നീലകണ്ഠപിള്ളയെ ദേവസഹായമാക്കിയ ഡിലനോയ്

327

എവ്‌സ്താക്കിയൂസ് ബെനഡിക്റ്റ് ഡിലനോയി 1718 ൽ ബെൽജിയത്ത് (ആധുനിക യൂറോപ്യൻ യൂണിയനിൽ) ജനിച്ചു; മാതാപിതാക്കന്മാർ ഉത്തമ കത്തോലിക്കരായിരുന്നു. യൗവനത്തിൽത്തന്നെ അയാൾ, അയൽരാജ്യമായ ഹോളൻഡിൽ (നെതർലൻഡിൽ) പട്ടാളസേവനത്തിനുചേർന്നു. ഡച്ച് നേവിയിൽ ഒരു നേവി ഉദ്യോഗസ്ഥനായി ഉയർന്ന ഡിലനോയി, 1738 ൽ കൊച്ചു തുറമുഖത്ത് എത്തി; മൂന്നുകൊല്ലത്തിനുശേഷം, ദക്ഷിണ തിരുവിതാംകൂറിലെ കുളച്ചൽ തുറമുഖത്തേക്ക് അയയ്ക്കപ്പെട്ടു.

യുദ്ധവീരനായ മാർത്താണ്ഡവർമ്മ രാജാവിന്റെ സൈന്യത്തെ കുളച്ചൽ തുറമുഖത്ത് നേരിടുന്നതിനായി ഡച്ച് സൈന്യത്തെ നയിക്കുകയായിരുന്നു ഡിലനോയിയുടെ നിയോഗം. എന്നാൽ, പ്രതീക്ഷാവിരുദ്ധമായി, കുളച്ചൽ യുദ്ധത്തിൽ ഡച്ച്‌സേന പരാജയമടഞ്ഞു; ഡച്ച്‌നേവിയുടെ പ്രധാന ക്യാപ്റ്റനായിരുന്ന ഡിലനോയി യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ടു.

കേവലം 23-കാരനായ ഡിലനോയി എന്ന വിദേശയോദ്ധാവിന്റെ യുദ്ധവൈദഗ് ധ്യവും ഇതര കഴിവുകളും വീരശൂരനായ മാർത്താണ്ഡവർമ്മയെ വിസ്മയിപ്പിച്ചു. സ്‌നേഹാദരങ്ങളോടെയാണ് അദ്ദേഹം ആ വിദേശ യുദ്ധത്തടവുകാരനോട് പെരുമാറിയത്. ‘പാശ്ചാത്യ യുദ്ധതന്ത്രങ്ങൾ – പീരങ്കിയുടെ ഉപയോഗം തുടങ്ങിയവ- എന്നെയും എന്റെ സൈന്യങ്ങളെയും അഭ്യസിപ്പിക്കാമോ?’ എന്ന് അദ്ദേഹം ആ യുവവിദേശയോദ്ധാവിനോട് ചോദിച്ചു. ഡിലനോയി സസന്തോഷം അതിനു സമ്മതിച്ചു. മാർത്താണ്ഡവർമ്മ രാജാവിന്റെ സൈന്യത്തിൽ ‘വലിയ കപ്പിത്താൻ’ എന്ന പേരിൽ, ആ വിദേശയോദ്ധാവ് അറിയപ്പെട്ടു; വിനാവിളംബം ആ വിദേശീയൻ, തിരുവിതാംകൂർ സൈന്യത്തിന്റെ സർവസൈന്യാധിപനായി ഉയർന്നു.

