിപോന്ന കാര്യങ്ങൾ മതിയവരുടെ ലോകത്തെ സുന്ദരമാക്കാൻ. അവരുടെ മിഴികളിൽ ഒരദൃശ്യ കാലിഡോസ്‌കോപ്പുണ്ട്. എത്ര ചെറുതും നിസ്സാരവും, വലുതും മഹത്വമുള്ളതുമായി മാറുന്നവരുടെ മിഴികൾക്ക്… വൃക്ഷങ്ങളെക്കുറിച്ച് പറയുന്നതുപോലെ, എല്ലാ ഇലകളും കൊഴിഞ്ഞ് നഗ്നമാവുമ്പോളേ അവ സൂര്യന് നേരെ മുഖാമുഖം നിൽക്കുന്നുള്ളൂ. അതുപോലെ കാലംകൊണ്ടും, അറിവ് കൊണ്ടും, പ്രായംകൊണ്ടും നമ്മളെ മൂടിവളർന്ന ഇലപടർപ്പുകൾ കൊഴിഞ്ഞ് നിൽക്കാൻ കഴിയുമ്പോൾ മാത്രം ഞാനെന്റെ ശൈശവത്തിലേയ്ക്കും, ദൈവത്തിലേയ്ക്കും മടങ്ങിയെത്തുന്നു. എത്ര സ്വാഭാവികമായാണ് നാട്ടുവർത്തമാനങ്ങളിലൂടെ കുഞ്ഞുങ്ങളുടെ മൂല്യബോധത്തെ സിജോ രൂപപ്പെടുത്തുന്നത്…

ഉള്ളിൽ തട്ടുന്ന കുറെയധികം വ്യസനങ്ങളുടെ പുസ്തകം കൂടിയാണിത്. ഒരു പക്ഷേ കുട്ടികളെ കേന്ദ്രീകരിച്ചും ലക്ഷ്യം വെച്ചും എഴുതപ്പെട്ടിട്ടുള്ള നിരവധി പുസ്തകങ്ങളിൽ നിന്ന് ഇതിനെ വ്യതിരിക്തമാക്കുന്ന ഒരു പ്രധാന ഘടകമതായിരിക്കാം. തുമ്പിയും, പൂക്കളും, പീപ്പിയും മാത്രമാണ് ബാല്യമെന്ന് നിങ്ങൾ തെറ്റിദ്ധരിച്ചോ? മുതിർന്നവരുടെ മുഴുവൻ അഞ്ജതയ്ക്കും, അഹന്തയ്ക്കും, അശ്രദ്ധയ്ക്കുമൊക്കെ കപ്പം കൊടുക്കേണ്ടത് കുഞ്ഞുങ്ങളാണ്. ഈ ചെറിയ പുസ്തകത്തിൽ ഏറ്റവും ശ്രദ്ധേയമായി അനുഭവപ്പെട്ട അദ്ധ്യായം അതാണ്- കുന്തുരുക്കത്തിന്റെ മണമുള്ളവർ. ‘അച്ചാ… പറന്നുപോയ ആ കിളികൾക്ക് അറിയാമായിരുന്നു എന്റെ വിശപ്പിന്റെ വേദന…’ എന്നൊക്കെ ഒരു ചെറിയ കുട്ടി പറയുമ്പോൾ നമ്മുടെ കണ്ണും, മനസ്സും കലങ്ങുന്നു. ആൻസണും, ജിതിനും, ലിയോയും, ജോൺകുട്ടിയുമൊക്കെ റോബിനെന്ന ആ ചെറിയ കുട്ടിക്ക് കൂട്ടുവരും. കഥ കാര്യമാകുന്നത് പന്ത്രണ്ടാമത്തെ അദ്ധ്യായത്തിലാണ്. പിന്നെ വായന മുമ്പോട്ടു പോകുന്നില്ല. കണ്ണു നിറയുമ്പോൾ അക്ഷരങ്ങൾ അവ്യക്തമാകുന്നു. ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നു: കുഞ്ഞുങ്ങളെ കുറെക്കൂടി ഗൗരവമായിട്ടെടുക്കേണ്ട വളരെ വൈകിപ്പോയ നേരമാണിത്… കുഞ്ഞുങ്ങളോട് കുറച്ച് കുറ്റബോധം അനുഭവപ്പെടുകയാണ് ഇനി മുതിർന്നവർക്ക് ബലപ്പെടുത്താവുന്ന ഒരു സുകൃതം…

