നൈജീരിയക്കുവേണ്ടി പ്രാർത്ഥന ഉയരട്ടെ

0
514

ഇസ്ലാമിക തീവ്രവാദത്തിന്റെ ആഫ്രിക്കൻ പതിപ്പാണ് നൈജീരിയ. വേട്ടക്കാർ വ്യത്യസ്തരാണെങ്കിലും ഇര ക്രിസ്ത്യാനിതന്നെ. പ്രകൃതി സമ്പത്തും മനുഷ്യശക്തിയും ഏറെയുണ്ടെങ്കിലും രാഷ്ട്രീയാഴിമതികളും കൂടെക്കൂടെയുണ്ടാകുന്ന പട്ടാള അട്ടിമറികളും രാജ്യത്ത് അരക്ഷിതാവസ്ഥയും ദാരിദ്ര്യവും നിലനിർത്തുകയാണ്. 250-ലധികം ഗോത്രങ്ങൾ അധിവസിക്കുന്ന നൈജീരിയയിൽ വംശീയ ഏറ്റുമുട്ടലുകളും അക്രമവും പിടിച്ചു പറിയുമൊക്കെ സാധാരണ സംഭവം. ഈ ദുരിതങ്ങളുടെ ഇടയിലും സമാധാനപ്രിയരായി കഴിഞ്ഞുകൂടാൻ ആഗ്രഹിക്കുന്ന ക്രൈസ്തവരുടെ മേലാണ് ക്രൂരമായ വർഗോന്മൂലനം തീവ്രവാദികൾ അടിച്ചേൽപ്പിക്കുന്നത്. ഒന്നുകിൽ മതം മാറുക. അല്ലെങ്കിൽ മരിക്കുക എന്ന തിരഞ്ഞെടുപ്പ് അവകാശമാണ് തീവ്രവാദികൾ നൈജീരിയക്കാരന് നൽകിയിരിക്കുന്നത്.

നേരത്തേ മുതലേ നൈജീരിയ തീവ്രവാദികളുടെ ഗോദയാണ്. ഇപ്പോൾ അക്രമത്തിന് നേതൃത്വം നൽകുന്നത് ഫുലാനി ഹെഡ്‌സ്മാൻ അക്രമികളാണ്. മുമ്പ് ബൊക്കോഹറാം ആയിരുന്നു. എന്താണെങ്കിലും കൊല്ലപ്പെടുന്നത് നിസഹായരായ ക്രൈസ്തവരാണ്.
പാശ്ചാത്യ വിരുദ്ധതയാണ് തീവ്രവാദികൾ പഠിപ്പിക്കുന്നതെങ്കിലും യഥാർത്ഥത്തിൽ വേട്ടയാടപ്പെടുന്നത് ക്രിസ്ത്യാനിതന്നെ. ഇസ്ലാമിക നിയമങ്ങൾ കലർപ്പില്ലാതെ നടപ്പാക്കുന്ന മതരാഷ്ട്രങ്ങളുടെ സംസ്ഥാപനത്തിനുംവേണ്ടി വിശുദ്ധ യുദ്ധം ചെയ്യുന്നു എന്നാണ് എല്ലാ തീവ്രവാദികളും പറയുന്നതും പ്രചരിപ്പിക്കുന്നതും.

ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ ശക്തമായി എതിർക്കുന്ന എല്ലാ തീവ്രവാദി സംഘടനകളും കോളജും യൂണിവേഴ്‌സിറ്റിയുമെല്ലാം പാപകരമായ വിദ്യാഭ്യാസ ശൈലിയുടെ ഭാഗമാണെന്നും നിരോധിക്കപ്പെടേണ്ടതാണെന്നും വാദിക്കുന്നു. എല്ലാ ജനാധിപത്യ പുരോഗമന വ്യവസ്ഥിതികളെയും പൂർണ്ണമായും നിരോധിക്കുന്ന ലോകമാണ് എല്ലാ ഭീകരവാദികളും ലക്ഷ്യമിടുന്നത്. എന്നാൽ ഏതെങ്കിലും ഭരണകൂടങ്ങളുടെ രാഷ്ട്രീയ-സാംസ്‌കാരിക നയങ്ങളോട് എതിർപ്പുണ്ടെങ്കിലോ ഏതെങ്കിലും വ്യക്തിപരമായ സംശയത്തിന്റെ പേരിലോ നിസഹായരും നിരാലംബരുമായ ജനതയെ എന്തിന് കൊന്നൊടുക്കി കൂട്ടനാശം വരുത്തണമെന്നാണ് നൈജീരിയൻ ക്രൈസ്തവരുടെ ഉത്തരം കിട്ടാത്ത ചോദ്യം.

ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തെയും പുരോഗമനാശയങ്ങളെയും എതിർക്കുന്ന ഭീകരരുടെ കടുത്ത യാഥാസ്ഥിതിക നിലപാടുകളെ ചോദ്യം ചെയ്ത ഇസ്ലാമിക പുരോഹിതന്മാരെ വധിക്കുകയും അവരുടെ മതസ്ഥാപനങ്ങൾ തകർത്തുകളയുകയുമാണ് ബൊക്കോഹാരാം പോലുള്ള ഭീകരവാദികൾ നേരത്തേ ചെയ്തത്. ഇങ്ങനെ നോക്കുമ്പോഴാണ് നൈജീരിയയിലെ ഭീകരവാദികളുടെ പിന്തിരിപ്പൻ നയങ്ങൾ എത്ര ക്രൂരമെന്ന് നമുക്ക് മനസിലാവുക. ഭീകര നിലപാടുകളെ അംഗീകരിക്കാതിരുന്ന മുസ്ലീം പണ്ഡിതരായിരുന്ന ഷെയ്ക്ക് ജാഫർ, മുഹമ്മദ് ആദം എന്നിവരെ ബോക്കോകൾ കൊലപ്പെടുത്തി എന്നതും ഇതിനോട് ചേർത്ത് വായിക്കണം.

ഹ്യൂമെൻറൈറ്റ്‌സ് എന്ന സംഘടന നടത്തിയ പഠനമനുസരിച്ച് ലോകത്ത് ഏറ്റവുമധികം ഭീകരാക്രമണങ്ങൾ നടന്ന രാജ്യം നൈജീരിയയാണ്. ഒരു ലക്ഷം പേർ ആക്രമണങ്ങളിൽ അഭയാർത്ഥികളായിട്ടുണ്ട്. ആക്രമണങ്ങളിൽ കൂടുതലും നടക്കുന്നത് വടക്കു-കിഴക്കൻ സംസ്ഥാനങ്ങളായ ബോർണോ, യോബ്, അഡ്മാവാ എന്നിവിടങ്ങളിലാണ്. നൈജീരിയയുടെ തെക്കൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവഭൂരിപക്ഷവും വടക്കൻ സംസ്ഥാനങ്ങളിൽ മുസ്ലീം മേധാവിത്വവുമാണ് നിലനിൽക്കുന്നത്. തീവ്രവാദികൾ ആക്രമണം ശക്തമാക്കിയ 2009 മുതൽ ഇതുവരെ 20,000 പേരിലധികം കൊല്ലപ്പെടുകയും ഇതിന്റെ ഇരട്ടിയിലധികം ആളുകൾക്ക് അംഗഭംഗം വരികയോ ഗുരുതരമായ പരുക്കേൽക്കുകയോ ചെയ്തിട്ടുണ്ട്.

ഒരു ദശലക്ഷത്തിലധികം ജനങ്ങൾ ജീവഭയത്താൽ നാടും വീടും ഉപേക്ഷിച്ച് അയൽരാജ്യങ്ങളിലോ ദൂരസംസ്ഥാനങ്ങളിലോ അഭയം തേടിയിട്ടുണ്ട്. മനുഷ്യത്വരഹിതവും നീതിബോധമില്ലാത്തതും വിവേകശൂന്യവുമായ ഈ കൂട്ടക്കശാപ്പിന്റെ പിന്നിലെ ലക്ഷ്യം ഭൂമുഖത്തുനിന്ന് ക്രൈസ്തവരെ ഇല്ലായ്മ ചെയ്യുകയെന്നത് മാത്രമാണ്. നിലവിലുള്ള ജനാധിപത്യ, സെക്കുലർ നിയമവ്യവസ്ഥിതികൾ പാശ്ചാത്യ നിർമിതവും പാരമ്പര്യങ്ങൾക്ക് വിരുദ്ധവുമായതിനാൽ ഇസ്ലാമിന്റെ സംസ്‌കാരത്തിന് എതിരാണെന്ന് തീവ്രവാദികൾ പ്രചരിപ്പിക്കുന്നു. നൈജീരിയയെ പൂർണമായി ഇസ്ലാമീകരിക്കുന്നതിന്റെ ഭാഗമായി മുസ്ലീം മേധാവിത്വമുള്ള വടക്കൻ സംസ്ഥാനങ്ങളിൽനിന്ന് ക്രൈസ്തവർ ഒഴിഞ്ഞുപോകണമെന്നാണ് ഭീകരർ നൽകിയ അന്ത്യശാസനം.