പള്ളിയും സൗകര്യങ്ങളും
കത്തോലിക്കനായ ഡിലനോയിക്ക്, അദ്ദേഹത്തിന്റെ വിശ്വാസാചാരങ്ങൾ അനുസരിച്ച് ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും മാർത്താണ്ഡവർമ്മ ചെയ്തുകൊടുത്തു. ദക്ഷിണ തിരുവിതാംകൂറിലെ ഉദയഗിരിയിൽ പതിനെട്ട് ഏക്കർ സ്ഥലം, ഡിലനോയിക്കും കുടുംബാംഗങ്ങൾക്കുംവേണ്ടി രാജാവ് സൗജന്യമായി കൊടുത്തു. തൊട്ടടുത്തുതന്നെ, വിശുദ്ധ മിഖായേൽ മാലാഖയുടെ നാമത്തിൽ ചെറിയൊരു കത്തോലിക്കാ പള്ളിയും രാജാവ് പണിയിച്ചുകൊടുത്തു. വിദേശീയനായ തന്റെ സർവസൈന്യാധിപന്റെ ആധ്യാത്മികാവശ്യങ്ങൾ- കുമ്പസാരം, കുർബാന മുതലായവ- നിർവഹിക്കാൻവേണ്ടി, ഫാ.പീറ്റർ പെയ്‌റസ് എന്ന യൂറോപ്യൻ ഈശോസഭാ വൈദികനെയും രാജാവ് നിശ്ചയിച്ചുകൊടുത്തു. ഡിലനോയിയുടെ ആധ്യാത്മിക പിതാവിന് പ്രതിമാസ ശമ്പളമായി ‘നൂറുപണം’ (25 രൂപ) ഖജനാവിൽനിന്ന് രാജാവ് കൊടുപ്പിച്ചിരുന്നു. ഇംഗ്ലീഷിലും ഫ്രഞ്ചിലും മലയാളത്തിലും തമിഴിലും അച്ചടിപ്പിച്ച ബൈബിൾ കോപ്പികളും ഡിലനോയിയുടെ പക്കൽ ഉണ്ടായിരുന്നു.

ഇദ്ദേഹത്തിന്റെ വിവാഹജീവിതത്തെപ്പറ്റി അധികം വിവരങ്ങൾ ലഭ്യമല്ല. കുളച്ചൽ യുദ്ധാനന്തരം, ഡിലനോയി ഒരുപക്ഷേ, വിവാഹത്തിനുവേണ്ടി ബെൽജിയത്തിനു പോയിരിക്കണം. ഡിലനോയിയുടെ മകൻ ‘യൊഹാന്നസ്’ (ജോൺ), മാർത്താണ്ഡവർമയ്ക്കുവേണ്ടി യുദ്ധം ചെയ്യുമ്പോൾ 19-ാം വയസിൽ വധിക്കപ്പെട്ടുവെന്നുമാത്രം ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.

ഉദയഗിരികോട്ട: പട്ടാളത്തിലും യുദ്ധങ്ങളിലും ഡിലനോയി നൽകിയ നേതൃത്വം മൂലം, മാർത്താണ്ഡവർമരാജാവ്, അജയ്യനായ ഒരു വീരപരാക്രമിയായി പ്രശസ്തിയാർജിച്ചു. മാർത്താണ്ഡവർമയ്ക്കുവേണ്ടി, ഡിലനോയി തന്നെ പല യുദ്ധങ്ങൾ നയിച്ച് തിരുവിതാംകൂറിന്റെ വിഖ്യാതിയും വിസ്തൃതിയും വർധിപ്പിച്ചു.

തിരുവിതാംകൂർ സംസ്ഥാനത്തിന്റെ സുസ്ഥിതിക്കും സുരക്ഷിതത്വത്തിനുംവേണ്ടി, ഉദയഗിരിയിൽ അതിശക്തവും സുദീർഘവുമായ ഒരു കോട്ട കെട്ടാൻ നമ്മുടെ ‘വലിയ കപ്പിത്താൻ’ രാജാവിനോട് നിർദേശിച്ചു. പീരങ്കികളും പടക്കോപ്പുകളും ഉദയഗിരികോട്ടയിൽ നിർമിക്കുകയും സൂക്ഷിക്കുകയും ചെയ്തിരുന്നു. ഇവയ്‌ക്കെല്ലാം നേതൃത്വം നൽകിയിരുന്ന ഡിലനോയിയെ സഹായിക്കാനായി, സ്വന്തം ബന്ധുവായ നീലകണ്ഠപിള്ള എന്ന യുവാവിനെ രാജാവ് നിയമിച്ചു. കോട്ടനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ജോലിക്കാർക്കും ഉദ്യോഗസ്ഥർക്കും ശമ്പളം കൊടുക്കുന്ന ഉദ്യോഗമാണ് നീലകണ്ഠപിള്ളയ്ക്ക് മുഖ്യമായി ലഭിച്ചത്. ഈ നീലകണ്ഠപിള്ളയാണ്, പിൽക്കാല ദേവസഹായം പിള്ള.