ഡിപ്പാർച്ചേഴ്‌സ് എന്ന ഒരിഷ്ട ചലച്ചിത്രത്തെ പരാമർശിച്ച് ഈ മുൻകുറിപ്പ് അവസാനിപ്പിക്കാവുന്നതേയുള്ളൂ. ഒരാൾ കൂട്ടുകാരിയോടൊപ്പമിരുന്ന് സ്വന്തം കുരുന്നുകാലം ഓർമ്മിച്ചെടുക്കുകയായിരുന്നു : തെളിഞ്ഞ ഒരു പുഴയോരത്തായിരുന്നു അച്ഛനും ഞാനും. പുഴയിലൂടെ ഒത്തിരി തിരഞ്ഞ് ഞാനൊരു വിശേഷപ്പെട്ട വെള്ളാരങ്കല്ല് കണ്ടത്തി അച്ഛന്റെ കൈയിൽ വെച്ചുകൊടുത്തു. മിനുമിനുത്ത, മെഴുകുപോലൊരു കല്ല്. അത് ഞങ്ങളുടെ ദേശത്തിന്റെ രീതിയായിരുന്നു. അത്തരമൊരു സമ്മാനത്തിൽ മനസ്സിന്റെ ഒരു കണ്ണാടിത്തുണ്ട് ഉണ്ടെന്നുപോലും ഞങ്ങൾ സങ്കൽപ്പിച്ചു. പകരം, അച്ഛൻ പുഴയിലേയ്ക്ക് ഇറങ്ങി അപ്പോൾ കൈയിൽ തടഞ്ഞ ഒരു കല്ലെടുത്ത് എന്റെ ഉള്ളം കൈയിൽ തന്നു. കൂർത്തൊരു കല്ല്! അതുകൊണ്ട സ്ഥലത്ത് ഇപ്പോഴും ചോര പൊടിയുന്നുണ്ട്! അവരുടെ നീട്ടിയ ഉള്ളം കൈയിൽ നമ്മൾ മുതിർന്നവർ എന്താണ് വെച്ചുകൊടുത്തത്? ഏറ്റവും നല്ലത് സമ്മാനിക്കാനുള്ള ശ്രമത്തിലാണ് കുഞ്ഞുങ്ങൾ. എന്നാൽ നിങ്ങളെന്താണവർക്ക് അലക്ഷ്യമായി കൈമാറിയത്? ഇതിനകത്ത് പരാമർശിച്ചു പോകുന്ന ലിയോയുടെയും ജോൺകുട്ടിയുടെയും അപ്പനുണ്ട്. സിജോ ആ കുറിപ്പ് ഇങ്ങനെയാണ് അവസാനിപ്പിക്കുന്നത്, ഇത്രയും പറഞ്ഞിട്ട് വേദനയടക്കാൻ കഴിയാത്ത പപ്പ തോളിൽ കിടക്കുന്ന ജോൺകുട്ടിയെ ഉമ്മ വെച്ചുകൊണ്ടിരുന്നു…

ബാല്യത്തിന്റെ കൗതുകങ്ങളിലും, കലഹങ്ങളിലും, കരച്ചിലുകളിലും ആവോളം ഉമ്മവെയ്ക്കുന്ന ഈ പുസ്തകം ചെറിയവർക്കും, വലിയവർക്കും വേണ്ടി വെച്ചുനീട്ടുമ്പോൾ ഒരു കാര്യത്തിനു വേണ്ടി സിജോയെ ആലിംഗനം ചെയ്തു കൊള്ളട്ടെ, എഴുത്തിന് കൂട്ടുപോകുന്ന ആ നല്ല ഇല്ലസ്‌ട്രേഷന്…

വായന തീരുമ്പോൾ വരികൾ മാഞ്ഞുപോവുകയും പകരം തൂവെള്ളച്ചിറകുകളുള്ള കുഞ്ഞുമാലാഖമാർ കൂട്ടുവരികയും ചെയ്യട്ടെ. അതിലൊരാൾക്ക് ആൽബിയെന്നാണ് പേര്…

സ്‌നേഹപൂർവം,
ബോബി ജോസ് കട്ടിക്കാട്