ഉദയഗിരിക്കോട്ട നിർമാണകാലത്ത് നീലകണ്ഠപിള്ള എന്ന നമ്മുടെ ഭാവിരക്തസാക്ഷിക്ക്, ഡിലനോയിയുമായി ഗാഢസമ്പർക്കം പുലർത്താൻ അവസരം ലഭിച്ചു. ഇരുവരും പരസ്പരം സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തു. പ്രകൃത്യാ പ്രസന്നവദനനായിരുന്ന നീലകണ്ഠപിള്ള ഒരു ദിവസം തീരെ നിരുന്മേഷനും മ്ലാനവദനനുമായി കാണപ്പെട്ടു; അതുകണ്ട് ഡിലനോയി ചോദിച്ചു:
”നീലകണ്ഠപിള്ളേ, സുഹൃത്തേ, താങ്കൾ ഇത്ര ദുഃഖിതനാകാൻ കാരണമെന്താണ്?” അതിന് ഉത്തരമായി, നീലകണ്ഠപിള്ള, ഡിലനോയിയുമായി ഹൃദയപൂർവം സംസാരിച്ചു:
”എന്റെ ദൈവങ്ങൾ എനിക്കെതിരായി കോപിച്ചിരിക്കുകയാണെന്ന് തോന്നുന്നു. വീട്ടിലാണെങ്കിൽ സർവദാ അസ്വസ്ഥതകൾ; രണ്ടു നല്ല കറവപ്പശുക്കൾ ഉണ്ടായിരുന്നത് ഈയിടെയാണ് ചത്തത്.”

അതിനു മറുപടിയായി ഡിലനോയി പറയുകയാണ്: ‘നീലകണ്ഠാ, നിരാശനാകേണ്ട. ദൈവം ഒന്നുമാത്രം. ആ ഏകദൈവം അനന്തസ്‌നേഹമൂർത്തിയാണ്. നമ്മോടുള്ള സ്‌നേഹത്തെപ്രതി, ദൈവം സ്വന്തം ഏകപുത്രനെ ലോകത്തിലേക്ക് അയച്ചു; ആ ഏകപുത്രൻ പീഡകൾ സഹിച്ച്, കുരിശിൽ തൂങ്ങിമരിച്ച്, മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റ്, മനുഷ്യരായ നമുക്കെല്ലാവർക്കുംവേണ്ടി, പരമാനന്ദപ്രദമായ നിത്യസൗഭാഗ്യം തുറന്നു തന്നിരിക്കുന്നു. നമ്മളെല്ലാവരും ദൈവത്തിന്റെ പ്രിയ പുത്രീപുത്രന്മാരാണ്. തുടർന്ന് മലയാളത്തിലുള്ള ഒരു ബൈബിൾ കോപ്പി, ഡിലനോയി നീലകണ്ഠപിള്ളയ്ക്ക് കൊടുത്തു. അയാളുമായി നിരന്തരസമ്പർക്കം പുലർത്തുകയും ചെയ്തു.

നീലകണ്ഠപിള്ള ഒരു ദിവസം ഡിലനോയിയെ സമീപിച്ചു പറയുകയാണ്: ‘കർത്താവായ ഈശോയെ അറിഞ്ഞതോടുകൂടി, എന്റെ മനസിന്റെ വിഷമങ്ങളെല്ലാം മാറി, ഉന്മേഷവും സന്തോഷവും ഞാൻ കൈവരിച്ചിരിക്കുന്നു. എനിക്കും ഒരു ക്രിസ്ത്യാനിയാകണം.’

അപ്പോൾ ഡിലനോയിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു: ‘നീലകണ്ഠപിള്ളേ, താങ്കൾ മാർത്താണ്ഡവർമ രാജാവിന്റെ കുടുംബബന്ധുവും രാജസൈന്യത്തിലെ ഒരു മുഖ്യ ഉദ്യോഗസ്ഥനുമാകയാൽ, താങ്കളുടെ ക്രിസ്തുമതസ്വീകരണം, രാജാവിനെ ക്രുദ്ധനാക്കിയേക്കും.’

‘എനിക്ക് അതിൽ തെല്ലും കൂസലില്ല. കർത്താവീശോയെപ്രതി മരിക്കാനും ഈ നീലകണ്ഠൻ ഇപ്പോൾത്തന്നെ തയാറാണ്.’
ആ സമയം, ഡിലനോയി നിർദേശിക്കുകയാണ്:
‘നീലകണ്ഠാ, ക്രിസ്ത്യാനിയാകാനുളള താങ്കളുടെ ദൃഢനിശ്ചയം, എന്നെ എത്രയധികം സന്തോഷിപ്പിക്കുന്നു! അങ്ങകലെ വടക്കുംകുളത്ത് താമസിക്കുന്ന ഫാ.ബുത്താരി എന്ന ഇറ്റാലിയൻ വൈദികന്റെ പക്കലേക്ക് ഞാൻ താങ്കളെ അയക്കാം. ഈശോസഭാ വൈദികനായ ബുത്താരി, താങ്കളെ മതവിഷയങ്ങൾ കൂടുതൽ പഠിപ്പിച്ച്, യഥാകാലം മാമോദീസ (സ്‌നാനം) നല്കും.’

ഡിലനോയിയുട ഈ നിർദേശം ആ മുമുക്ഷുവിനെ സന്തോഷഭരിതനാക്കി. ഫാ.ബുത്താരിയുടെ പക്കൽ, പല ദിവസങ്ങൾ ചിലവഴിച്ചശേഷം, സുശിക്ഷിതനായിത്തീർന്ന നീലകണ്ഠപിള്ള ദേവസഹായം പിള്ള എന്ന പേരിൽ മാമോദീസാ സ്വീകരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ, ഭഗവതിയമ്മയും അചിരേണ മാമ്മോദീസാ മുങ്ങി. ഭഗവതിയമ്മ ‘തെരേസ’ എന്ന ക്രിസ്തീയനാമവും സ്വീകരിച്ചു. തെരേസയുടെ തമിഴ് പരിഭാഷയായ ‘ജ്ഞാനപ്പൂ’ എന്ന പേരിലാണ്, ആ മഹതി ദക്ഷിണ തിരുവിതാംകൂറിൽ അറിയപ്പെടുന്നത്.

പ്രതീക്ഷിച്ചിരുന്നതുപോലെ, നീലകണ്ഠ-ദേവസഹായം പിള്ളയുടെ ക്രിസ്തുമതസ്വീകരണം, മാർത്താണ്ഡവർമ രാജാവിനെ രോഷാകുലനാക്കി; ദേവസഹായത്തെ വീണ്ടും നീലകണ്ഠപിള്ളയാക്കാൻ, കുതന്ത്രങ്ങളും ഭീഷണികളും രാജാവ് പലവിധം പ്രയോഗിച്ചു- എല്ലാം നിഷ്ഫലം. ഒടുവിൽ അങ്ങകലെ, നാഗർകോവിലടുത്ത്, കാറ്റാടിമലയിലെ പാറക്കൂട്ടത്തിൽ കൊണ്ടുപോയി അതിക്രൂരമായി മർദിച്ചശേഷം, ദേവസഹായത്തെ വെടിവെച്ചുകൊല്ലാൻ രാജൻ കല്പനയിറക്കി. പീഡനങ്ങളെല്ലാം, ആ ധീരക്രിസ്ത്വനുയായി, കർത്താവീശോയെ പ്രതി സഹിച്ചു; മരിക്കുന്നതിനുമുമ്പ്, പാറപ്പുറത്ത് മുട്ടുകുത്തിനിന്ന് പ്രാർത്ഥിച്ച ആ രക്തസാക്ഷിയുടെ കാല്പാടുകൾ പാറയിൽ ഇപ്പോഴും പതിഞ്ഞിരിക്കുന്നു.

ദേവസഹായത്തിന്റെ നിണമണിഞ്ഞ കാല്പാടുകൾ പതിഞ്ഞ കാറ്റാടിമല, ഇപ്പോൾ തീർത്ഥാടനകേന്ദ്രമാണ്. ദേവസഹായം പിള്ള, വെടിയേറ്റു മരിച്ചുവീണ നിമിഷം, തൊട്ടടുത്തുള്ള പാറയുടെ ഒരു പാളി, മണിയുടെ ശബ്ദത്തോടെ അടർന്നു നിലത്തുവീണു; അങ്ങനെ ആ രക്തസാക്ഷി ദിവംഗതനായ വിവരം തൽക്ഷണം തദ്ദേശവാസികൾ അറിഞ്ഞു. ‘മണിയടിച്ചാം പാറ’ എന്ന പേരിൽ കാറ്റാടിമലയിൽ സൂക്ഷിക്കപ്പെടുന്ന ശിലാപാളിയിൽ പ്രതിദിനം തീർത്ഥാടകർ വന്ന് കൊട്ടിനോക്കി വിസ്മയഭരിതരാകാറുണ്ട്.

1752 ൽ നാല്പതാം വയസിലാണ് ദേവസഹായം ദിവംഗതനായത്. ദേവസഹായത്തിന്റെ മാമ്മോദീസാ സ്വീകരണവും രക്തസാക്ഷിത്വവും ഡിലനോയിയുടെ മനസിൽ ദുഃഖത്തിന്റെയും ചാരിതാർഥ്യത്തിന്റെയും മിശ്രിതവികാരങ്ങൾ ഉണർത്തി. 1752 ൽ രക്തസാക്ഷിമകുടമണിഞ്ഞ ദേവസഹായം 260 സംവത്സരങ്ങൾക്കുശേഷം ‘വാഴ്ത്തപ്പെട്ടവൻ’ എന്ന് പ്രഖ്യാപിതനായി.

ഡിലനോയിയുടെ മരണം: ദേവസഹായത്തെ ക്രിസ്തുമതത്തിലേക്കും രക്തസാക്ഷിത്വത്തിലേക്കും കൈപിടിച്ചു നടത്തിയ ഡിലനോയി എന്ന വിദേശ പട്ടാള മിഷനറി, 1777 ൽ ഉദയഗിരികോട്ടയിൽ നിര്യാതനായി. അവിടെ അദ്ദേഹത്തെ സംസ്‌കരിച്ച സെന്റ് മൈക്കൾ കത്തോലിക്കാ ദേവാലയത്തിന്റെ മുമ്പിൽ, മാർത്താണ്ഡവർമ എഴുതിച്ചുവച്ച ശിലാലിഖിതത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:
‘യാത്രക്കാരാ, നിൽക്കൂ. തിരുവിതാംകൂർ മഹാരാജാവിനെ മുപ്പത്താറു വർഷം വിശ്വസ്തതയോടെ സേവിച്ച എവ്‌സ്ത്താക്കിയുസ് ബനഡിക്റ്റ് ഡിലനോയി ഇവിടെ വിശ്രമം കൊള്ളുന്നു.’

റവ.ഡോ.ഡോ.ജെ. കട്ടയ്ക്കൽ യു.എസ്.എ